ന്യൂജേഴ്സി: അവതരണത്തിന്റെ ലാളിത്യംകൊണ്ടുംപങ്കാളിത്തത്തിന്റെ ഔന്നിത്യംകൊണ്ടും മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്) സംഘടിപ്പിച്ച ക്രിസ്തുമസ് - പുതുവത്സരാഘോഷ പരിപാടികൾ വിസ്മയകരമായി. ജനുവരി ആറിന് ന്യൂജേഴ്സിയിലെ ലിവിങ്സ്റ്റണിലുള്ള നൈറ്റ്സ് ഓഫ് കൊളംബസ് ഹാളിൽ നടന്ന ക്രിസ്തുമസ് - പുതുവത്സരാഘോഷരാത്രി പുതുമയുള്ള കലാപരിപാടികളാൽ സമ്പന്നമായിരുന്നു. രാത്രി ഏഴിന് സോഷ്യലൈസേഷനോടെ ആരംഭിച്ചപരിപാടിയിൽ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറിയത്.

തികച്ചും ലളിതമായിരുന്ന ആഘോഷപരിപാടികളിൽ മഞ്ച് കുടുംബാംഗങ്ങൾ അവതരിപ്പിച്ച നൃത്ത - നൃത്ത്യ പരിപാടികളും ക്രിസ്മസ് കരോൾ പാട്ടുകളും ആഘോഷത്തിന് മാറ്റുകൂട്ടി. കൂടാതെ മഞ്ച് നേതാക്കളായ ജയിംസ് ജോയി, റാജു ജോയി,ജോസ് ജോയി സഹോദരങ്ങൾ അവതരിപ്പിച്ച പഴയകാല മലയാള ഗാനങ്ങൾ ഗൃഹാതുരത്വമുണർത്തുന്ന അവിസ്മരണീയ നിമിഷങ്ങളായി മാറി. യേശുദാസ് ഹിിന്ദിയിൽ അരങ്ങേറ്റം കുറിച്ച ത്രിച്ചോർ എന്ന സിനിമയിലെ ഗൊരു തേരാ പ്യാർ ബഡാ... എന്ന ഗാനാലാപനത്തിൽനിന്ന് കിഷോർ കുമാറിന്റെയും മുഹമ്മദ്റാഫിയുടെയും ഗാനങ്ങളും ഗസലുകളും ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷ രാത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അനുജന്മാരായ രാജുവും ജോയിയും കേരളത്തനിമയാർന്ന വയലാർ ഗാനങ്ങൾ പ്രത്യേകിച്ച്, കേരളം കേരളം എന്നു തുടങ്ങുന്ന ഗാനത്തിൽനിന്നാരംഭിച്ച് ഇപ്പോഴത്തെ ന്യൂ ജനറേഷൻ സെൻസേഷൻ പാട്ടായ ഞാനും എന്റെ ആളും നാല്പതു പേരും കൂടി പൂമരം കൊണ്ട് കപ്പലുണ്ടാക്കി.... എന്നഗാനം സമ്പൂർണ കുടുംബം ആലപിച്ചപ്പോൾ സദസ് ഇളകിമറിഞ്ഞു.

ഉദ്ഘാടന മാമാങ്കമോ പ്രസംഗങ്ങളോ ഇല്ലാതെ വളരെ വ്യത്യസ്തമായി മഞ്ച്
പ്രസിഡന്റ് സജിമോൻ ആന്റണിയുടെ അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. മഞ്ചിന്റെ നെടുംതൂണായി എപ്പോഴും നിലകൊള്ളുന്ന അഭ്യൂദയ കാംക്ഷികളെ ഇടവേളകളിൽ സജിമോൻ വളരെ ലളിതവും സരസവുമായി പരിചയപ്പെടുത്തി. ഇതിനിടെ മഞ്ച് കുടുംബാംഗങ്ങളുടെ അതുല്യ പ്രതിഭകളായ കുഞ്ഞു കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ - ബോളിവുഡ് നൃത്തങ്ങൾ, ക്രിസ്തുമസ് വയലിൻ കൺസേർട്ട്, ക്രിസ്തുമസ് കരോൾ ഗാനങ്ങൾ എന്നിവ ഏറെ ശ്രദ്ധേയമായി.

ഭംഗിയായി സാരി ഉടുത്തൊരുങ്ങി പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സ്ത്രീകളെ നാം കണ്ടിട്ടുണ്ട്. എന്നാൽ അത് നേരേ തിരിച്ചായാലോ? അംഗവിരിവുകൾ ക്കൊപ്പം തിരമാലകൾപോലെ സാരി അലുക്കുകൾ നാഭിയിൽ തിരുകി മുന്താണികൊണ്ട് തലമറച്ച് റാമ്പിലൂടെ കാറ്റ്‌വാക്ക് നടത്തി സ്ത്രീകളെ വിസ്മയിപ്പിച്ച ഭർത്താക്കന്മാർ അക്ഷരാർഥത്തിൽ തരുണീമണികളായി മാറുകയായിരുന്നു. അവരെ സാരി ഉടുക്കാൻ സഹായിച്ചതാകട്ടെ അവരുടെ ഭാര്യമാരും.പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നിമിഷ ചിന്തയിൽ ഉരുത്തിരിഞ്ഞ ഈ മത്സരത്തിൽ സാരിപ്പട്ടം നേടിയത് മഞ്ചിന്റെ വനിതാ ഫോറം കൺവീനർ മരിയാ തോട്ടുകടവിലിന്റെ ഭർത്താവ് തോമസ് തോട്ടുകടവിൽ.

തീർന്നില്ല... ഭർത്താക്കന്മാരുടെ മികവ്. കാൽ നൂറ്റാണ്ട് മുമ്പ് വരെ വിവാഹം കഴിച്ചവരും ഒരു ദശാബ്ദത്തിനിടെ വിവാഹം കഴിച്ചവരുമായവർ എങ്ങനെയായിരിക്കും അവരുടെ ഭാര്യമാരെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടാകുക? എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മൈക്കിൾ വടക്കത്തലയ്ക്കൽ തന്റെ ഭാര്യ ടീസയെ പ്രൊപ്പോസ് ചെയ്ത് പുനഃരാവിഷ്‌കരിച്ചപ്പോൽ ഏവരും അത്ഭുത
സ്തബ്ധരായി. വൈവാഹികജീവിതത്തിൽ സ്നേഹത്തിന്റെ സ്ഥാനം എന്തെന്ന് അർഥവ ത്താക്കുന്ന വാക്കുകളായിരുന്നു അവിടെ ആവിഷ്‌കരിക്കപ്പെട്ടത്. ഇത്തരമൊരാശയം വളരെ നിമിഷാർധ നേരത്തു കൊണ്ടുവന്നപ്പോൾ പ്രസിഡന്റ് സജിമോൻ ആന്റണി പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, ഇങ്ങനെയൊരു വൈകാരിക നിമിഷം സംഭവിക്കുമെന്ന്. മൈക്കിൾ വടക്കേത്തലയ്ക്കൽ - ട്രീസ ദമ്പതികളുടെപ്രൊപ്പോസ് ആവിഷ്‌കരണം വിവാഹിതരായ എല്ലാ കാഴ്ചക്കാരുടെയും കണ്ണുകളെ ഈറനണിയിക്കുകയും ഗൃഹാതുരത്വ സ്മരണകളിലേക്ക് മടങ്ങാൻ ഇടയാക്കുകയും ചെയ്തു.

ഐറിൻ എലിസബത്ത് തടത്തിൽ, ആൻ മരിയ സംഘം, ആഷ്ലി ഷിജിമോൻ മാത്യു- ഈവ സജിമോൻ, എവിൻ സജിമോൻ, ജോയൽ മനോജ് തുടങ്ങിയവർ ബോളിവുഡ് നൃത്തം ചുവടുകൾ വച്ചപ്പോൾ സദസ് താളലയമേളത്തിൽ ലയിച്ചു. അലക്സ് ഷിജിമോൻ മാത്യു - ജിസ്മി ലിന്റോ, ജോയാന്ന മനോജ് എന്നീ കുരുന്നുകൾ ചേർന്ന് ആലപിച്ച ക്രിസ്മസ് കരോൾ ഗാനങ്ങൾ ക്രിസ്മസ് രാത്രിയുടെ മധുരമായ ഓർമകൾ പ്രവാസികൾക്ക് അനുഭവവേദ്യമായി. ഡോ. സുജ ജോസ്, കൾച്ചറൽ കമ്മിറ്റി കോ-ഓർഡിനേറ്റർ ഷൈനി രാജു എന്നിവർ എം.സി മാരായിരുന്നു. മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി സ്വാഗതവും ട്രഷറർ പിന്റോ ചാക്കോ കണ്ണമ്പള്ളി നന്ദിയും പറഞ്ഞു.

മഞ്ച് ചാരിറ്റി ഡ്രൈവ് അവിസ്മരണീയമായി
ന്യൂജേഴ്സി: ഇക്കഴിഞ്ഞ ജനുവരി ആറിന് മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (മഞ്ച്)യുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് - പുതുവത്സര ആഘോഷരാത്രിയിൽ പങ്കെടുക്കാൻ ഒരുങ്ങിയ വീട്ടമ്മമാർക്ക് 'നഷ്ടമായത്' അവർ ഏറ്റവും ഇഷ്ടപ്പെട്ട സാരികൾ! അണിഞ്ഞൊ രുങ്ങാൻ ഡ്രസിങ് ടേബിൾ തുറന്ന പലരും സാരികൾ ഒന്നൊന്നായി മാറിമറിച്ച് ഉടുക്കാനുള്ള സാരികൾ സെലക്ട് ചെയ്തു. അപ്പോഴാണ് അവർ ഓർക്കുന്നത് ഇന്നത്തെ പരിപാടിയുടെ പ്രധാന ലക്ഷ്യംതന്നെ പാവങ്ങൾക്കുവേണ്ടിയുള്ളവസ്ത്രസമാഹരണമാണല്ലോ എന്ന്. പിന്നെ അമാന്തിച്ചില്ല. അവർക്കിഷ്ടപ്പെട്ട മികച്ച സാരികളിൽ ഒന്നും രണ്ടും എണ്ണ നന്നായി പൊതിഞ്ഞുവച്ചു. തങ്ങൾക്ക് നഷ്ടപ്പെടുന്നത് വലിയ ലാഭമായിത്തന്നെ തിരിച്ചു ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ.

ഉടുത്തൊരുങ്ങിവന്ന സ്ത്രീകളിൽ പലരുടെയും ശ്രദ്ധ മറ്റുള്ളവർ ധരിച്ചിരുന്ന സാരികളി ലായിരുന്നില്ല. അവർ സംഭാവന നൽകിയ സാരികളിലായിരുന്നു. പൊതുപരിപാടിയിൽവച്ച് നൽകുന്നതാണ്. ഒട്ടും മോശമാവാൻ പാടില്ലല്ലോ. അതേതായാലും നന്നായി. പാവപ്പെട്ട യാളുകൾക്ക് സംഭാവന നൽകാൻ ലഭിച്ചത് ഒന്നിനൊന്ന് മികച്ച സാരികളും പാന്റുകളും
ഷർട്ടുകളും കുഞ്ഞുടുപ്പുകളും. ഇത്തരമൊരു ചടങ്ങിൽ വച്ചുതന്നെ 'ഡ്രസ് ഡ്രൈവ്' നടത്തുകയെന്ന ചാരിറ്റി കൺവീനർ മനോജ് വാട്ടപ്പള്ളിയുടെ തീരുമാനംഒട്ടും പിഴച്ചില്ല. കൂടാതെ പരിപാടിയുടെ അന്ന് പത്രവാർത്തകളിലൂടെയും സോഷ്യൽ മീഡിയ വഴിയും നല്ല വസ്ത്രങ്ങൾ മാത്രമേ നൽകാവൂ എന്ന് പ്രത്യേകംഓർമിപ്പിച്ചിരുന്നു.

യാദൃശ്ചികമായിട്ടാണെങ്കിലും സാരി ഉടുത്തുള്ള ആണുങ്ങളുടെ മത്സരം നടത്താൻ ഓരോ മത്സരാർഥിക്കും നൽകിയത് ഇത്തരത്തിൽ ലഭിച്ച മനോഹര സാരികളിൽനിന്നു തെരഞ്ഞെടുത്തവയായിരുന്നു. ഓരോരുത്തർ സാരിയുടുത്ത് റാമ്പിൽ കയറി വന്നപ്പോൾ സദസിൽനിന്ന് അടക്കംപറിച്ചിൽ കേൾക്കാമായിരുന്നു 'നോക്കെടീ, അതെന്റെ സാരിയാ'. ഇത്ര അഭിമാനപൂർവം തന്റേതെന്ന് പറയണമെങ്കിൽ സാരിയുടെ മേന്മ അത്ര നല്ലതെന്നുവേണ്ടേ കരുതാൻ.ഏതായാലും മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ആശയം കലക്കി. ചാരിറ്റി ഡ്രൈവ് പരിപാടിയുടെ മാറ്റുകൂടുകയും ചെയ്തു. പാവപ്പെട്ട രോഗികൾക്ക് മികച്ചവസ്ത്രവും ലഭിച്ചു. ഉചിതമായ വേദിയിൽവച്ച് ലഭിച്ച വസ്ത്രങ്ങൾ അർഹതപ്പെട്ടവർക്ക് കൈമാറുമെന്ന് മനോജ് വാട്ടപ്പള്ളി അറിയിച്ചു. മറ്റ് സംഘടനകൾക്ക് വിരുദ്ധമായി മഞ്ചിന്റെ പ്രവർത്തനങ്ങൾ ഇതുകൊണ്ടുതന്നെ എപ്പോഴും വ്യത്യസ്തമാണ്. അധികം ചെലവില്ലാത്ത പരിപാടികൾ സംഘടിപ്പിക്കുക, അങ്ങനെ മിച്ചം വരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംഘടനാംഗങ്ങൾക്കും കൂടുതൽ പ്രയോജനകരമാകും വിധം ഉപയോഗപ്പെടുത്തുക. ഇതാണ്മഞ്ചിന്റെ പ്രധാന ലക്ഷ്യം മഞ്ചിന്റെ പ്രസിഡന്റ് സജിമോൻ ആന്റണിവ്യക്തമാക്കി.

ഏതാനും വർഷം മുൻപുമാത്രം ആരംഭിച്ച മഞ്ച് ഇന്ന് ന്യൂ ജേഴ്സിയിലെ
സാമൂഹ്യ - സാംസ്‌കാരിക - സന്നദ്ധ പ്രവർത്തന മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. ഏതൊരു സംഘടനയെയും കെട്ടിപ്പടുത്തുയർത്തുക ഏറെചെലവേറിയ കാര്യമാണ്. എന്നാൽ അത്ര ഭീമമായ ചെലവ് വന്നില്ലെങ്കിലും മഞ്ചിന്റെ പ്രവർത്തനത്തിന് നല്ല ചെലവും കടവും വന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർവ കടങ്ങളിൽനിന്നും മുക്തി നേടാൻ കഴിഞ്ഞുവെന്നത് അഭിമാനമുഹൂർത്തമായി കാണുന്നുവെന്നും സജിമോൻ ആന്റണി പറഞ്ഞു. കൂടാതെ ഫൊക്കാന സംസ്ഥാന ട്രഷറർ ഉൾപ്പെടെ രണ്ടുപേരെനാഷണൽകമ്മിറ്റി പ്രതിനിധികളായി അയയ്ക്കാൻ കഴിഞ്ഞുവന്നതും ചാരിതാർഥ്യം നൽകുന്നു. - സജിമോൻ പറഞ്ഞു.