തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത റവന്യൂവകുപ്പിന്റെ നടപടിയെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യ വിമർശനവുമായി രംഗത്തെത്തിയതോടെ മൂന്നാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. ഇതിന്റെ ഭാഗമായി ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്താനിരുന്ന ഉഭയകക്ഷി ചർച്ചയിൽനിന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പിന്മാറി.

പാപ്പാത്തിച്ചോലയിലെ സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് റവന്യൂ സംഘം പൊളിച്ചുമാറ്റിയതിനെ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചത് റവന്യൂവകുപ്പിന്റെ അധികാരത്തിലേയ്ക്കുള്ള കടന്നുകയറ്റവും മന്ത്രിയെ അവഹേളിക്കുന്ന നടപടിയായുമാണ് സിപിഐ കാണുന്നത്. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചർച്ചയിൽനിന്ന് പിന്മാറാൻ പാർട്ടി തീരുമാനിച്ചതെന്ന് സിപിഐ നേതാവ് മറുനാടനോട് പറഞ്ഞു. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരിൽ സിപിഐയെ കടന്നാക്രമിക്കുന്നത് ഇന്ന് നടക്കുന്ന മുന്നണിയോഗത്തിൽ ഉന്നയിക്കും.

ഇതിനിടെ മൂന്നാറിലേത് സ്വഭാവിക നടപടിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതികരിച്ചു. ഇതേക്കുറിച്ച് കൂടുതൽ ചർച്ചകളൊന്നും ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിമർശങ്ങൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് ഒന്നും ഞാൻ പറയുന്നില്ല. അങ്ങനെ പറയുന്നത് ശരിയുമല്ല. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുക തന്നെ ചെയ്യും. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇടുക്കി ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സിപിഐ ഉഭയകക്ഷി ചർച്ചയിൽ നിന്ന് പിന്മാറിയത്.

പാപ്പാത്തിച്ചോലയിലെ കുരിശുതകർത്ത് കൈയേറ്റം ഒഴിപ്പിച്ചതിലെ അതൃപതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇന്ന് സി.പി.എം.-സിപിഐ. ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെയാണ് മൂന്നാർ കൈയേറ്റം വീണ്ടും ഇരുകക്ഷികൾക്കുമിടയിൽ അലോസരത്തിന് കാരണമാകുന്നത്. ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രിയുടെ നിലപാട് ചർച്ചാവിഷയമാകുമെന്നും സിപിഐ നേതാക്കൾ പറയുന്നു.

മുഖ്യമന്ത്രിയുടെ വിമർശനത്തോട് പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും റവന്യൂമന്ത്രിയുടെ ഓഫീസ് കൈയേറ്റം ഒഴിപ്പിക്കലിൽ ജാഗ്രതക്കുറവുണ്ടായെന്ന വാദത്തെ തള്ളിക്കളയുകയാണ്. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് സിപിഐയുടെ നിലപാട്. മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഒഴിപ്പിക്കൽ നടപടികൾ താൻ അറിഞ്ഞിട്ടേയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ശരിയല്ലെന്നാണ് ലഭിക്കുന്ന വിവരം. 45 അംഗ പൊലീസ് സംഘത്തിന്റെ സംരക്ഷണത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടത്തിയത്. അതിരാവിലെതന്നെ ഒഴിപ്പിക്കൽ നടത്താനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഇതെല്ലാം ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്റ്‌സിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി അറിയാതിരിക്കില്ലെന്ന് റവന്യൂമന്ത്രിയുടെ ഓഫീസും വിശദീകരിക്കുന്നു.

അതിനിടെ കയ്യേറ്റത്തെ മതപരമായ പ്രശ്‌നമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി നിലപാടിനെതിരെ ബിജെപിയും രംഗത്തെത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിമാരുടെ സംഘം മൂന്നാർ സന്ദർശിക്കണമെന്ന ആവശ്യവുമായി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്. ഇതും വിവാദത്തിന് പുതിയ തലം നൽകുന്നതാണ്.