തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗം പാർട്ടി അറിഞ്ഞില്ലെന്നും അതിനാൽ ആരും പങ്കെടുക്കില്ലെന്നുമുള്ള സിപിഐ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ.

സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണ്. യോഗത്തിൽ പങ്കെടുക്കണമോയെന്ന് താൻ തീരുമാനിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

മൂന്നാറിലെ ഭൂപ്രശ്നം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചതായി സിപിഐയെ അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. വിളിക്കാത്ത യോഗത്തിൽ റവന്യൂമന്ത്രി പങ്കെടുക്കേണ്ടത് എന്തിന്? മുഖ്യമന്ത്രിയുടെ ഓഫീസ് ഏതെങ്കിലും യോഗം വിളിച്ചതായി അറിയില്ല. ഔദ്യോഗികമായി പാർട്ടി ഓഫീസിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.

ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ മാറ്റണമോ വേണ്ടയോ എന്നത് മാധ്യമങ്ങളുടെയും ഏതെങ്കിലും കക്ഷികളുടെയോ കാര്യമല്ല. സർക്കാരിന്റെ നയങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് സർക്കാർ നയമാണ്. അതാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. അത് ആരുടേയും ഔദാര്യമല്ല. സി.പി.എം മാത്രമല്ല സർക്കാർ. ഏതു യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാൻ കഴിയൂ. അല്ലാത്തപക്ഷം അതൊക്കെ ചോദ്യം ചെയ്യാൻ ഇവിടെ കോടതികൾ ഉണ്ടെന്ന് ബോധ്യം വേണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.

അതേസമയം ജില്ലാ തല യോഗമായതിനാൽ സംസ്ഥാന നേതൃത്വത്തെ അറിയിക്കണമെന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. നയപരമായ കാര്യങ്ങളിൽ സിപിഐയുമായി അഭിപ്രായവ്യത്യാസമില്ല. സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

റവന്യൂമന്ത്രിയെ മാറ്റണമെന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു. ഒരുമന്ത്രിയേയും മാറ്റണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. റവന്യൂ മന്ത്രിയെ മാറ്റണമെന്ന് എസ് രാജേന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.