- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണർകാട് പള്ളി സ്വതന്ത്ര ട്രസ്റ്റ് എന്ന കോടതി വിധി ഞെട്ടിക്കുന്ന വഴിത്തിരിവ്; 1934 ലെ സഭാ ഭരണഘടന പള്ളിക്ക് ബാധകമല്ലെന്നും ഉള്ള മുൻസിഫ് കോടതി വിധി സൃഷ്ടിക്കുക ദൂരവ്യാപക പ്രത്യാഘാതങ്ങൾ; യാക്കോബായ സഭാ വിശ്വാസികൾക്ക് തത്കാലം ആശ്വാസമെങ്കിലും വിധിയിൽ നിയമയുദ്ധം വീണ്ടും മുറുകാനും സാദ്ധ്യത
കോട്ടയം: സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ച കേസിൽ ഒരുമുൻസിഫ് കോടതി വ്യത്യസ്തമായ വിധി പുറപ്പെടുവിച്ചിരിക്കുന്നു. മലങ്കരസഭാതർക്കവുമായി ബന്ധപ്പെട്ട കോട്ടയം അഡീഷണൽ മുൻസിഫ് കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ യാക്കോബായ സഭയുടെ ഭാഗമല്ല എന്നാണ് വിധിയിൽ പറയുന്നത്. പള്ളി ട്രസ്റ്റാണ് കേസ് നടത്തിയത്. സുപ്രീം കോടതി വിധി പ്രകാരം യാക്കോബായ സഭയുടെ പള്ളികളാണ് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറേണ്ടത്. എന്നാൽ, യാക്കോബായ സഭയുടെ അഭിമാനമായി കരുതുന്ന മണർകാട് പള്ളി അവരുടേതല്ല, ഒരുസ്വതന്ത്ര പള്ളിയാണ് എന്നാണ് വിധി.
മണർകാട് പള്ളി 1934ലെ മലങ്കര സഭാ ഭരണഘടനയ്ക്കു കീഴിൽ വരില്ലെന്നും 2017-ലെ കെ.എസ്. വർഗീസ് കേസിലെ സുപ്രീം കോടതി വിധി പള്ളിക്കു ബാധകമാകില്ലെന്നും വിധിയിൽ പറയുന്നു. മണർകാട് പള്ളി 1934-ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഭരിക്കപ്പെടണമെന്നും പള്ളി ഭരണത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു രണ്ടു പേർ നൽകിയ ഹർജി തള്ളിയാണ് അഡീഷണൽ മുൻസിഫ് വി എസ്. ആശാദേവിയുടെ ഉത്തരവ്. മുൻസിഫ് കോടതി വിധി പള്ളിവിശ്വാസികൾക്ക് വലിയൊരളവിൽ ആശ്വാസമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പള്ളിഭരണകർത്താക്കൾക്ക് വിധിപകർപ്പ് കൈയിൽ കിട്ടിയത്.തുടർന്ന് വിധിയുടെ സംഗ്രഹം ട്രസ്റ്റ് അംഗങ്ങളും അഭിഭാഷകരും ചേർന്ന് തയ്യാറാക്കി വിശ്വാസികളുടെ അറിവിലേയ്ക്കായി വിതിരണം ചെയ്യുകയായിരുന്നു. ഈ വിധി മറ്റുപള്ളിക്കേസുകളിലും നിർണായകമാകുമെന്നാണ് സഭാനേതൃത്വത്തിന്റെ വിലയിരുത്തൽ.
മണർകാട് പള്ളിയുടെ സ്ഥിതിതന്നെയാണ് മറ്റെല്ലാ യാക്കോബായ പള്ളികൾക്കുമുള്ളത്. 1958-1978 കാലത്തെ സഭായോജിപ്പിന്റെ കാലത്തുപോലും ഈ ഭരണഘടന യാക്കോബായ പള്ളികൾ അംഗീകരിച്ചിരുന്നില്ല. ഭരണഘടന രൂപംകൊണ്ട 1934 മുതൽതന്നെ തർക്കവും തുടങ്ങി. ഒട്ടുമിക്ക ഇടവകകളും ശക്തമായി എതിർത്തിരുന്നു. അവർക്കെല്ലാം സ്വന്തം ഭരണഘടനയും ഭരണസംവിധാനവും ഉള്ളതായിരുന്നു കാരണം. അതിനാൽ, ട്രസ്റ്റ് ആക്ട് പ്രകാരം 1934-ലെ ഭരണഘടന രജിസ്റ്റർ ചെയ്യാനോ അസൽ പകർപ്പ് കോടതിയിൽ ഹാജരാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടാം സമുദായക്കേസിൽ സുപ്രീംകോടതിയുടെ 1995-ലെ അന്തിമ വിധിപ്രകാരം ഒരോ പള്ളിയും സ്വതന്ത്ര ട്രസ്റ്റാണെന്നും ഇടവക, ഭദ്രാസനം, സഭ എന്നിങ്ങനെ ത്രിതല ട്രസ്റ്റ് സംവിധാനമാണു മലങ്കര സഭയെന്നും അതു സ്വതന്ത്ര ഇടവകകളുടെ അസോസിയേഷനാണെന്നും വിധിച്ചിരുന്നു.
1934-ലെ ഭരണഘടന നിലനിൽക്കുമ്പോഴും പള്ളികൾക്കു സ്വന്തം ഭരണഘടനയുണ്ടെങ്കിൽ അതു പ്രകാരം ഭരണം നടത്തണമെന്നും വിധിച്ചിരുന്നു. എന്നാൽ, 1995 ലെ വിധിയിലെ ഈ സുപ്രധാനഭാഗം 2017-ലെ വിധിയിൽ ജസ്റ്റിസ് അരുൺ മിശ്ര മറ്റൊരു വിധമാണു വ്യാഖ്യാനിച്ചത്. മലങ്കരയിലെ എല്ലാ പള്ളികളും 1934-ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടണമെന്നു വിധിച്ചതോടെ മണർകാട്, കോതമംഗലം ഉൾപ്പെടെയുള്ള പള്ളികൾ കൈവശപ്പെടുത്താൻ ഓർത്തഡോക്സ് സഭയ്ക്ക് അവസരമായി. 2017-ലെ വിധിയുടെ മറവിൽ ഇതിനകം മുളന്തുരുത്തി, പിറവം ഉൾപ്പെടെ 52 യാക്കോബായ പള്ളികൾ ഓർത്തഡോക്സ് സഭയുടെ പക്കൽ ആയിക്കഴിഞ്ഞു.
എല്ലാ മലങ്കര പള്ളികളിലേക്കും 1934-ലെ ഭരണഘടന അയച്ചതായി പറയുന്നുണ്ടെങ്കിലും മണർകാട് പള്ളി ഉൾപ്പെടെ ഒട്ടുമിക്ക യാക്കോബായ പള്ളികളിലേക്കും ഇപ്രകാരം ഭരണഘടന അയച്ചതായി കണ്ടെത്തിയിട്ടില്ല. എല്ലാ മലങ്കര പള്ളികളും 1934-ലെ ഭരണഘടനയുടെ അടിസ്ഥാനത്തിൽത്തന്നെ പ്രവർത്തിക്കണമെന്ന് 1958-ൽ പറഞ്ഞപ്പോഴും മണർകാട് പള്ളി തനതു ഭരണഘടന പ്രകാരമാണു മുന്നോട്ടുപോയതെന്നും അക്കാലത്തെ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഇത് അംഗീകരിച്ചിരുന്നതായും മുൻസിഫ് കോടതി നിരീക്ഷിച്ചു.
പള്ളിയുടെ ചരിത്രവും പശ്ചാത്തലവും വിശദമായി പരിശോധിച്ച ശേഷമാണു കോടതിവിധി. അഭിഭാഷകരായ അനിൽ ഡി. കർത്താ, പി.ജെ. ഫിലിപ്, രാജീവ് പി. നായർ, വി.ടി. ദിനകരൻ, ബോബി ജോൺ എന്നിവരായിരുന്നു മണർകാട് പള്ളിക്കു വേണ്ടി ഹാജരായത്.ഏതായാലും മുൻസിഫ് കോടതി വിധിക്കെതിരെ ഓർത്തഡോക്‌സ് സഭ അപ്പീൽ പോകാനാണ് സാധ്യത.
മറുനാടന് മലയാളി ലേഖകന്.