അടുത്ത പാർലിമെന്റിലേക്കുള്ള ചില ആവശ്യങ്ങൾ

ണ്ടായിരത്തി പതിനാല് മെയ് മാസത്തിലാണ് കഴിഞ്ഞ തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഒന്നും അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ അടുത്ത മെയ്‌ മാസത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് വരും. അതിനിനി പന്ത്രണ്ട് മാസമേ ബാക്കിയുള്ളൂ

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴു തൊട്ടുള്ള പൊതു തെരഞ്ഞെടുപ്പുകളാണ് എന്റെ ഓർമ്മയിലുള്ളത്. ഓരോ തെരഞ്ഞെടുപ്പും 'നിർണ്ണായകം' ആണെന്നൊക്കെ എല്ലാവരും പറയും, കുറച്ചൊക്കെ ശരിയുമാണ്. എന്നാൽ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിലെ അക്കങ്ങൾ കൊണ്ടുള്ള കണക്കുകൂട്ടലിൽ കേരളം ഒരിക്കലും ഒരു നിർണ്ണായക ശക്തിയല്ല, ആവുകയുമില്ല. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലെ എ ടീമിൽ കളിക്കാൻ ആഗ്രഹിക്കുന്നവർ സ്വമനസ്സാലെ പാർലമെന്റിലേക്ക് മത്സരിക്കാറില്ല. കേരളത്തിന്റെ വികസന നിലവാരം ഇന്ത്യയിലെ ശരാശരി നിലവാരത്തിനേക്കാൾ വളരെ മുന്നിലായതിനാൽ കേന്ദ്രത്തിൽ വിജയ സാധ്യതയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികയിൽ കേരളത്തിന് മാറ്റമുണ്ടാക്കാവുന്ന വിഷയങ്ങൾ ഉണ്ടാകാറില്ല. ഇതിൽ രണ്ടിലും മാറ്റമുണ്ടാകുന്നതു വരെ കേരളത്തിലെ ഇരുപത് സീറ്റുകൾ ആരൊക്കെ എങ്ങനെയൊക്കെ പങ്കിട്ടെടുത്താലും കേരളത്തിന് കേന്ദ്രത്തിൽ നിർണ്ണായകമായി ഒന്നും ചെയ്യാനില്ല.അതുകൊണ്ടാണ് അസംബ്ലി തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് തന്നെ നമ്മുടെ പാർട്ടികൾ മുന്നൊരുക്കം തുടങ്ങുമ്പോൾ പാർലിമെന്റ് ഇലക്ഷൻ സീറ്റ് വിഭജനവും വെള്ളിമൂങ്ങ പരിപാടിയും ആയി ചുരുങ്ങുന്നത്.

ഉയർന്ന വികസന നിലവാരവും സൂചികയുമാണ് നമ്മുടെ അടിസ്ഥാനമായ വികസനത്തിന് വിലങ്ങുതടി. കാരണം, മറ്റ് സംസ്ഥാനങ്ങളേക്കാൾ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ആളോഹരി വരുമാനത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിന് എന്ത് വികസന പ്രശ്‌നമാണുള്ളതെന്ന് മറ്റുള്ള പിന്നോക്ക സംസ്ഥാനങ്ങളിൽ നിന്നും ജയിച്ചുവന്ന് കേന്ദ്രം ഭരിക്കുന്നവർക്ക് മനസ്സിലാകില്ല. അതേസമയം കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങളുടെ കൈയിലുള്ള അധികാരം മതിയാകില്ല. എന്തൊക്കെ പുതിയ നയങ്ങളും നിയമങ്ങളുമാണ് വികസനത്തിന്റെ അടുത്ത ഓർബിറ്റിലേക്ക് കടക്കാൻ നമുക്ക് വേണ്ടത്? എങ്ങനെയാണ് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ഈ നയങ്ങളും നിയമങ്ങളും നാം നടപ്പിൽ വരുത്തേണ്ടത്?

ഇതിനെപ്പറ്റി ഈ മാസം മുതൽ അടുത്ത തെരഞ്ഞെടുപ്പ് വരെ ഒരു ലേഖന പരമ്പര എഴുതുകയാണ്. മാസത്തിൽ ഒന്ന് വീതം എഴുതാമെന്നാണ് കരുതുന്നു. താല്പര്യമുള്ളവർക്ക്, മാധ്യമങ്ങൾക്ക് ഉൾപ്പടെ, ഇത് പുനഃ പ്രസിദ്ധീകരിക്കാം. പതിവുപോലെ നിങ്ങളുടെ കമന്റുകൾ കൊണ്ടാണ് ഈ ചർച്ച കൊഴുക്കേണ്ടത്.

ഇന്നത്തെ വിഷയം പ്രവാസമാണ്. കേരളത്തിലെ വികസനത്തിന്റെ ആധാരം ഇപ്പോൾ കേരളത്തിന് പുറത്തുള്ള മലയാളികളും കേരളത്തിനകത്തുള്ള മറുനാട്ടുകാരുമാണ് എന്നതിൽ എനിക്ക് സംശയമില്ല. ഇവരുടെ രണ്ടു കൂട്ടരുടെ കാര്യത്തിലും പുതിയ നയങ്ങളുടെ ആവശ്യമുണ്ട്. പോരാത്തതിന്, കേരളത്തിന്റെ വികസനത്തെ ലോകോത്തരമാക്കണമെങ്കിൽ ലോകത്തെവിടെയുമുള്ള ഒന്നാംതരം തലച്ചോറുകൾക്ക് കേരളത്തിൽ വന്ന് ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കണം. ഇതിനും കേന്ദ്രത്തിൽ നിയമനിർമ്മാണത്തിന്റെ ആവശ്യമുണ്ട്.

2. തൊഴിൽ കമ്പോളത്തിന്റെ ആഗോളവൽക്കരണം: ലോകത്തെമ്പാടും തൊഴിൽ മേഖലകൾ മാറുകയാണ്. വികസിതരാജ്യങ്ങളിൽ മാറിവരുന്ന ഡെമോഗ്രാഫിക് പ്രൊഫൈൽ ഒരുപക്ഷെ ധാരാളം പ്രവാസ തൊഴിൽ സാധ്യതകളുണ്ടാക്കാം. അതേസമയം കൃത്രിമ ബുദ്ധിയും റോബോട്ടിക്സും മൊത്തത്തിൽ തൊഴിലുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ അടുത്ത ഇരുപത് വർഷത്തെ ആഗോള തൊഴിൽ കമ്പോളം ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. മധ്യേഷ്യയിൽ തൊഴിലവസരം കുറയുമ്പോൾ തൊഴിലാളികളുടെ ആവശ്യം യൂറോപ്പിലേക്കും ജപ്പാനിലേക്കും വ്യാപിക്കും.

സൂപ്പർ മാർക്കറ്റ് തൊഴിലാളികളെയും ഡ്രൈവർമാരെയും കൂടാതെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും ഹൈ - ടെക്ക് രംഗത്ത് ജോലി ചെയ്യുന്നവരും കൂടുതൽ വേണ്ടിവരും. പക്ഷെ അവിടെ ഒക്കെ പുറത്തു നിന്നും തൊഴിലാളികൾ എത്തുന്നതിന് വലിയ നിയന്ത്രണങ്ങൾ ഉണ്ട്. അത് മാറണം. ലോകത്തെ മൂന്നാം നമ്പർ സാമ്പത്തിക ശക്തിയാകുകയാണ് ഇന്ത്യ. ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ഇന്ത്യയിലെ വസ്തുക്കളുടെയും സേവനങ്ങളുടെയും കമ്പോളത്തിന്റെ ഒരു വീതം എങ്കിലും കിട്ടാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ബ്രിട്ടൻ മുതൽ കാനഡ വരെ ഉള്ള രാജ്യത്തെ പ്രധാനമന്ത്രിമാർ നമ്മുടെ അടുത്ത് വരുന്നതും നമ്മുടെ പ്രധാനമന്ത്രി അവിടെ പോകുമ്പോൾ വലിയ സ്വീകരണം കൊടുക്കുന്നതും എല്ലാം നമ്മുടെ കമ്പോളത്തിന്റെ ആകർഷണം കൊണ്ടാണ്.

ആ കമ്പോള ശക്തി ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലെ തൊഴിൽ കമ്പോളങ്ങൾ നമുക്കായി തുറക്കുക എന്നത് കേന്ദ്ര സർക്കാരിന് മാത്രം സാധിക്കുന്ന കാര്യമാണ്. തൊഴിൽ കമ്പോളങ്ങൾ ആഗോളവൽക്കരിക്കൽ കേന്ദ്രത്തിന്റെ അജണ്ടയാക്കുന്നതിൽ കേരളം മുൻകൈയെടുക്കണം.

3. വിദ്യാഭ്യാസ യോഗ്യതയുടെ ആഗോള അംഗീകാരം: ആഗോള കമ്പോളങ്ങളിൽ ഫലപ്രദമായി ഇടപെടണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസ യോഗ്യതകൾ ലോകത്തെമ്പാടും അംഗീകരിക്കപ്പെടണം. ഇപ്പോൾ തന്നെ നമ്മുടെ മെഡിക്കൽ ബിരുദങ്ങൾ ലോകത്ത് പത്തു ശതമാനം രാജ്യങ്ങളിൽ പോലും അംഗീകരിക്കപ്പെട്ടിട്ടില്ല. ആയുർവേദവും ഹോമിയോയും ഇന്ത്യക്ക് പുറത്ത് അംഗീകരിക്കപ്പെട്ടിട്ടേ ഇല്ല. മൂന്നു വർഷം മാത്രം ദൈർഘ്യമുള്ള നമ്മുടെ ഡിഗ്രി കോഴ്സുകൾ വികസിത രാജ്യങ്ങളിൽ ബിരുദമായി കണക്കാക്കുന്നില്ല.

വാഷിങ്ടൺ അക്കോർഡ് വരുന്നതോടെ എഞ്ചിനീയറിങ് ബിരുദങ്ങളും ലോകത്ത് അംഗീകരിക്കപ്പെടാതാകും. ഇക്കാര്യങ്ങളിലൊന്നും കേരളത്തിന് തനിച്ച് ഒന്നും ചെയ്യാൻ കഴിയില്ല. വളരുന്ന സാമ്പത്തിക ശക്തിയും ലോക ഒന്നാം നമ്പർ മാനവശേഷി സാധ്യതയുമായ ഇന്ത്യ ഇക്കാര്യത്തിലൊക്കെ ഉണർന്ന് പ്രവർത്തിക്കണം. നമ്മുടെ ബിരുദങ്ങൾ ലോകത്ത് അംഗീകരിക്കാൻ വേണ്ട നടപടികൾ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ചെയ്യുന്നതോടൊപ്പം - മറ്റു രാജ്യങ്ങളുമായി ഇക്കാര്യത്തിൽ വേണ്ടത്ര ഉഭയകക്ഷി ഉടമ്പടികളുണ്ടാക്കണം, ആഗോള ഉടമ്പടികൾ ഉണ്ടാക്കാൻ ശ്രമിക്കണം, ഉള്ളവയിൽ സജീവമാകണം. ഇതൊന്നും മറ്റുള്ള സംസ്ഥാനങ്ങൾ മുൻകൈ എടുക്കാൻ പോകുന്ന കാര്യമല്ല, അപ്പോൾ നമ്മുടെ എംപിമാർ വേണം പാർലിമെന്റിൽ ചർച്ചയാക്കാൻ.

4. തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കളിലേക്ക്: പ്രവാസത്തെപ്പറ്റിയുള്ള മലയാളി സങ്കല്പം തൊഴിൽ അന്വേഷണത്തിൽ മാത്രമായി അവസാനിക്കുകയാണ്. ഗൾഫിലെ തൊഴിലവസരങ്ങൾ കുറയുമ്പോൾ ആഫ്രിക്കയിലോ ജർമ്മനിയിലോ ആണ് കൂടുതൽ തൊഴിൽ സാധ്യത എന്ന ചിന്തയിലാണ് നാം.

പക്ഷെ, ലോകത്ത് വളരെ ആവശ്യമുള്ളതും കേരളത്തിൽ ആവശ്യത്തിൽ കൂടുതലുള്ളതുമായ ഒരു കഴിവിനെ നാടുകടത്താൻ നാം ഒട്ടും ശ്രമിക്കുന്നില്ല. ചെറുകിട സംരംഭകരുടെ കാര്യമാണ്. ഒരു ബസ് വാങ്ങി അഞ്ചുപേർക്ക് തൊഴിൽ നൽകി ബിസിനസ് നടത്തുന്ന ബസ് മുതലാളിമാർ മുതൽ സ്‌കൂളുകളും ആശുപത്രികളും നടത്തുന്ന വിദ്യാഭ്യാസ - ആരോഗ്യ 'മാഫിയ' എന്ന് നാം പുച്ഛത്തോടെ പറയുന്നവർ എല്ലാം തൊഴിൽ ദാതാക്കൾ തന്നെയാണ്. ഏഷ്യയിലും ആഫ്രിക്കയിലും ധാരാളം രാജ്യങ്ങളിൽ പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്ത്യൻ സ്‌കൂൾ - കോളേജ് ബസ് സംവിധാനങ്ങളുടെ ശ്രുംഖല സ്ഥാപിക്കാൻ നമ്മുടെ 'മുതലാളി'മാർക്ക് കഴിയും. ഇതിനായി വിദേശത്ത് ബിസിനസുകൾ നടത്താനുള്ള ചെറിയ പരിശീലനം, അവിടുത്തെ ഇന്ത്യൻ എംബസിയുടെ ആത്മാർത്ഥമായ സഹകരണം, മുടക്കുന്ന പണം തിരിച്ചു കിട്ടുന്നതിന് അവിടുത്തെ സർക്കാരിന്റെ ഗ്യാരണ്ടി, എന്നിവ മതി.

നമ്മുടെ എംബസികൾ വിചാരിച്ചാൽ എളുപ്പം സാധിക്കുന്ന കാര്യമാണ്. റോഡും പാലവും വിമാനത്താവളങ്ങളും തുറമുഖവും ഒക്കെയായി ചൈന ആഫ്രിക്കയും മധ്യേഷ്യയും പൂർവ്വേഷ്യയും വരുതിയിലാക്കുകയാണ്. ഇവിടെയാണ് ഒരുകാലത്തും ചൈനക്ക് എത്തിപ്പിടിക്കാൻ പോലുമാകാത്ത സംരംഭക മികവുകളുമായി മലയാളികൾക്ക് ഇന്ത്യയുടെ ബ്രാൻഡ് ഉയർത്താൻ സാധിക്കുന്നത്. ഇതൊക്കെ കേന്ദ്രത്തെ പറഞ്ഞ് മനസ്സിലാക്കിക്കണം.

5. ആഭ്യന്തര പ്രവാസത്തെപ്പറ്റി ഒരു പോളിസി: പ്രവാസി മലയാളി തൊഴിലാളികൾ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. അതേസമയം കേരളത്തിലെത്തുന്ന മറുനാടൻ തൊഴിലാളികളെപ്പറ്റി നമ്മുടെ സർക്കാർ സംവിധാനത്തിനു വേണ്ടത്ര വിവരങ്ങളില്ല എന്നത് മറുനാട്ടുകാരെയും മലയാളികളെയും ഒരുപോലെ വിഷമിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ കൊടും കുറ്റവാളികൾ കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നുണ്ടോ? കേരളത്തിലെത്തുന്ന ബഹുഭൂരിപക്ഷം മറുനാട്ടുകാരും കേരളത്തിന് പുറത്തേക്ക് പോകുന്ന മലയാളികളെ പോലെ സ്വന്തം കുടുംബത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി വരുന്നവരാണെങ്കിലും, ചിലരെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും മലയാളികളുടെ ആശങ്ക കൂട്ടുന്നു. ഇത് വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ വംശീയവും വർഗ്ഗീയവുമായ ലഹളകളിലേക്ക് നയിക്കും.

പുതിയ കേന്ദ്ര സർക്കാർ നയം അനുസരിച്ച് ഇന്ത്യയിൽ എവിടെയും തൊഴിൽ ചെയ്തു തുടങ്ങിയവർ വേറെ എവിടെ പ്രോവിഡന്റ് ഫണ്ട് പോകുന്ന സംവിധാനം ഉണ്ട്. അതുപോലെ ഇന്ത്യയിൽ എവിടെയും ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ ഒരു ഡേറ്റബേസ് ഉണ്ടാക്കുക അവരുടെ വിവരങ്ങൾ നാട്ടിലെയും തൊഴിൽ, ആരോഗ്യ ക്രമസമാധാന സംവിധാനങ്ങൾക്ക് ലഭ്യമാക്കുക എന്നതൊക്കെ കേന്ദ്ര സർക്കാരിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്.

6. മറുനാടൻ തൊഴിലാളികളുടെ ക്ഷേമം: അനേകം തൊഴിലാളി ക്ഷേമപദ്ധതികളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ മറുനാടൻ തൊഴിലാളികൾക്ക് തൊഴിൽ - ആരോഗ്യ ക്ഷേമ പദ്ധതികൾ വേണ്ടത്ര നടപ്പിലാക്കുന്നില്ല. തൊഴിൽ വകുപ്പും ആരോഗ്യ വകുപ്പും തൊഴിലാളികളും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ് തന്നെയാണ് ഇതിനു പ്രധാന കാരണം. കേരളത്തിലെ ഉദ്യോഗസ്ഥരെ മറുനാടൻ തൊഴിലാളികളുടെ ഭാഷ പഠിപ്പിച്ചെടുക്കലോ മറുനാടൻ തൊഴിലാളികളെ മലയാളം പഠിപ്പിക്കലോ എളുപ്പമല്ല. കേരളത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളുടെ വലിയ സാമ്പത്തിക ശ്രോതസ്സാണ്.

അതുകൊണ്ടുതന്നെ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലെയ്സൺ ഓഫീസർമാരെ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പോസ്റ്റ് ചെയ്യണം. (ഇപ്പോൾ തന്നെ ശബരിമല തീർത്ഥാടന കാലത്ത് ഇത്തരം ഓഫീസർമാരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേരളത്തിൽ പോസ്റ്റ് ചെയ്യുന്നുണ്ട്). മറുനാടൻ തൊഴിലാളിൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ആ ഉറവിടം സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസുകാരെയും ഡോക്ടറെയും അദ്ധ്യാപകരെയും പോസ്റ്റ് ചെയ്താൽ തൊഴിലാളി ക്ഷേമത്തിന് ഏറെ ഗുണകരമാകും. ഇതൊക്കെ കേന്ദ്ര ഗവണ്മെന്റിനു മാത്രം നടപ്പിലാക്കാൻ സാധിക്കുന്ന കാര്യങ്ങളാണ്.

7. വിസയില്ലാതെ സഞ്ചാരം - ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് നാം എങ്കിലും പാസ്സ്‌പോർട്ടിന്റെ ശക്തിയുടെ കാര്യത്തിൽ നമ്മളുടെ റാങ്ക് എഴുപത്തി ആറാണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സിംഗപ്പൂരിലെ പാസ്‌പോര്ട്ട് ഉപയോഗിച്ചാൽ ലോകത്ത് നൂറ്റി അറുപത്തി എട്ടു രാജ്യങ്ങളിൽ വിസ ഇല്ലാതെ സഞ്ചരിക്കാം, പക്ഷെ നമ്മുടെ പാസ്സ്പോർട്ട് വച്ച് അൻപത്തി എട്ടു രാജ്യങ്ങളിൽ മാത്രമേ സഞ്ചരിക്കാൻ പറ്റൂ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകൾക്കും പാസ്സ്പോർട്ട് ഒന്നുമില്ലാത്തതിനാൽ പാസ്സ്‌പോർട്ടിന്റെ ശക്തിയൊന്നും അവർക്ക് വിഷയമല്ല. പക്ഷെ ലോകത്തെങ്ങും സഞ്ചരിക്കുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്ന മലയാളിക്ക് ഇക്കാര്യത്തിൽ പ്രത്യേക താല്പര്യം ഉണ്ട്.

പാശ്ചാത്യ രാജ്യങ്ങളിൽ പോകുന്ന അനവധി മലയാളികൾ ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നത് ആ രാജ്യങ്ങളിലെ പാസ്സ്‌പോർട്ടിന്റെ ശക്തികൊണ്ടാണ്. അതുകൊണ്ടു തന്നെ നമ്മുടെ സാമ്പത്തിക ശക്തിയെ ലീവെറേജ് ചെയ്തു പരമാവധി രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര സാധ്യമാക്കണം. പോരാത്തതിന് കേരളത്തിൽ ടൂറിസത്തിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനും ഒക്കെ വരാനുള്ള വിദേശികളുടെ വിസ നിയന്ത്രണങ്ങളും ഏറ്റവും കുറക്കണം.

8. തൊഴിൽ രംഗത്തെ മിനിമം സ്റ്റാൻഡേർഡ്: അസംഘടിത തൊഴിൽ രംഗത്ത് ഇന്ത്യയിൽ പരിശീലനമോ സർട്ടിഫിക്കേഷനോ ഇല്ല. കേരളത്തിലെത്തുന്ന മറുനാടൻ തൊഴിലാളികൾ മുടിവെട്ട് മുതൽ കെട്ടിടം പണി വരെയുള്ള തൊഴിലുകളിൽ പ്രത്യേകിച്ച് ഒരു പരിശീലനവും ലഭിച്ചവരല്ല. തൊഴിലിൽ പരിശീലനവും പരിചയവുമുള്ള മലയാളികൾ മറുനാട്ടിലേക്ക് തൊഴിൽ തേടി പോകുമ്പോൾ, പകരം ഇവിടേക്ക് വരുന്നത് പ്രത്യേകിച്ച് ഒരു പരിശീലനവും പരിചയവുമില്ലാത്ത മറുനാട്ടുകാരാണ്. ഇതിന്റെ ഫലമായി ഓരോ തൊഴിൽ രംഗത്തെയും നിലവാരം കുറഞ്ഞുവരുന്നു. ഇതിന് ആരോഗ്യ - സുരക്ഷാ പ്രത്യാഘാതങ്ങളുമുണ്ട്.

ഇന്ത്യയിൽ എവിടെയും അസംഘടിത തൊഴിലുകൾക്കും മിനിമം പരിശീലനവും മുതിർന്ന തൊഴിലാളികളുടെ കൂടെയുള്ള അപ്രന്റീസ്ഷിപ്പും നിർബന്ധമാക്കണം. അവർക്ക് മിനിമം ശമ്പളവും ഉറപ്പാക്കണം. പരിശീലനം ലഭിച്ചവരെ മാത്രമേ തൊഴിലിനായി നിയമിക്കൂ എന്നും ഉറപ്പാക്കണം. ഇത്തരം നിയമങ്ങൾ കേന്ദ്ര സർക്കാരിന് മാത്രമേ കൊണ്ടുവരാൻ സാധിക്കൂ. തൊഴിൽ രംഗത്തിന്റെ നിലവാരത്തിന്റെ ഉയർച്ച മലയാളികൾക്ക് മാത്രമല്ല എല്ലാവർക്കും ഉപകാരപ്പെടും.

9. ഉന്നത വിദ്യാഭ്യാസം ഉള്ളവരുടെ കേരളത്തിലേക്കുള്ള പ്രവാസം: കേരളത്തിൽ ലക്ഷക്കണക്കിന് മറുനാട്ടുകാർ തൊഴിൽ ചെയ്യുന്നുണ്ടെങ്കിലും അതിൽ പത്തു ശതമാനം പോലും ഉന്നത വിദ്യാഭ്യാസം ഉള്ളവരോ ഉയർന്ന തൊഴിലുകൾ ചെയ്യുന്നവരോ അല്ല. അതുപോലെ തന്നെ കേരളത്തിൽ നിന്നും ഇരുപത് ലക്ഷം പേരെങ്കിലും പുറത്ത് ജോലി ചെയ്യുന്നുണ്ട് എങ്കിലും അതിന്റെ ഒരു ശതമാനം ആളുകൾ പോലും വിദേശികൾ കേരളത്തിൽ ജോലി ചെയ്യുന്നില്ല. കേരളത്തിലെ സമ്പദ്വ്യവസ്ഥ ഹൈടെക്ക് ആയി മാറണമെന്നും ആഗോള സമ്പദ്വ്യവസ്ഥയും ആയി ബന്ധിക്കണണമെന്നും ഉണ്ടെങ്കിൽ മാറിയേ പറ്റൂ. ഇന്ത്യയിൽ നിന്നും വിദേശത്ത് പോയി ജോലി ചെയ്യാൻ വിസ കിട്ടാൻ ഏറെ കടമ്പകളുണ്ടെന്ന് നമുക്കറിയാം.

അതുപോലെതന്നെ മെഡിസിൻ ഉൾപ്പെടെയുള്ള ഒട്ടേറെ ഇന്ത്യൻ ബിരുദങ്ങൾ മറ്റു രാജ്യങ്ങളിൽ അംഗീകരിച്ചിട്ടില്ല എന്നും. എന്നാൽ ലോക പ്രശസ്തമായ സർവ്വകലാശാലകളിൽ നിന്നും ബിരുദങ്ങൾ നേടിയിട്ടുള്ള വക്കീലുമാർക്കോ ഡോക്ടർമാർക്കോ പോലും കേരളത്തിൽ ജോലി ചെയ്യാൻ പറ്റില്ലെന്ന് എത്ര പേർക്കറിയാം?. ലോകത്തിലെ തന്നെ ഏറ്റവും അടഞ്ഞ തൊഴിൽ കമ്പോളമാണ് ഇന്ത്യയിലെത്. കേരളം ഒരു സാമ്പത്തിക ശക്തി എന്ന നിലയിൽ അടുത്ത തലത്തിലേക്ക് നീങ്ങണമെങ്കിൽ ആഗോളമായി നിയന്ത്രിക്കപ്പെടുന്ന സർവീസ് ഇൻഡസ്ട്രിയിലും നോളജ് എക്കണോമിയിലും നാം മുന്നേറിയേ പറ്റൂ. അവിടെ കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം മാനവശക്തി കൊണ്ട് മത്സരിച്ചു നിൽക്കാൻ സാധിക്കില്ല. ഉദാഹരണത്തിന് നിർമ്മാണത്തിലെയോ, എണ്ണ പര്യവേഷണ രംഗത്തെയോ, ബ്ലോക്ക് ചെയിൻ രംഗത്തെയോ ലോകോത്തരമായ കൺസൾട്ടൻസി സ്ഥാപനങ്ങൾ സിംഗപ്പൂരും ദുബായിലും ഹോങ്കോങ്ങിലും ഉണ്ട്. ഇതൊക്കെ പെരുമ്പാവൂരോ കണ്ണൂരോ എത്തിക്കാൻ ഭൗതികമായ ഒരു നിയന്ത്രണവുമില്ല.

ദുബായിൽ കൺസൾട്ടൻസി നടത്തുന്നതിന്റെ പകുതി ചെലവിൽ കേരളത്തിൽ കാര്യം നടത്താം. 90 ശതമാനവും മലയാളി തൊഴിലാളികളെ നിയമിക്കുകയും ചെയ്യാം. ദിവസവും സിംഗപ്പൂരിലേക്കും ദുബായിലേക്കും വിമാനമുള്ളതിനാൽ ലോകത്തെവിടെയുമുള്ള കക്ഷികളുമായി നേരിട്ട് ബന്ധപ്പെടുക എന്നതും ഒരു ബുദ്ധിമുട്ടാകില്ല. എന്നാൽ ഇത്തരം കൺസൾട്ടൻസികളിൽ ജോലി ചെയ്യുന്നത് ഒരു ആഗോള ടീമാണ്. നാട്ടിൽ ഇത്തരം കൺസൾട്ടൻസികൾ തുടങ്ങുമ്പോൾ മറുനാട്ടുകാർക്ക് വിസ പരിമിതി വച്ചാൽ ഈ ബിസിനസ് ഒന്നും ഇങ്ങോട്ട് വരില്ല. മറുനാട്ടുകാരുടെ വിസ പ്രശ്‌നവും ഒരു കേന്ദ്ര സർക്കാർ വിഷയമാണ്.

10. ഡോളർ ഇക്കോണമി: ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. പക്ഷെ, വിദേശ നാണ്യ രംഗത്ത് ഇപ്പോഴും നിയമങ്ങൾ കർശനമാണ്. ഇന്ത്യൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ഡോളറിൽ ശമ്പളം കൊടുക്കാനോ, ഇന്ത്യക്കാർക്ക് ഡോളർ സേവിങ്സ് അക്കൗണ്ട് നിലനിർത്താനോ, കൈയിലുള്ള പണം ഡോളറാക്കി ഇഷ്ടമുള്ളപ്പോൾ പുറത്തേക്ക് കൊണ്ടുപോകാനോ സാധിക്കില്ല. ഇത്രയൊക്കെ പരിമിതികളുള്ള രാജ്യത്ത് വന്ന് ജോലിചെയ്യാൻ വിദേശികളും വിദേശ ഇന്ത്യക്കാരും മടിക്കും.

ആഗോള സമ്പദ്വ്യവസ്ഥയുമായി കൊടുക്കൽ - വാങ്ങൽ ഇല്ലാതെ കേരളത്തിന് മുന്നേറാൻ കഴിയില്ല. ക്രിസ്തുവിന് മുമ്പ് തന്നെ റോമൻ നാണയം വെച്ച് കച്ചവടം നടത്തിയിരുന്ന സ്ഥലമാണ് കേരളം. നമ്മൾ ഒരു ഡോളറിനെയും കണ്ട് പേടിക്കേണ്ട കാര്യമില്ല. എന്നാൽ ഈ വിഷയവും കേന്ദ്രത്തിന് മാത്രം എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതാണ്.