- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയുടെ പ്രണയം കൈയോടെ പിടികൂടി മൊബൈൽ ഫോൺ നശിപ്പിച്ചു; പ്രതികാരം തീർക്കാൻ പൊലീസിന്റെ സഹായത്തോടെ സഹോദരനേയും കൂട്ടുകാരേയും പീഡനക്കേസിൽ പ്രതിചേർത്തു; മുണ്ടക്കയത്തെ ക്രൂരത തിരിച്ചറിഞ്ഞ് പ്രതിയെ വെറുതെ വിട്ട് കോടതി
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാർ കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെ വിട്ടുമ്പോൾ പുറത്തു വരുന്നത് കേസിലെ ചതി. സഹോദരിയുടെ സമാനതകളില്ലാത്ത ക്രൂരതയാണ് ഈ കേസിന് കാരണമാകുന്നത്.
പ്രതിയും മറ്റു രണ്ടുകൂട്ടുകാരും പെൺകുട്ടിയുടെ സഹോദരനും ചേർന്ന് 2007 നവംബർമുതൽ 2014 ഏപ്രിൽവരെ, പെൺകുട്ടി കുടുംബമായി താമസിച്ചിരുന്ന വീടിന്റെ താത്കാലിക ഷെഡ്ഡിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ ഇതിനെല്ലാം പിന്നിൽ മറ്റ് താൽപ്പര്യമുണ്ടായിരുന്നു. സഹോദരിയുടെ പ്രണയം കൈയോടെ പിടികൂടി മൊബൈൽ ഫോൺ നശിപ്പിച്ചതിന്റെ പ്രതികാരം തീർക്കാൻ പൊലീസിന്റെ സഹായത്തോടെ സഹോദരനേയും കൂട്ടുകാരേയും പീഡനക്കേസിൽ പ്രതിചേർക്കുകയായിരുന്നു ഇവിടെ. മുണ്ടക്കയത്തെ ക്രൂരത തിരിച്ചറിഞ്ഞ് പ്രതികളെ വെറുതെ വിടുമ്പോൾ പൊലീസും പ്രതിസ്ഥാനത്താണ്.
രാജൻകുട്ടിയെ വെറുതെ വിട്ട കേസിൽ പൊലീസ് ആദ്യം നാലുപ്രതികൾക്കെതിരേയും ഒരുമിച്ച് കുറ്റപത്രം നൽകി. എന്നാൽ, വിചാരണഘട്ടത്തിൽ കോടതി നിർദേശപ്രകാരം പുനരന്വേഷണം നടത്തി ഓരോരുത്തർക്കുമെതിരേ പ്രത്യേകം കുറ്റപത്രം സമർപ്പിച്ചു. അവയിൽ ഒന്നാമത്തെ കേസിലാണ് പ്രതിയെ വെറുതെ വിട്ടിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതിയെ വിട്ടത്.
10 മീറ്റർ ചുറ്റളവിൽ വീടുകളുള്ള സ്ഥലത്തെ ഷെഡ്ഡിൽ പകൽ സമയത്ത് ഇങ്ങനെയൊരു കുറ്റം സംഭവിക്കില്ലെന്ന് കോടതി വിലയിരുത്തി. വ്യക്തമായ സമയമോ ദിവസമോ പറയാൻ പ്രോസിക്യൂഷന് സാധിക്കാഞ്ഞതും വീഴ്ചയായി. പെൺകുട്ടിക്ക് മറ്റൊരു ചെറുപ്പക്കാരനുമായുണ്ടായിരുന്ന സ്നേഹബന്ധം വെളിപ്പെടുത്തുന്ന കത്ത്, കോടതി മുമ്പാകെ പ്രതിഭാഗം ഹാജരാക്കി. ഈ ബന്ധം ഉണ്ടെന്ന് ക്രോസ്വിസ്താരത്തിൽ പെൺകുട്ടി സമ്മതിച്ചു.
ഈ ബന്ധത്തെ എതിർത്ത സഹോദരനും കൂട്ടുകാർക്കുമെതിരേ കള്ള ആരോപണം ഉന്നയിക്കുകയായിരുന്നെന്ന പ്രതിഭാഗം വാദം കോടതി ശരിവെച്ചു. പ്രതികളോട് മുൻവൈരമുള്ള സ്ഥലവാസിയായ പൊലീസുകാരന്റെ കേസിലെ ഇടപെടലുകൾ തെളിഞ്ഞതും ഇയാളുൾപ്പെടെ പ്രധാന സാക്ഷികളെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയതും പ്രതിഭാഗം വാദത്തിന് സാധുത നൽകി. വീട്ടിലറിയാതെ പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, സഹോദരൻ നശിപ്പിച്ചതും വിരോധകാരണമായെന്ന വാദവും കോടതി അംഗീകരിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനാവശ്യ ഇടപെടലുകളും അന്വേഷണത്തിൽ ഉണ്ടായ ഗുരുതരവീഴ്ചകളും പ്രതിഭാഗം ചൂണ്ടിക്കാട്ടിയത് കോടതി അംഗീകരിച്ചു. പ്രതിക്കുവേണ്ടി അഡ്വ. ജിതേഷ് ജെ.ബാബു, അഡ്വ. സുബിൻ കെ.വർഗീസ് എന്നിവർ കോടതിയിൽ ഹാജരായി. മറ്റ് പ്രതികൾക്കെതിരേയുള്ള മൂന്നുകേസുകളുടെ വിചാരണ പിന്നീട് നടക്കും.
മറുനാടന് മലയാളി ബ്യൂറോ