കൊച്ചി: ഒപ്പത്തിനും പുലിമുരുകനും പിന്നാലെ മുന്തിരിവള്ളികൾ തളിർക്കുമ്പോളും 75 കോടി ക്ലബ്ബിലെത്തുമെന്ന് ഉറപ്പായി. ഇപ്പോഴത്തെ കളക്ഷൻ തുടർന്നാൽ ഒപ്പത്തിനൊപ്പം മോഹൻലാലിന്റെ പുതിയ ചിത്രവുമെത്തുമെന്നാണ് സൂചന. പുലിമുരുകൻ 125 കോടിയും ഒപ്പം 80 കോടിയുമാണ് കളക്റ്റ് ചെയ്തത്. മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ രണ്ടാഴ്ച പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 18 കോടി രൂപയുടെ കളക്ഷനാണ്. ഓൾ ഇന്ത്യ കളക്ഷൻ 30 കോടി രൂപയാണ്. എട്ട് കോടി മുടക്കിയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സോഫിയാ പോൾ നിർമ്മിച്ചത്. ഇതോടെ 15 ദിവസം കൊണ്ട് തന്നെ ലാഭം നേടിയ ചിത്രമായി ലാലിന്റെ പുതിയ ചിത്രവും മാറുകയാണ്.

5000 ഷോ പൂർത്തിയാക്കിയ മുന്തിരിവള്ളികൾ തളിർക്കിയപ്പോൾ മറ്റൊരു റെക്കോർഡും നേടിയിരുന്നു. പുലിമുരുകന് ശേഷം ഇത്രയും വേഗത്തിൽ 5000 ഷോ പൂർത്തിയാക്കുന്ന ചിത്രമെന്ന റെക്കോർഡ്. കൂടാതെ ദൃശ്യം, പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങൾക്ക് ശേഷം കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും ഒരു കോടി കളക്ഷൻ കിട്ടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം കൂടിയാണ് മുന്തിരിവള്ളികൾ. തിരുവനന്തപുരം ജില്ലയിലെ കളക്ഷൻ 75 ലക്ഷം രൂപയാണ്. മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഈ കളക്ഷൻ തുടരുന്നുമുണ്ട്. നഗരങ്ങളിലെല്ലാം മിക്ക ഷോയും ഹൗസ് ഫുള്ളാണ്.

സൂപ്പർഹിറ്റ് ചിത്രമായ വെള്ളിമൂങ്ങക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത് ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ദൃശ്യത്തിന് ശേഷം മോഹൻലാൽ-മീന ജോഡികൾ ഒന്നിക്കുന്നുവെന്ന ചിത്രം 75 കോടിയുടെ ഗ്രോസ് നേടുമെന്ന് ഉറപ്പിക്കുകയാണ് ഇപ്പോൾ. ഇതു സംഭവിച്ചാൽ തുടർച്ചയായി നാല് സിനിമകൾ 75 കോടി കടക്കുന്ന ആദ്യ മലയാള നടനായി മോഹൻലാൽ മാറും. 2016ൽ ലാലിന്റെ സിനിമകളെല്ലാം കൂടി കളക്റ്റ് ചെയ്തത് 400 കോടിയിലേറെ രൂപയാണ്. ഇന്ത്യയിലെ തന്നെ സൂപ്പർ നടന്മാരുടെ പട്ടികയിൽ നാലാം സ്ഥാനവും മലയാളത്തിന്റെ സൂപ്പർ താരത്തിനായി. ഇത് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലും ആവർത്തിക്കുയാണ്.

ബാംഗ്ലൂർ ഡെയ്‌സിന്റെ നിർമ്മാതാവാണ് സോഫിയാ പോൾ. കാടു പൂക്കും നേരമെന്ന സിനിമയും എടുത്തു. ഈ സിനിമ സാമ്പത്തികമായി വിജയിച്ചില്ല. അതുകൊണ്ട് തന്നെ മുന്തിരിവള്ളികൾ നിർമ്മാതവെന്ന നിലയിൽ സോഫിയാ പോളിന് നിർണ്ണായകമായിരുന്നു. ലാൽ ചിത്രം ലാഭത്തിലേക്ക് കടന്നതോടെ ആശ്വാസമാകുന്ന നിർമ്മാതാവിനാണ്. നേരത്തെ ടോമിച്ചൻ മുളക്പാടത്തിനും വലിയ ആശ്വാസമായിരുന്നു പുലിമുരുകന്റെ വമ്പൻ വിജയം. കടമെടുത്താണ് 30 കോടിയുടെ ചെലവിൽ പുലിമുരുകൻ ടോമിച്ചൻ ഒരുക്കിയത്. ലാഭം കിട്ടിയില്ലായിരുന്നുവെങ്കിൽ വലിയ പതനമാകും ഉണ്ടാകുമായിരുന്നതെന്ന് ടോമിച്ചൻ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ലാലിന്റെ താര മൂല്യം ടോമിച്ചന് പിന്നാലെ സോഫിയയ്ക്കും തുണയാവുകയാണ്.

ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ ലാലെന്ന നടന് ഒരു വർഷം മുമ്പ് കഴിഞ്ഞിരുന്നില്ല. എന്നാൽ ജനതാഗാരേജെന്ന തെലുങ്ക് സിനിമ കാര്യങ്ങൾ മാറ്റി മറിച്ചു. പത്ത് മാസം മുമ്പിറങ്ങിയ ജനതാ ഗാരേജ് 150 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ഇതിന് ശേഷം ഒപ്പമെത്തി. ഓണം റിലീസും സൂപ്പർ ഹിറ്റായി. മോഹൻലാലിന്റെ തന്നെ ദൃശ്യത്തിന്റെ കളക്ഷൻ റിക്കോർഡ് ഒപ്പം തർക്കുമെന്ന് വിലയിരുത്തപ്പെട്ടു. ഇതിനിടെയാണ് എല്ലാ കണക്കു കൂട്ടലുകൾക്കും മേലെ പറന്ന് പുലി മുരുകൻ 125 കോടി സ്വന്തമാക്കിയത്. 100 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയായി പുലിമുരുകൻ മാറി. തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം പുലി മുരുകൻ സൂപ്പർ ഹിറ്റായി. ഇതോടെ തെന്നിന്ത്യൻ സൂപ്പർ താരമെന്ന പദവി മോഹൻ ലാലിന് സ്വന്തമാക്കി.

ഈ പ്രതിച്ഛായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയ്ക്കും തുണയാവുകയാണ്. കേരളത്തിൽ പത്ത് കോടി നേടുമ്പോൾ മറ്റിടങ്ങളിൽ നിന്നും 9 കോടി മുന്തിരിവള്ളികൾ കളക്റ്റ് ചെയ്തു. ലാൽ മാജിക്കിന് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷേകർ എത്തുന്നതിന് തെളിവായി ഇത് വിലയിരുത്തുന്നു. ഈ രീതിയിൽ മുന്നേറിയാൽ മുന്തിരിവള്ളികൾ 60നും 75നും ഇടയിൽ കോടി കളക്റ്റ് ചെയ്യുമെന്നാണ് വിലിയുരത്തൽ. മറ്റ് സൂപ്പർ സിനിമകളൊന്നും ഇറങ്ങിയില്ലെങ്കിൽ മുന്തിരിവള്ളികൾ ഒപ്പത്തിന്റെ കളക്ഷനും മറികടക്കും. ക്രിസ്മസ് കാലത്ത് ചിത്രം തിയേറ്ററിൽ എത്തിയിരുന്നുവെങ്കിൽ കളക്ഷൻ ഇതിലും കൂടിയേനെ എന്ന് കരുതുന്നവരുമുണ്ട്.

ഒപ്പം ഏഴ് ദിവസം കൊണ്ട് 12 കോടി നേടിയപ്പോൾ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 13. 5 കോടി കളക്റ്റ് ചെയ്തു. ആദ്യ ദിവസം 2.62 കോടിയാണ് നേടിയത്. 330 സ്‌ക്രീനുകളിൽ ഇപ്പോൾ കളിക്കുന്ന മുന്തിരിവള്ളികൾക്കുള്ള മികച്ച അഭിപ്രായം ഇനിയും തിയേറ്ററിൽ ആളെ എത്തിക്കുമെന്നാണ് പ്രതീക്ഷ. പുലിമുരുകന്റെ റിക്കോർഡൊന്നും മുന്തിരിവള്ളികൾ തളിർക്കുന്നു എന്നതിനും തകർക്കാനാകില്ല. വെറും 5 ദിവസം കൊണ്ടാണ് 20 കോടിയുടെ കളക്ഷൻ നേടിയത് എന്നാണ് വസ്തുത.

വെള്ളിമൂങ്ങയുടെ വിജയവുമയാണ് ജിബു ജേക്കബ് മുന്തിരിവള്ളികളിലേക്ക് എത്തിയത്. ഇത് വിജയമാകുമ്പോൾ മലയാളത്തിലെ മുൻനിര സംവിധായകനായി ജിബു ജേക്കബ് മാറുകയാണ്. തിരിക്കഥാകൃത്ത് സിന്ധുരാജിനും അഭിമാനവും പേരും നൽകുകയാണ് ഈ സിനിമ.