തിരുവനന്തപുരം: റിലീസിങ് തിയേറ്ററുകളുടെ എണ്ണത്തിൽ റെക്കോർഡുമായി എത്തുന്ന മുന്തിരിവള്ളികൾ കൂടി വിജയിച്ചാൽ മോഹൻലാലിനെ കാത്തിരിക്കുന്നത് മറ്റൊരു അപൂർവ നേട്ടമാണ്. പുലിമുരുകനെക്കാൾ കൂടുതൽ തിയേറ്ററുകളിൽ റിലീസിംഗിന് എത്തിരിച്ചിരിക്കുന്ന ചിത്രം കളക്ഷനിലും റിക്കാർഡ് നേടുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.

330 തിയേറ്ററുകൡലാണ് പുലിമുരുകൻ റിലീസ് ചെയ്തത്. ഇതുവരെ ചിത്രം വാരിക്കൂട്ടിയത് 150 കോടി രൂപയും. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 337 തിയേറ്ററുകളിലാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ആദ്യദിനം തന്നെ മികച്ച പ്രതികരണം ചിത്രത്തിനു ലഭിക്കുന്നുണ്ട്.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കൂടി വിജയമായാൽ മലയാളത്തിൽ മോഹൻലാലിന് ഹാട്രിക്ക് ഹിറ്റിനുള്ള അവസരമായിരിക്കും. 2016ലെ രണ്ട് മലയാളം റിലീസുകളിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം 60 കോടി പിന്നിടുകയും പുലിമുരുകൻ 150 കോടിയും നേടുകയുണ്ടായി.

ദൃശ്യത്തിനുശേഷം മോഹൻലാലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി മീനയും ഒരുമിക്കുന്നുവെന്നതാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്റെ പ്രത്യേകത. വി.ജെ.ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജിന്റേതാണ്. ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹൻലാലും ഭാര്യ ആനി എന്ന കഥാപാത്രമായി മീനയും എത്തുന്നു. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമ്മാണം.

ഡിസംബർ 22 ന് തീയേറ്ററുകളിലെത്തിക്കാനായി ചാർട്ട് ചെയ്തിരുന്ന ചിത്രം അപ്രതീക്ഷിത സിനിമാസമരം കാരണം ഒരു മാസത്തോളം വൈകുകയായിരുന്നു. കേരളത്തിന് പുറത്ത് ബംഗളൂരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂർ, തിരുപ്പൂർ, പൂണെ, ഗോവ, ഗുജറാത്ത് തുടങ്ങി ഇന്ത്യയൊട്ടാകെയാണ് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുക.