ജിബു ജേക്കബിംന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണ അവസരം. അതിഥിയായി പങ്കെടുക്കാനാണ് ആരാധകർക്ക് അവസരം ലഭിക്കുക. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന മത്സരത്തിൽ വിജയികളാകുന്നവർക്കാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ഭാര്യയോട് സ്‌നേഹം പങ്കുവെയ്ക്കുന്ന ഒരു വീഡിയോ, സിനിമയുടെ അണിയറ പ്രവർത്തകർക്ക് അയക്കണം. 30 സെക്കൻഡിൽ കവിയാത്ത വീഡിയോ ആയിരിക്കണം അയക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേരെയാണ് ഓഡിയോ ലോഞ്ചിലേക്ക് ക്ഷണിക്കുക, ഒപ്പം മോഹൻലാലിന്റെ വക മറ്റ് സമ്മാനങ്ങളും ഉണ്ടാകും. മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ്
പ്രണയത്തെ കുറിച്ച് ലോകത്തോട് പറഞ്ഞാൽ സമ്മാനം തരുമെന്ന് അറിയിച്ചത്.

വെള്ളിമൂങ്ങ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയാണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മീനയാണ് നായിക.വിജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമ്മിക്കുന്നത്.