മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ റിലീസിങ് ഡെയ്റ്റ് പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസസായയി ചിത്രം പ്രദർശിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ചിത്രം ദീപാവലി റിലീസായി നവംബർ നാലിന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറക്കും

എറണാകുളത്താണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു ക്കൊണ്ടിരിക്കുകയാണ്. കോഴിക്കോടിലെ ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായതിന് ശേഷമാണിത്. ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മുന്തരിവള്ളികൾ തളിർക്കുമ്പോൾ.

പ്രമുഖ ചെറുകഥാകൃത്ത് വി.ജെ.ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് എം.സിന്ധുരാജാണ്. കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിക്കപ്പെടുന്ന എന്റർടെയ്‌നറാവും ചിത്രം

അനൂപ് മേനോൻ, കലാഭവൻ ഷാജോൺ, അലൻസിയർ, ലിഷോയ്, രാഹുൽ മാധവ്, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമ്മൂട്, സുധീർ കരമന, സോഹൻ സീനുലാൽ, ഷറഫുദ്ദീൻ, ശ്രിൻഡ, മാസ്റ്റർ സനൂപ് സന്തോഷ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. റഫീക്ക് അഹമ്മദ്, മധു വാസുദേവൻ, ഡി.ബി.അജിത്ത്കുമാർ എന്നിവരുടെ ഗാനങ്ങൾക്ക് എം.ജയചന്ദ്രനും ബിജിബാലുമാണ് സംഗീതം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം പ്രമോദ് പിള്ള.

വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോളാണ് നിർമ്മാണം.പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇയാളുടെ ഭാര്യ ആനിയമ്മയായി മീന വേഷമിടുന്നു.