- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സോഷ്യൽ ഡിസ്റ്റൻസ്, മാസ്‌ക്, ഹാൻഡ് വാഷിങ് എന്നീ അടിസ്ഥാന ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക; 'ബ്രേക്കിങ് ന്യൂസ്' കണക്കിനുള്ള കോവിഡ് വാർത്തകൾ ശ്രദ്ധിക്കാതിരിക്കുക; അടുപ്പമുള്ള സഹായം അർഹിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുക; രണ്ടാമത്തെ ലോക്ക് ഡൗണിനെ എങ്ങനെ നേരിടണമെന്ന് മുരളീ തുമ്മാരുകുടി എഴുതുന്നു
ഇന്ന് മുതൽ കേരളത്തിൽ രണ്ടാമത്തെ ലോക്ക് ഡൗൺ തുടങ്ങിയിരിക്കയാണ്. വീണ്ടും വെല്ലുവിളിയുടെ കാലമാണ്. ഒന്നാമത്തെ ലോക്ക് ഡൗണിന്റെ സമയത്ത് 'ലോക്ക് ഡൗൺ കഴിയുമ്പോൾ കാര്യങ്ങൾ ശരിയാകും' എന്നൊരു വിശ്വാസം ആളുകളിൽ ഉണ്ടായിരുന്നു. പക്ഷെ ഇത്തവണ അതില്ല. ഈ ലോക്ക് ഡൗൺ എത്ര നീളുമെന്നോ, അഥവാ അവസാനിച്ചാൽ പോലും ഇനിയൊരു ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നോ യാതൊരു ഉറപ്പുമില്ല.
ആരോഗ്യത്തെപ്പറ്റിയും, എന്തിന് മരണത്തെ പറ്റിയും ഉള്ള ആശങ്കകൾ വർദ്ധിക്കുകയാണ്. മൊത്തം നൂറു കേസുകൾ മാത്രം കേരളത്തിൽ വന്ന സമയത്ത് ആണ് ഒന്നാമത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അന്ന് കേരളത്തിൽ കൊറോണ മരണങ്ങൾ സംഭവിച്ചിരുന്നില്ല. ഇന്നിപ്പോൾ പ്രതിദിനം കേസുകൾ നാല്പതിനായിരം കടന്നു, മരണം നൂറോടടുക്കുന്നു. പക്ഷെ ഇന്ന് രണ്ടാമത്തെ ലോക്ക് ഡൗൺ വരുമ്പോൾ കൊറോണ അക്കങ്ങളിൽ ഒതുങ്ങുന്നില്ല. ഏതാണ്ട് എല്ലാവരുടെയും വീടുകളിലോ ബന്ധു വീടുകളിലോ കൊറോണ എത്തിയിട്ടുണ്ട്. നമ്മൾ അറിയുന്ന ആരെങ്കിലും ഒക്കെ കൊറോണ കൊണ്ട് മരിച്ചിട്ടും ഉണ്ട്.
സാമ്പത്തികമായും വെല്ലുവിളികളുടെ കാലമാണ്. സർക്കാർ സംവിധാനങ്ങളിലും ഐ ടി കമ്പനികളിലും ഒക്കെ ജോലി ഉള്ളവർ ഒഴിച്ചുള്ളവർക്ക് കഴിഞ്ഞ ഒരു വർഷം സാമ്പത്തികമായി അസ്ഥിരതകളുടെ, ബുദ്ധിമുട്ടിന്റെ, ആശങ്കയുടെ ഭാഗമാണ്. ബിസിനസ്സുകൾ ഒക്കെ പുതിയതായി ഒന്ന് പച്ചപിടിച്ചു വരുമ്പോൾ ആണ് രണ്ടാമത്തെ ലോക്ക് ഡൗൺ. തൊഴിലുകൾ നഷ്ടപ്പെടും, ബിസിനസ്സ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യും, സാമ്പത്തിക ബുദ്ധിമുട്ട് കൂടും, ആശങ്കകൾ പതിന്മടങ്ങാകും.
വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളും അന്തമില്ലാതെ തുടരുന്നു. ഒരു വർഷം മുഴുവൻ വിദ്യാലയങ്ങളിൽ പോകാതെ പറ്റിയ സൗകര്യങ്ങളുമായി ഓൺലൈൻ പഠനം നടത്തിയതിന് ശേഷം അടുത്ത അധ്യയന വർഷത്തോടെ കാര്യങ്ങൾ സാധാരണഗതിയിൽ ആകും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു എല്ലാവരും. ഇതും തകരുകയാണ്. സാധാരണ വിദ്യാഭ്യാസം തടസ്സപ്പെടുമ്പോൾ ഉന്നത വിദ്യാഭ്യാസം, വിദേശങ്ങളിലേക്ക് പഠിക്കാൻ പോകുന്നത് ഉൾപ്പടെ ഉള്ളത്, ഒക്കെ താറുമാറായിരിക്കയാണ്. ഇത്തരത്തിൽ എവിടെ നോക്കിയാലും ആശങ്കയുടെ നാളുകൾ ആണ്. ഇതൊക്കെ നമ്മൾ എല്ലാവരേയും മാനസികമായി ഏറെ ബാധിക്കുന്നുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞും കൊറോണക്കാലം കഴിഞ്ഞും ഈ കാലഘട്ടം ഉണ്ടാക്കിയ മാനസിക പ്രശ്‌നങ്ങൾ സമൂഹത്തിൽ കാണും.
ഇതൊക്കെയാണെങ്കിലും ഈ ലോക്ക് ഡൗൺ നമ്മൾ പൂർണ്ണമായും അനുസരിച്ചേ പറ്റൂ. കാരണം മറ്റു രാജ്യങ്ങളിൽ കഴിഞ്ഞ വർഷം കണ്ടത് പോലെ, ഇന്ത്യയിൽ ഇപ്പോൾ നമ്മൾ കാണുന്നത് പോലെ തെരുവുകളിൽ ശരിയായ ചികിത്സയും സംരക്ഷണവും കിട്ടാതെ ആളുകൾ പിടഞ്ഞുമരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നമ്മുടെ അടുത്ത് മറ്റൊരു ഉപാധി ഇല്ല. കേരളത്തിലെ കേസുകളുടെ എണ്ണം ഇപ്പോൾ നാല്പതിനായിരം ആയി, മരണം അമ്പത് കടന്നു. ഇപ്പോഴത്തെ ലോക്ക് ഡൗൺ നമ്മൾ പൂർണ്ണമായി അനുസരിച്ചാൽ തന്നെ കേസുകളുടെ എണ്ണം അൻപതിനായിരത്തിന് മുകളിൽ പോയതിന് ശേഷം മാത്രമേ തിരിച്ചു താഴേക്ക് വരൂ. മരണ സംഖ്യ നൂറിനപ്പുറമെത്തിയിട്ട് ആയിരിക്കും താഴേക്കുള്ള ട്രെൻഡിൽ എത്തുക.
പക്ഷെ ഈ ലോക്ക് ഡൗൺ നമ്മൾ പൂർണ്ണമായി അനുസരിച്ചാൽ മഹാവിപത്തിന്റെ പടുകുഴിയുടെ അറ്റത്തു നിന്നും സമൂഹത്തെ നമുക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കും. സർക്കാർ പറയുന്നതിൽ കൂടുതൽ സ്വയം നിയന്ത്രണങ്ങൾ ഏറ്റെടുക്കുന്ന ഓരോ വ്യക്തിയും കുടുംബവും ഈ മഹാമാരിയെ തോൽപ്പിക്കാനുള്ള സാധ്യത അത്രയും കൂട്ടുകയാണ്.
ഈ സാഹചര്യത്തിൽ നമ്മൾ ഓരോരുത്തരും എന്താണ് ചെയ്യേണ്ടത് ?
1. സർക്കാർ പറഞ്ഞിരിക്കുന്ന ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പൂർണ്ണമായി അനുസരിക്കുക. സാധിക്കുമെങ്കിൽ അതിനപ്പുറവും നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുക. അടുത്ത ഒരു മാസത്തേക്ക് നിങ്ങൾ എത്ര കുറച്ച് ആളുകളുമായി ബന്ധപ്പെടുന്നോ അത്രയും കുറച്ചു സാദ്ധ്യതകൾ ആണ് രോഗം വരാൻ നിങ്ങൾക്ക് ഉള്ളത്.
2. സോഷ്യൽ ഡിസ്റ്റൻസ്, മാസ്‌ക്, ഹാൻഡ് വാഷിങ് എന്നീ അടിസ്ഥാന ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക
3. നമ്മുടെ എല്ലാവരുടെയും ചിന്തയെയും മനസികാവസ്ഥയെയും ഈ കോവിഡ് കാലം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് സ്വയം മനസിലാക്കുക. അത്‌കൊണ്ട് തന്നെ മറ്റുള്ളവരോട് ഇടപെടുമ്പോൾ ഇതൊരു 'സാധാരണ സമയം' അല്ല എന്ന് സ്വയം എപ്പോഴും ഓർമ്മപ്പെടുത്തുക.
4. വീട്ടിലെ കുട്ടികൾ, പ്രായമായവർ, ഭിന്നശേഷി ഉള്ളവർ ഇവർക്കൊക്കെ സാധാരണയിൽ കൂടുതൽ മാനസിക സംഘർഷം ഉണ്ടാകും. അവരോട് എല്ലാ ദിവസവും ഈ വിഷയത്തെ പറ്റി സംസാരിക്കുക, ആശങ്കകൾ അകറ്റുക.
5. നമ്മുടെ മാധ്യമങ്ങൾ അറിഞ്ഞോ അറിയാതേയോ ആളുകളുടെ ആശങ്കകൾ കൂട്ടുന്നുണ്ട്. സ്ഥിരമായി കോവിഡ് വാർത്തകൾ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് നമ്മുടെ രോഗ സാദ്ധ്യതകൾ കുറയുകയോ കാര്യങ്ങൾ മെച്ചപ്പെടുകയോ ഇല്ല. അതുകൊണ്ട് തന്നെ ഓരോ ദിവസവും മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും ഏതെങ്കിലും ഒരു വാർത്തയും അല്ലാതെ സ്ഥിരമായി 'ബ്രേക്കിങ് ന്യൂസ്' കണക്കിനുള്ള കോവിഡ് വാർത്തകൾ ശ്രദ്ധിക്കാതിരിക്കുക.
6. ഒന്നാമത്തെ ലോക്ക് ഡൗണിന്റെ കാലത്ത് ലോകത്ത് ബേബി ബൂം ഉണ്ടാകുമെന്നൊക്കെയാണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നത്. പക്ഷെ അമേരിക്കയിൽ കഴിഞ്ഞ നൂറു വർഷത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് രണ്ടായിരത്തി ഇരുപതിൽ ഉണ്ടായതെന്നാണ് കണക്കുകൾ പറയുന്നത്. (
American Birth And Fertility Rates Plunge To All Time Lows During Covid Pandemic, CDC Says, Forbes, മെയ് 5). കുട്ടികൾ ഉണ്ടാകാതിരിക്കുന്നത് മാത്രമല്ല പ്രശ്‌നം.
കോവിഡ് ഒരു വർഷം പിന്നിടുമ്പോൾ ഇറ്റലിയിൽ നിന്നും ഇന്ത്യയിൽ നിന്നും ടർക്കിയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള പഠനങ്ങൾ കാണിച്ചത് ആളുകളിൽ ലൈംഗിക താല്പര്യം കുറയുന്നു എന്നാണ്. (Studies from around the world tell a similar story. Research conducted in Turkey, Italy, India and the US in 2020 all points to the decline in sex with partners as well as solo acts, directly attributed to lockdown. 'I think a big part of the reason for that is because so many people were just too stressed out,' says Justin Lehmiller, social psychologist and research fellow at The Kinsey Institute, which conducted the US-based study. 'How the pandemic has changed our sex lives, BBC ഏപ്രിൽ 23, 2021). വ്യക്തിജീവിതത്തിലും കുടുംബത്തിലും ഏതൊക്കെ തരത്തിലുള്ള വെല്ലുവിളികൾ ആണ് ഇതുണ്ടാക്കുന്നതെന്ന് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.
7 . ഈ ലോക്ക് ഡൗൺ കാലം പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള അവസരമായി എടുക്കുക. കുറച്ചു നിർദ്ദേശങ്ങൾ ഞാൻ വരുന്ന ദിവസങ്ങളിൽ നൽകുന്നുണ്ട്.
8 . നമ്മളുമായി സാമ്പത്തികമായി ഇടപെടുന്നവരുടെ , ഓട്ടോ ഡ്രൈവർ തൊട്ട് ബ്യൂട്ടീഷ്യൻ വരെ, കാര്യം നമ്മൾ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം. അവർ ചോദിക്കാതെ എന്തെങ്കിലും സാമ്പത്തിക സഹായം നല്കാൻ പറ്റിയാൽ നല്ലതാണ്. പൊതുവെ തൊഴിൽ ചെയ്തു ജീവിച്ചു ശീലിച്ചവർക്ക് മറ്റുള്ളവരോട് സഹായം ചോദിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
9 . നമ്മുടെ അടുത്ത ബന്ധുക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ ഇവരുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. സാമ്പത്തിക സഹായം വേണ്ടെങ്കിൽ പോലും മാനസിക പിന്തുണ പ്രധാനമാണ്. അവരോട് കൂടുതൽ സംസാരിക്കുക. സാധാരണ സംസാരിക്കാറില്ലാത്തവരെ പോലും തിരഞ്ഞു പിടിച്ചു വിളിക്കുക.
10 . ഈ കൊറോണക്കാലം നമ്മൾ തരണം ചെയ്യണമെങ്കിൽ പരസ്പര സഹായം ഏറ്റവും ആവശ്യമാണ്. ആശുപത്രിയിൽ ബെഡ് കിട്ടുന്നത് മുതൽ വിദേശത്തേക്കുള്ള യാത്ര, വിദ്യാഭ്യാസം, എന്നിങ്ങനെ അനവധി കാര്യങ്ങളിൽ ആളുകൾക്ക് മറ്റുള്ളവരുടെ ഉപദേശവും സഹായവും വേണ്ടി വരും. പക്ഷെ സാധാരണ ചെയ്യാൻ പറ്റുന്ന സഹായം പോലും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലായിരിക്കും കൂടുതൽ പേരും. എന്നാൽ പോലും ഇത്തരം സാഹചര്യത്തിൽ ഇടപെടാൻ പരമാവധി ശ്രമിക്കുക. കൊറോണ കഴിഞ്ഞും വീണ്ടും കാണേണ്ടവർ ആണ് നമ്മൾ ഒക്കെ എന്ന് ഓർക്കുക.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഞാൻ ദിവസവും ഓരോ കഥകൾ എഴുതിയിരുന്നു (യാത്ര ചെയ്തിരുന്ന കാലം) എന്ന പേരിൽ. മറ്റുള്ളവരെ എഴുതാൻ പ്രേരിപ്പിക്കുകയും അതൊരു പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലോക്ക് ഡൗൺ കാലത്തും എന്ത് ചെയ്യണം എന്നൊരു ആലോചനയിൽ ആണ്. ലോക്ക് ഡൗൺ ഇല്ലാത്ത സ്വിറ്റസർലണ്ടിൽ യാത്ര ചെയ്ത് ലൈവ് ആയി സംസാരിക്കാം എന്ന് ഞാൻ ഒരു ഐഡിയ പറഞ്ഞു. 'നിങ്ങളെ കായികമായും പൊങ്കാലയായും എയറിൽ നിർത്തുമെന്ന്' എന്റെ അടുത്ത സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തി. അതുകൊണ്ട് ആ ഐഡിയ വിട്ടു.
പകരം കൊറോണ എന്ന മഹാമാരിയെ മറ്റുള്ള രാജ്യങ്ങൾ എങ്ങനെയാണ് നേരിട്ടത്, അതിൽ നിന്നും എന്ത് പാഠങ്ങൾ പഠിക്കാം എന്നുള്ള അതിജീവനത്തിന്റെപാഠങ്ങൾ ഒരു സീരീസ് ആയി എഴുതാം എന്ന് കരുതുന്നു. നാളെ മുതൽ അടുത്ത ഞായർ വരെ. ചൈന മുതൽ ഇസ്രയേൽ വരെയുള്ള രാജ്യങ്ങൾ എന്തൊക്കെ നയങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് കൊറോണയുടെ കുരുക്കിൽ നിന്നും പുറത്ത് വന്നത് ?, അവയിൽ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ എന്നതൊക്കെയായിരിക്കും വിഷയം. ശരിയായ നയങ്ങളും പദ്ധതികളും ഉണ്ടെങ്കിൽ സമൂഹത്തിന് കൊറോണയെ അതിജീവിക്കാനാകും എന്നതിന്റെ തെളിവുകൾ നമ്മുടെ ചുറ്റും ഇപ്പോൾ തന്നെ ഉണ്ട്. അതുകൊണ്ട് ഈ കൊറോണക്കാലം നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. സുരക്ഷിതരായിരിക്കുക.