റിയാദ്: വിദേശീയരുടെ താമസരേഖയായ ഇഖാമയ്ക്കു പകരം പുതിയ ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡ് നിലവിൽ വരുന്നു. രാജ്യത്തുള്ള എല്ലാ പ്രവാസികൾക്കും ഇഖാമയ്ക്കു പകരമുള്ള മെഷീൻ റീഡബിൾ ഐഡന്റിറ്റി കാർഡ് ഒക്ടോബർ 14 മുതൽ വിതരണം ചെയ്തു കൊടുക്കും. മുഖീം എന്നു പേരിട്ടിരിക്കുന്ന പുതിയ തിരിച്ചറിയൽ കാർഡ് ഈ മേഖലയിലെ തട്ടിപ്പ് നേരിടാനും കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനുമാണെന്ന് റിയാദിൽ മുഖിം (റസിഡന്റ്) കാർഡ് പുറത്തിറക്കവേ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നൈഫ് വ്യക്തമാക്കി.

അതേസമയം മുഖീമിന്റെ കാലാവധി അഞ്ചു വർഷമോ അതിൽ കൂടുതലോ ആയിരിക്കും. തൊഴിലാളിയുടേയും തൊഴിലുടമയുടേയും സൗകര്യാർഥം ഇതിന്റെ കാലാവധി നിശ്ചയിക്കാവുന്നതാണ്. നിലവിൽ ഇഖാമയുള്ള പ്രവാസികളെല്ലാവരും പുതിയ ഐഡന്റിറ്റി കാർഡ് സ്വന്തമാക്കണമെന്ന് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി കേണൽ ഖാലിദ് അൽ സായിഖാൻ അറിയിച്ചിട്ടുണ്ട്.

പുതിയ തിരിച്ചറിയൽ രേഖ നിലവിൽ വരുന്നതോടെ റെസിഡൻസി നിയമങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടെന്ന് തെറ്റിദ്ധരിക്കരുതെന്നും കേണൽ അൽ സായ്ഖാൻ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം മെച്ചപ്പെടുന്നതിന്റെ ഭാഗമാണ് മുഖീം ഏർപ്പെടുത്തുന്നത്.

ചെക്ക് പോയിന്റുകൾ, ബാങ്കുകൾ, മറ്റു പരിശോധന ആവശ്യമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുഖീം കാർഡ് ഉപയോഗിക്കാം. വ്യക്തിയുടെ ഫോട്ടോയും മറ്റു വിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കും. സൗദിയിൽ എത്രകാലമായി താമസിക്കുന്നുണ്ടെന്നും മറ്റുമുള്ള വിശദവിവരങ്ങൾ ഓൺലൈൻ വഴി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.