മസ്‌ക്കറ്റ്: വാദികളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന കർശന നിർദേശവുമായി മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ. മുനിസിപ്പാലിറ്റിക്കുള്ളിൽ തന്നെ പെയ്ഡ് പാർക്കിങ് സൗകര്യം ഏറെ നിലവിലുണ്ടായിട്ടും വാഹന ഉടമകൾ അനധികൃതമായി പലയിടങ്ങളിലും വാഹനം പാർക്ക് ചെയ്യുന്നതായി കണ്ടുവരുന്നുവെന്നും മുനിസിപ്പാലിറ്റി അധികൃതർ ചൂണ്ടിക്കാട്ടി.

സിറ്റിക്കുള്ളിൽ കാർ പാർക്കിംഗിനായി നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യാൻ ഉടമകൾ ശ്രദ്ധിക്കണമെന്ന് ഡയറക്ടർ ഓഫ് കാർ പാർക്കിങ് മീറ്റേഴ്‌സ് ഖാലിദ് അൽ ഹസ്‌നി ഓർമപ്പെടുത്തി. മസ്‌ക്കറ്റിലെ പാർക്കിങ് ഫീ താരതമ്യേന കുറവാണെന്നും അതുകൊണ്ടു തന്നെ പാർക്കിംഗിന്റെ പേരിൽ ആരുടേയും പോക്കറ്റ് ചോരില്ലെന്നും അൽ ഹസ്‌നി ചൂണ്ടിക്കാട്ടി. 30 മിനിട്ട് നേരത്തേക്ക് 50 ബൈസയും ഒരു മാസത്തേക്ക് അഞ്ചു റിയാലുമാണ് സോണൽ പാർക്കിങ് നിരക്ക്. കൂടാതെ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകുന്നേരം നാലു വരെ സൗജന്യ പാർക്കിംഗും ലഭ്യമാണ്.

ഈ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും വാഹന ഉടമകൾ പാർക്കിംഗിനായി നിർദേശിച്ചിട്ടില്ലാത്ത വാദികളിൽ വാഹനം പാർക്ക് ചെയ്യുന്നത് നടപടികൾക്കു വിധേയമാക്കുമെന്നും ചൂണ്ടിക്കാട്ടി. വാദികളിൽ വാഹനം പാർക്ക് ചെയ്തതിനു ശേഷം പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെ ടയറുകളിൽ ധാരാളം ചെളികൾ അടിയാറുണ്ടെന്നും ഇത് നിരത്തുകൾ വൃത്തിഹീനമാകാൻ ഇടയാക്കാറുണ്ടെന്നും അൽ ഹസ്‌നി എടുത്തുപറഞ്ഞു.