തിരുവനന്തപുരം: മോഹൻലാലും മീനയും വീണ്ടും ഒരുമിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചു മുന്നേറുന്നു. മലയാളി പ്രേഷകർ ഏറ്റെടുത്ത ചിത്രം കേരളത്തിൽനിന്നു മാത്രം പത്തു ദിവസം കൊണ്ട്‌വാരിക്കൂട്ടിയത് 19 കോടി രൂപയാണ്. അഖിലേന്ത്യാ തലത്തിൽ മൊത്തം വാരിയ പണം 20 കോടിക്ക് മുകളിൽ വരും.

ചിത്രം ഇതിനോടകം അയ്യായിരം ഷോ പൂർത്തിയാക്കി കഴിഞ്ഞു. പുലിമുരുകന് ശേഷം ഏറ്റവും വേഗത്തിൽ 5000 ഷോ പൂർത്തിയാക്കുന്ന ചിത്രം കൂടിയാണ് മുന്തിരിള്ളികൾ തളിർക്കുമ്പോൾ.

തിരുവനന്തപുരം ജില്ലയിൽനിന്ന് ചിത്രം വാരിയത് 75 ലക്ഷമാണ്. ഇതിൽ 46 ലക്ഷം ഏരീസ് പ്ലക്‌സ് തിയറ്ററിൽ നിന്ന് മാത്രം. കൊച്ചി മൾടിപ്ലക്‌സുകളിൽ നിന്നും പത്തുദിവസം കൊണ്ട് ചിത്രം ഒരു കോടി കലക്ഷനിലെത്തിയിരുന്നു. മോഹൻലാലിനിത് ഹാട്രിക് റെക്കോർഡ് ആണ്. പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങൾക്ക് ശേഷം കൊച്ചി മൾടിപ്ലക്‌സിൽ നിന്നും ഒരുകോടി കലക്ഷൻ കിട്ടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം.

ആകെ നാല് മോഹൻലാൽ ചിത്രങ്ങളാണ് കൊച്ചി മൾടിപ്ലക്സുകളിൽ നിന്ന് ഒരു കോടിയിലേറെ നേടുന്നത്. നേരത്തേ ജീത്തു ജോസഫിന്റെ ദൃശ്യവും ഒരുകോടി കലക്ട് ചെയ്തിരുന്നു. ആദ്യ മൂന്ന് ദിവസം കൊണ്ടുതന്നെ 8.65 കോടിയാണ് മുന്തിരിവള്ളികൾ വാരിക്കൂട്ടിയത്.

സൂപ്പർഹിറ്റ് ചിത്രമായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ദൃശ്യത്തിന് ശേഷം മോഹൻലാൽ- മീന ജോഡികൾ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. ഐമ, കലാഭവൻ ഷാജോൺ, അനൂപ് മേനോൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റുതാരങ്ങൾ.