മലപ്പുറം: രാഷ്ട്രീയത്തിന്റെ പേരിൽ ലൈഫ് പദ്ധതിയിൽ വീട് നിഷേധിച്ച മുണ്ടിച്ചിക്ക് രാഹുൽ ഗാന്ധി നാളെ സ്വപ്നവീട് കൈമാറും. സർക്കാരിന്റെ ഏതു മാനദണ്ഡം വെച്ച് അളന്നാലും അമരമ്പലം പഞ്ചായത്തിലെ പുതിയകളം മയ്യന്താനി മുണ്ടിച്ചിക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ അർഹതയുണ്ട്. പട്ടികജാതിക്കാരിയായ അറുപത്തിരണ്ട് വയസായ മുണ്ടിച്ചി വിധവയും രോഗിയുമാണ്. എന്നാൽ അർഹതയുടെ മാനദണ്ഡം നോക്കിയല്ല മുണ്ടിച്ചിയുടെ രാഷ്ട്രീയം നോക്കിയാണ് അമരമ്പലം പഞ്ചായത്ത് വീടിന് ഉടക്കിട്ടത്. കോൺഗ്രസുകാരിയായ മുണ്ടിച്ചിയോട് പാർട്ടി മാറിയാൽ വീടുതരാമെന്ന മോഹനവാഗ്ദാനവും നൽകിയെന്ന് ഇവർ തന്നെ പറയുന്നു. എന്നാൽ പാർട്ടിമാറിയുള്ള വീടുവേണ്ടെന്ന നിലപാടാണ് മുണ്ടിച്ചിയെടുത്തത്.

പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതോടെ ഭാഗികമായി തകർന്ന് ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന ഓടുകളും മേൽക്കൂരയും ഭിത്തിയും തകർന്ന കൂരയിൽ തനിച്ചായി താമസം. ചെറിയ കാറ്റടിച്ചാൽ വീടുവീഴുമെന്ന് പേടിച്ച് മരത്തണലിലായിരുന്നു മുണ്ടിച്ചി അഭയം തേടിയിരുന്നത്.പച്ചമരുന്നുകൾ ശേഖരിച്ച് വില്പനനടത്തിയായിരുന്നു ഉപജീവനം. രാഷ്ട്രീയത്തിന്റെ പേരിൽ അർഹതപ്പെട്ട വീട് നിഷേധിച്ച ദുരിതം അമരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അറിയിച്ചത്.

ഷൗക്കത്തിന്റെ ഇടപെടലിൽ നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ജീവനക്കാർ മുണ്ടിച്ചിക്ക് വീടൊരുക്കാൻ തയ്യാറായി. അമരമ്പലം മണ്ഡലം പ്രസിഡന്റ് കേമ്പിൽ രവിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും കൈമെയ് മറന്ന് പ്രവർത്തിച്ചതോടെ മൂന്നു മാസം കൊണ്ടാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. അഞ്ച് ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച വീടിന്റെ താക്കോൽ നാളെ (3722) രാവിലെ 11ന് അഞ്ചാം മൈലിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ രാഹുൽഗാന്ധി എംപി കൈമാറും. ഇന്ദിരാഗാന്ധിയുടെ ആരാധികയായി കോൺഗ്രസുകാരിയായ മുണ്ടിച്ചിക്ക് രാഹുൽഗാന്ധിയുടെ കൈയിൽ നിന്നും വീടിന്റെ താക്കോൽ ഏറ്റുവാങ്ങാനുള്ള സൗഭാഗ്യം കൈവന്ന സന്തോഷത്തിലാണ്.