തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കി കുതിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ഒപ്പം എന്ന സിനിമക്കൊപ്പം വിജയവഴിയിൽ തിരിച്ചുവന്ന മോഹൻലാൽ ബോക്‌സോഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും മീനയും വീണ്ടും ഒന്നിച്ച ചിത്രം വലിയ വിജയം തന്നെയാണ് സമ്മാനിച്ചത്. ജനുവരി 20ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപ്രതീക്ഷതമായി നടന്ന സിനിമാക്കാരുടെയും തിയേറ്ററുകാരുടെയും സമരത്തിന് ശേഷം തിയേറ്ററുകളിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. കുടുംബ പ്രേക്ഷകരെയാണ് ചിത്രം ഏറ്റവും കൂടുതൽ ആകർഷിച്ചത്.

വീക്കെന്റ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച് കേരളത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം വിദേശത്തെ തിയേറ്ററുകളിലും അതേ പ്രകടനം തന്നെ നടത്തി. അയർലണ്ടിലെ തിയേറ്ററുകളിൽ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ റെക്കോർഡ് തകർത്തതായാണ് അറിയുന്നത്. ചിത്രത്തിന്റെ വിദേശ ബോക്സോഫീസിലൂടെ വലിയ കലക്ഷൻ നേടുമെന്നാണ് പ്രതീക്ഷ.

അയർലണ്ട് തിയേറ്ററുകളിൽ ഫെബ്രുവരി 17നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ചിത്രം പുലിമുരുകന്റെ ആദ്യ ദിവസത്തെ ബോക്സോഫീസ് കളക്ഷൻ തകർത്തതായി പുതിയ റിപ്പോർട്ട്. യുഎഇ, ഗൾഫ് രാജ്യങ്ങളിൽ ഐർലന്റിൽ മികച്ച പ്രതികരണം നടത്തിയ മുന്തിരിവള്ളികൾക്ക് യുഎഇ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.

പുലിമുരുകന് ശേഷം ഏറ്റവും കൂടുതൽ ഷോകൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡും ഈ ചിത്രത്തിനുണ്ട്. പതിനായിരം ഷോകൾ കേരളത്തിൽ ഇതുവരെ മുന്തിരിവള്ളികൾ 10,000 ഷോകൾ പൂർത്തിയാക്കി. കേരളത്തിൽ 35 കോടിയാണ് ഇതുവരെ നേടിയത്. പൃഥ്വിരാജ് ചിത്രം എസ്രയുമായി കടുത്ത മത്സരം തന്നെയാണ് ഈ മോഹൻലാൽ ചിത്രം നടത്തിയത്. അതിനിടെ ബോക്‌സോഫീസിൽ നിന്നും കോടികൾ കൊയ്യുന്ന കാര്യത്തിൽ മോഹൻലാൽ അക്ഷയ്കുമാറിനെയും പിന്നിലാക്കിയെന്ന റിപ്പോർടുും പുറത്തുവന്നിട്ടുണ്ട്.

പുലിമുരുകൻ 125 കോടിയും ഒപ്പം 80 കോടിയുമാണ് കളക്റ്റ് ചെയ്തത്. മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ രണ്ടാഴ്ച പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 30 കോടിക്ക് മേലെയും. സൂപ്പർഹിറ്റ് ചിത്രമായ വെള്ളിമൂങ്ങക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത് ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ദൃശ്യത്തിന് ശേഷം മോഹൻലാൽ-മീന ജോഡികൾ ഒന്നിക്കുന്നുവെന്ന ചിത്രം 75 കോടിയുടെ ഗ്രോസ് നേടുമെന്ന് ഉറപ്പിക്കുകയാണ് ഇപ്പോൾ.

ഇതു സംഭവിച്ചാൽ തുടർച്ചയായി നാല് സിനിമകൾ 75 കോടി കടക്കുന്ന ആദ്യ മലയാള നടനായി മോഹൻലാൽ മാറും. 2016ൽ ലാലിന്റെ സിനിമകളെല്ലാം കൂടി കളക്റ്റ് ചെയ്തത് 400 കോടിയിലേറെ രൂപയാണ്. ഇന്ത്യയിലെ തന്നെ സൂപ്പർ നടന്മാരുടെ പട്ടികയിൽ നാലാം സ്ഥാനവും മലയാളത്തിന്റെ സൂപ്പർ താരത്തിനായി. ഇത് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലും ആവർത്തിക്കുയാണ്.

ബാംഗ്ലൂർ ഡെയ്സിന്റെ നിർമ്മാതാവാണ് സോഫിയാ പോൾ. കാടു പൂക്കും നേരമെന്ന സിനിമയും എടുത്തു. ഈ സിനിമ സാമ്പത്തികമായി വിജയിച്ചില്ല. അതുകൊണ്ട് തന്നെ മുന്തിരിവള്ളികൾ നിർമ്മാതവെന്ന നിലയിൽ സോഫിയാ പോളിന് നിർണ്ണായകമായിരുന്നു. ലാൽ ചിത്രം ലാഭത്തിലേക്ക് കടന്നതോടെ ആശ്വാസമാകുന്ന നിർമ്മാതാവിനാണ്. നേരത്തെ ടോമിച്ചൻ മുളക്പാടത്തിനും വലിയ ആശ്വാസമായിരുന്നു പുലിമുരുകന്റെ വമ്പൻ വിജയം.

ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ ലാലെന്ന നടന് ഒരു വർഷം മുമ്പ് കഴിഞ്ഞിരുന്നില്ല. എന്നാൽ ജനതാഗാരേജെന്ന തെലുങ്ക് സിനിമ കാര്യങ്ങൾ മാറ്റി മറിച്ചു. പത്ത് മാസം മുമ്പിറങ്ങിയ ജനതാ ഗാരേജ് 150 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ഇതിന് ശേഷം ഒപ്പമെത്തി. ഓണം റിലീസും സൂപ്പർ ഹിറ്റായി. മോഹൻലാലിന്റെ തന്നെ ദൃശ്യത്തിന്റെ കളക്ഷൻ റിക്കോർഡ് ഒപ്പം തർക്കുമെന്ന് വിലയിരുത്തപ്പെട്ടു. ഇതിനിടെയാണ് എല്ലാ കണക്കു കൂട്ടലുകൾക്കും മേലെ പറന്ന് പുലി മുരുകൻ 125 കോടി സ്വന്തമാക്കിയത്. 100 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയായി പുലിമുരുകൻ മാറി. തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം പുലി മുരുകൻ സൂപ്പർ ഹിറ്റായി. ഇതോടെ തെന്നിന്ത്യൻ സൂപ്പർ താരമെന്ന പദവി മോഹൻ ലാലിന് സ്വന്തമാക്കി.