വെള്ളിമൂങ്ങയിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ ആദ്യ വീഡിയോ സോംഗ് എത്തി. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഗാനമാണ് പുറത്തിറങ്ങിയത്. പുന്നമടക്കായൽ എന്നു തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് എം.ജയചന്ദ്രനാണ്.

ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഉലഹന്നാന്റെ ഭാര്യ ആനിയമ്മയായി മീന എത്തുന്നു. മൈ വൈഫ് ഈസ് മൈ ലൈഫ് (എന്റെ ജീവിതം എന്റെ ഭാര്യയാണ്)? എന്നതാണ് സിനിമയുടെ ടാഗ്‌ലെൻ. ഉലഹന്നാന്റെ വ്യക്തി ജീവിതത്തിലുണ്ടായ മാറ്റങ്ങൾ അയാളുടെ കുടുംബജീവിതത്തിലുണ്ടാക്കുന്നവ്യത്യാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഹൗസിങ് കോളനിയിലാണ് ഉലഹന്നാൻ താമസിക്കുന്നത്. ഇതിനിടെ ഉലഹന്നാന് പ്രണയപ്പനി പിടിക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ ശേഷം ഭാഗം.

എം. സിന്ധുരാജാണ് രചന നിർവഹിക്കുന്നത്. വി.ജെ. ജയിംസിന്റെ പ്രണയോപനിഷത്തെന്ന നോവലാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. ഉലഹന്നാന്റെ ഭാര്യ ആനിയമ്മയെ അവതരിപ്പിക്കുന്നത് മീനയാണ്. ദൃശ്യത്തിന് ശേഷം ഇരുവരും ജോടികളാകുന്ന ചിത്രമാണിത്. പകൽ നക്ഷത്രങ്ങൾ, റോക്ക് എൻ റോൾ, പ്രണയം, ഗ്രാൻഡ് മാസ്റ്റർ, കനൽ എന്നീ ചിത്രങ്ങൾക്കു ശേഷം അനൂപ് മേനോൻ വീണ്ടും മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ അഭി
നയിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥനായ വേണുക്കുട്ടനെന്ന കഥാപാത്രമാണ് അനൂപിന്.

സ്രിന്ധ അനൂപിന്റെ ഭാര്യ ലതയുടെ വേഷത്തിൽ എത്തും. ജോയി മാത്യു, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, അലൻസിയർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. വീക്കെൻഡ് ബ്‌ളോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമ്മിച്ചിരിക്കുന്നത്. പ്രമോദ് കെ.പിള്ളയാണ് കാമറമാൻ.