- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പാരീസിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത് എന്ത്? ഈ ഉച്ചകോടി കൊണ്ട് ലോകം നന്നാകുമോ? ഇന്ത്യയ്ക്ക് എന്ത് പ്രയോജനം കിട്ടും? രാഷ്ട്രത്തലവന്മാർ ഒത്തു കൂടിയാൽ കാലാവസ്ഥ മാറുമോ? മുരളി തുമ്മാരുകുടി എഴുതുന്നു
പാരീസ് ഉച്ചകോടി മാദ്ധ്യമങ്ങളിൽ പ്രധാന വാർത്ത ആയിരുന്നു. എന്നാൽ ആ പാരീസ് ഉച്ചകോടി വഴി സാധാരണക്കാർക്ക് എന്ത് പ്രയോജനം ആണ് ലഭിക്കുക. ഇതുവരെയുള്ള അനേകം ഉച്ചകോടികളിൽ നിന്നും എന്ത് വ്യത്യാസമാണ് ഇതിനുള്ളത്. ഉച്ചകോടിയുടെ ഭാഗമായി പാരീസിൽ പോയ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി മറുനാടന് വേണ്ടി എ
പാരീസ് ഉച്ചകോടി മാദ്ധ്യമങ്ങളിൽ പ്രധാന വാർത്ത ആയിരുന്നു. എന്നാൽ ആ പാരീസ് ഉച്ചകോടി വഴി സാധാരണക്കാർക്ക് എന്ത് പ്രയോജനം ആണ് ലഭിക്കുക. ഇതുവരെയുള്ള അനേകം ഉച്ചകോടികളിൽ നിന്നും എന്ത് വ്യത്യാസമാണ് ഇതിനുള്ളത്. ഉച്ചകോടിയുടെ ഭാഗമായി പാരീസിൽ പോയ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി മറുനാടന് വേണ്ടി എഴുതുന്ന ലേഖനം ആണിത് - എഡിറ്റർ
കാലാവസ്ഥാവ്യതിയാനത്തെ നേരിടാൻ ഉള്ള ലോകത്തിന്റെ ശ്രമത്തിന്റെ ഭാഗമായി പാരീസിൽ നടന്ന സമ്മേളനത്തിന് ആശാവഹമായ പരിസമാപ്തി ഉണ്ടായി എന്നത് ഏറെ കലുഷിതമായ അന്താരാഷ്ട്രരംഗത്ത് അല്പം പ്രത്യാശ ഉളവാക്കുന്ന വാർത്തയായി. നൂറ്റിതൊണ്ണൂറ്റി അഞ്ച് രാജ്യങ്ങൾ ആണ് പാരീസിൽ ഒത്തുചേർന്നത്. അവരുടെ എല്ലാം സമ്മതത്തോടെയാണ് പാരീസ് ഉടമ്പടി പുറത്തുവരുന്നത്.
ദുരന്തലഘൂകരണം ആണ് എന്റെ പ്രധാന പ്രവർത്തനമേഖല. അതുകൊണ്ടുതന്നെ കാലാവസ്ഥാവ്യതിയാനം ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ലോകത്ത് ഇപ്പോൾ നടക്കുന്ന ദുരന്തങ്ങളിൽ പത്തിൽ എട്ടും ഏതെങ്കിലും തരത്തിൽ കാലാവസ്ഥയും ആയി ബന്ധപ്പെട്ടതാകാം. ഇത് വെള്ളപ്പൊക്കം ആകാം, വരൾച്ചയാകാം, കാട്ടുതീ ആകാം, കൊടും ചൂടോ അതിശൈത്യമോ ആകാം, ചുഴലിക്കാറ്റാകാം. ഇതിന്റെയൊക്കെ എണ്ണത്തിലും തീവ്രതയിലും കാലാവസ്ഥാവ്യതിയാനം വർദ്ധനയുണ്ടാക്കും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പാരീസിലെ ചർച്ച ഏറെ താല്പര്യത്തോടെയാണ് വീക്ഷിച്ചുകൊണ്ടിരുന്നത്.
ഉത്സവ പ്രതീതി: സാങ്കേതികമായി പറഞ്ഞാൽ പാരീസിൽ നടക്കുന്നത് ഒരു കാലാവസ്ഥാ ഉച്ചകോടി അല്ല. മറിച്ച് കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി 1992ൽ റിയോവിൽ ഉണ്ടാക്കിയ ഉടമ്പടിയിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ സമ്മേളനം ആണ് (Conference of Parties of the UN Framework Convention on Climate Change). ലോകരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കാലാവസ്ഥാവിദഗ്ദ്ധരും ഉടമ്പടി ചെയ്യുന്നവരും (Negotiators) ആണ് പ്രധാനമായും കാര്യങ്ങൾ ചർച്ച ചെയ്യുന്നതും മുന്നോട്ടു നീക്കുന്നതും. ഇതിനൊക്കെ അടിസ്ഥാനപരമായ സാങ്കേതികസൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയേറ്റ്, പ്രായോഗികസൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ആതിഥേയരാഷ്ട്രം ആയ ഫ്രാൻസ് ഇത്രയുമേ വാസ്തവത്തിൽ ഒരു ഉടമ്പടിയുടെ കോൺഫറൻസ് ഓഫ് പാർട്ടീസിന് സാങ്കേതികമായി വേണ്ടൂ. ലോകത്തിലുള്ള നൂറു കണക്കിനുള്ള മറ്റു ഉടമ്പടികളുടെ മീറ്റിംഗിൽ ഇത്രയൊക്കെയേ സാധാരണ കാണാറുള്ളൂ.
പാരീസിലെ കാലാവസ്ഥാചർച്ചകൾ പക്ഷെ വ്യത്യസ്തമാണ്. ക്യോട്ടൊവിലെ കരാറുകൾ 2012ൽ തീർന്നതിനുശേഷം ശക്തമായ ഒരു ആഗോള ഉടമ്പടി കാലാവസ്ഥയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. കാലാവസ്ഥാശാസ്ത്രം ഏറെ മുന്നോട്ടു പോയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം സത്യമാണോ, അത് മനുഷ്യനിർമ്മിതമാണോ എന്നൊക്കെയുള്ള കാര്യങ്ങളിൽ ശാസ്ത്രജ്ഞന്മാർക്ക് ഇരുപത്തഞ്ചു വർഷം മുൻപത്തേതിനെ താരതമ്യപ്പെടുത്തിയാൽ ഏറെ ഉറപ്പുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ പലയിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു. അപ്പോൾ ഇത് ഒരു ഭാവിപ്രശ്‌നം മാത്രമല്ല, അത്യാവശ്യശ്രദ്ധ വേണ്ടതാണ്. അതുകൊണ്ടുതന്നെ പാരീസ്, സാങ്കേതിക വിദഗ്ദ്ധർക്കും നയതന്ത്രജ്ഞർക്കും വിട്ടുകൊടുക്കാൻ ലോകം തയ്യാറല്ല.
മുപ്പതിനായിരത്തോളം ആളുകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാൻ പാരീസിൽ എത്തിയത്. ഇതിൽ നൂറ്റമ്പതോളം ലോകരാഷ്ട്രങ്ങളുടെ തലവന്മാർ ഉണ്ടായിരുന്നു. ലോകം ഇന്നേവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തോടെയാണ് ഉച്ചകോടി ആരംഭിക്കുന്നത്. ഇതിനുപുറമേ പങ്കെടുക്കുന്ന മിക്കവാറും രാജ്യങ്ങളുടെ പ്രതിനിധിസംഘങ്ങളെ നയിക്കുന്നത് അവിടുത്തെ പ്രധാനമന്ത്രിയോ, വിദേശകാര്യമന്ത്രിയോ, പരിസ്ഥിതികാലാവസ്ഥാ വകുപ്പ്മന്ത്രിമാരോ ഒക്കെയാണ്. പിന്നെ, മുൻപു പറഞ്ഞ കാലാവസ്ഥാവിദഗ്ദ്ധന്മാരും നെഗൊഷ്യേറ്റർമാരും, യുഎൻ പ്രതിനിധികൾ, മറ്റു അന്താരാഷ്ട്ര സംഘടനയിലേയും സന്നദ്ധസംഘടനയിലേയും പ്രതിനിധികൾ, പത്രപ്രവർത്തകർ എന്നിങ്ങനെ സമ്മേളനവേദി ഒരു മനുഷ്യ മഹാസംഗമം തന്നെയാണ്. കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള ഗഹനമായ ചർച്ചമുതൽ തെരുവുനാടകംവരെ നൂറുകണക്കിന് വേദിയിലും പുറത്തും നടക്കുന്നു. ആയിരക്കണക്കിന് പത്രപ്രവർത്തകർ സ്വന്തം രാജ്യത്തിന്റെ പ്രതിനിധിസംഘത്തിൽനിന്നും മറ്റു ചർച്ചകൾക്കിടയിൽനിന്നും വാർത്തകൾ പരതുന്നു.
ഫ്രാൻസിനെ നടുക്കിയ തീവ്രവാദി ആക്രമണം കഴിഞ്ഞിട്ട് ഒരു മാസം പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷാസംവിധാനങ്ങൾ ആണ് ഫ്രാൻസ് ഒരുക്കിയിരിക്കുന്നത്. അതേസമയം പ്രതിനിധികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധയും. പ്രതിനിധികൾക്കെല്ലാം ഫ്രാൻസിലെ ട്രെയിനും, മെട്രോയും ബസും എല്ലാം രണ്ടാഴ്ചത്തേക്ക് സൗജന്യം ആണ്. ട്രെയിനിലും സ്റ്റേഷനിലും ഏറെ സൈനികർ ഉണ്ട്. പക്ഷെ, അവരെല്ലാം കാലാവസ്ഥാ സെമിനാർ നടക്കുന്നതിനെപ്പറ്റി ബോധവാന്മാർ ആണ്. സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് കയറുന്നതിനുമുൻപ് വലിയ പരിശോധന ആണ്. പക്ഷെ, അതിന് ഡസൻ കണക്കിന് നിരകൾ ഉണ്ട്. അതുകൊണ്ട് തിരക്കില്ല. സമ്മേളനസ്ഥലത്തിനകത്ത് പ്രകടമായ സെക്യൂരിറ്റി സാന്നിദ്ധ്യം ഇല്ല. പോരാത്തതിന് പ്രശസ്തരായ ഫ്രഞ്ച് പാചകക്കാരുടെ നേതൃത്വത്തിൽ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കിയ റെസ്റ്റോറന്റുകളും കോഫിഷോപ്പുകളും ഏറെ. ആകപ്പാടെ ഒരു ഉത്സവപ്രതീതി ആണ്.
പിന്നണിയിലെ തയ്യാറെടുപ്പ്: പാരീസിലെ സമ്മേളനം രണ്ടാഴ്ചയാണ് നീണ്ടുനിന്നത്. പക്ഷെ, ഇതിനുള്ള സാങ്കേതികവും നയതന്ത്രവും പ്രായോഗികവും ആയ തയ്യാറെടുപ്പുകൾ മാസങ്ങൾക്കുമുമ്പേ തുടങ്ങിയിരുന്നു. പാരീസ്ഉടമ്പടിക്ക് പിന്തുണ തേടി ഫ്രഞ്ചുപ്രസിഡണ്ടും പ്രധാനമന്ത്രിയും ലോകത്തങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഉടമ്പടിയുടെ കരടു തയ്യാറാക്കാൻ പ്രതിനിധികൾ പല പ്രാവശ്യം ലോകത്ത് പലയിടത്ത് സമ്മേളിച്ചു. പാരീസിൽ എന്തു സമ്മതിക്കും, എന്തു സമ്മതിക്കില്ല എന്നതിനെപ്പറ്റി ലോകരാഷ്ട്രങ്ങൾ ഏറെ കുറുമുന്നണികൾ ആയി ചർച്ചകൾ നടത്തി. പാരീസിൽ പ്രഖ്യാപിക്കാൻ പറ്റിയ മിന്നുന്ന പരിപാടികൾ പല രാജ്യങ്ങളും മറ്റുള്ളവരും ആസൂത്രണം ചെയ്തു. അങ്ങനെ പാരീസിൽ സമ്മേളനം തുടങ്ങുമ്പോഴേക്കും പിന്നണിയിൽ എൺപതു ശതമാനം കാര്യങ്ങളിലും തീരുമാനമായിട്ടുണ്ടാകും.
ബ്രാക്കറ്റിനകത്തുനിന്ന് പുറത്തേക്ക്: അന്താരാഷ്ട്രസമ്മേളനങ്ങളിൽ പ്രമേയം പാസാകുന്നത് ഒരു കലാരൂപം തന്നെയാണ്. സാധാരണഗതിയിൽ ആതിഥേയരാജ്യമോ അതോ മറ്റു രാജ്യങ്ങളോ അവരുടെ കൂട്ടായ്മയോ ഒക്കെ ഒരു ഡ്രാഫ്റ്റ് പുറത്തുവിടും. ഇത് ഒന്നിൽകൂടുതൽ ഉണ്ടാവുകയും ചെയ്യും. ഒന്നാമത്തെ ഡ്രാഫ്റ്റാണെങ്കിലും ഇതിനെ സീറോ ഡ്രാഫ്റ്റ് എന്നാണ് പറയുക. ഇതിനെപ്പറ്റി എല്ലാം ചർച്ചകൾ നടക്കും. എന്നിട്ട് ഇതിൽ ഏതെങ്കിലും ഒന്ന്, അല്ലെങ്കിൽ ഇതിലെ എല്ലാം അംശങ്ങൾ ഉൾപ്പെടുത്തിയ മറ്റൊന്ന് ഒന്നാമത്തെ ഡ്രാഫ്റ്റായിട്ട് ആദ്യത്തെ തയ്യാറെടുപ്പ്കമ്മിറ്റി (Preparatory Committee – PrepCom) മീറ്റിംഗിൽ അവതരിപ്പിക്കും. അവിടെ രാജ്യത്തിന്റെ പ്രതിനിധികൾ അത് ഓരോ വാചകവും വാക്കും കുത്തും കോമയും ഒക്കെ അരിച്ചുപെറുക്കി നോക്കും. പല വരികളും ഖണ്ഡികകളും ഒക്കെ പുറത്താകും. ഇതേ സമയത്തുതന്നെ രാജ്യത്തിന്റെ പ്രതിനിധികൾ അല്ലാത്ത സന്നദ്ധസംഘടനകളും മറ്റും പ്രത്യേക വിഷയങ്ങൾ ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തും. ഇതിന്റെയെല്ലാം ഫലമായി കുറേ പുതിയ കാര്യങ്ങൾ കരടിൽ വരും. ഓരോ സമ്മേളനത്തിലും പ്രതിനിധികൾ സമ്മതിച്ച കാര്യങ്ങൾ അടുത്ത കരടിൽ ഉൾപ്പെടുത്തും. സമ്മതിക്കാത്ത കാര്യങ്ങൾ കൂടുതൽ ചർച്ചകൾക്കായി ഒരു ബ്രാക്കറ്റിലാക്കി കരടിൽ ഉൾപ്പെടുത്തും. ഒരേ കാര്യത്തെപ്പറ്റി ഒന്നിൽകൂടുതൽ പകരം വാചകങ്ങൾ ഇങ്ങനെ ബ്രാക്കറ്റിൽ ഉണ്ടാകാം. ഈ ബ്രാക്കറ്റിലുള്ള വാചകങ്ങളെപ്പറ്റിയാണ് പിന്നെ ചർച്ച നടക്കുന്നത്. ബ്രാക്കറ്റിലുള്ള വാചകങ്ങൾ പതുക്കെപ്പതുക്കെ കുറഞ്ഞുവരും. ചിലപ്പോൾ സമയക്കുറവുകൊണ്ടു ബ്രാക്കറ്റിലുള്ളതെല്ലാം പുറത്തുകളഞ്ഞ് പുതിയ കരട് ഉണ്ടാകും. അവസാന സമ്മേളനത്തിനുമുൻപ് ഇതുപോലെ രണ്ടോ മൂന്നോ പ്രിപ്പ്‌കോം ഉണ്ടാകും. അതിന്റെ ബാക്കിപത്രം ആണ് നെഗോഷ്യേറ്റിങ് ടെക്സ്റ്റ് എന്ന പേരിൽ അവസാന സമ്മേളനത്തിനെത്തുന്നത്.
വിട്ടുവീഴ്ചകളും കൊടുക്കൽവാങ്ങലുകളും: അവസാനത്തെ സമ്മേളനം സാധാരണഗതിയിൽ ചില കടുകട്ടിയുള്ള വിഷയങ്ങളിൽ ഉള്ള ചർച്ചയായിരിക്കും. നാലോ അഞ്ചോ വിഷയങ്ങൾ ആയിരിക്കും കീറാമുട്ടിയായി ഉണ്ടാവുക. ഇതിൽ എല്ലാവർക്കും സമ്മതമായ ഒരു ഫോർമുല കണ്ടെത്തുക എന്നതാണ് ഇവിടുത്തെ വെല്ലുവിളി. ഇത് കണ്ടറിഞ്ഞ് പൊതുവെ അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് ഒരു പ്രത്യേക കോറിയോഗ്രാഫി ഉണ്ട്. ആദ്യത്തെ ആഴ്ചയിൽ സാങ്കേതികവിദഗ്ദ്ധരും നയതന്ത്രജ്ഞരും ആണ് ചർച്ച നടത്തുന്നതും നയിക്കുന്നതും. അവർക്ക് ഓരോരുത്തർക്കും സ്വന്തം രാജ്യത്തുനിന്ന് വിട്ടുവീഴ്ചക്കുള്ള ചില അതിരുകൾ കൊടുത്തിട്ടുണ്ടാകും. അതിൽ പല കൊടുക്കൽവാങ്ങലും ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന് കാലാവസ്ഥാവ്യതിയാനത്തിനെതിരെ എടുക്കുന്ന നടപടികൾ പരിശോധിക്കാൻ സമ്മതിച്ചാൽ വർദ്ധിച്ച സാമ്പത്തികസഹായം നല്കുാം എന്നാകാം. കൽക്കരിയുടെ ഉപഭോഗം കുറക്കാൻ സമ്മതിച്ചാൽ സോളാറിന്റെ സാങ്കേതികവിദ്യ സൗജന്യനിരക്കിൽ തരാം എന്നാകാം. ഏതാണെങ്കിലും നയതന്ത്രവിദഗ്ദ്ധർക്ക് ഏതുവരെ പോകാം എന്നതിന് പരിധിയുണ്ട്.
സമ്മേളനത്തിന്റെ രണ്ടാമത്തെ ആഴ്ചയിൽ രാജ്യത്തെ മന്ത്രിമാർ പ്രതിനിധിസംഘത്തെ നയിക്കാൻ എത്തും. ഇവർ രാഷ്ട്രീയക്കാർ ആയതിനാൽ ഇവർക്ക് നെഗോഷ്യയേഷൻ നടത്തുവാൻ കൂടുതൽ വഴക്കം (flexibiltiy) ഉണ്ടാകും എന്നതാണ് കാര്യം. മന്ത്രിമാർ വരുന്നതോടെ ചർച്ചകൾ കൂടുതൽ ചടുലമാകും. പല കാര്യങ്ങളും ബ്രാക്കറ്റിൽനിന്നും പുറത്തുവരും. മുറിക്ക് പുറത്ത് പല കാര്യങ്ങളും രാജ്യങ്ങളും രാജ്യങ്ങളുടെ കുറുമുന്നണികളും തമ്മിൽ സമ്മതിക്കും. ഇനി കലാശക്കൊട്ടിന് സമയമായി.
ചർച്ചയുടെ അവസാന രണ്ടുദിവസം ആകുമ്പേഴേക്കും ഒരു നല്ല ഉടമ്പടി ഉണ്ടാകുമോ ഇല്ലയോ എന്ന് ഏതാണ്ട് തീരുമാനമാകും, അത് മന്ത്രിമാർ തലസ്ഥാനങ്ങളെ അറിയിക്കും. നല്ല ഉടമ്പടി ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കിൽ രാഷ്ട്രത്തലവന്മാർ പറന്നുവരും. പിന്നെ ആകെ ആവേശം (excitement) ആണ്. അടച്ചിട്ട മുറികൾ, ചെറിയ ഗ്രൂപ്പ് ചർച്ചകൾ, ചെറിയ വിഷയങ്ങളെ ഒക്കെ അവഗണിച്ച് സുപ്രധാനമായവയിൽ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, രാഷ്ട്രത്തലവന്മാർ ആയതിനാൽ അവർക്ക് അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മാറ്റാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ വിട്ടുവീഴ്ചകൾ സാധ്യവും ആണ്. കരാറിനെതിരെ നില്ക്കുന്ന രാജ്യങ്ങളെ പറഞ്ഞു മനസ്സിലാക്കാനും പ്രലോഭിപ്പിക്കാനും ഒക്കെ രാഷ്ട്രത്തലവന്മാർക്ക് പ്രത്യേകം കഴിവുണ്ട്. അവസാനം വിവാദവിഷയങ്ങൾ ബ്രാക്കറ്റിൽനിന്നും പുറത്തുവരുന്നു, പുതിയ ഉടമ്പടി ഉണ്ടാകുന്നു. ഇതാണ് സാധാരണ പതിവ്.
പാരീസിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമായാണ് നടത്തിയത്. രാഷ്ട്രത്തലവന്മാർ ആദ്യമേ വന്ന് എല്ലാവർക്കും ആവേശം പകർന്നു. അടുത്ത തലമുറക്ക് വേണ്ടി വൻ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ചു. പക്ഷെ ഉടമ്പടി ചർച്ചകൾ നയിച്ചത് മന്ത്രിമാരാണ്. എന്നിട്ടും പറഞ്ഞ സമയത്ത് ചർച്ചകൾ തീർന്നില്ല. അങ്ങനെ വരുമ്പോൾ ക്ലോക്ക് നിരത്തിവച്ച് ചർച്ച തുടരുക എന്നതാണ് പ്രോട്ടോക്കോൾ. പാരീസിലും സമയം അവസാനിപ്പിച്ചതിന് ശേഷം ഒരു ദിവസം രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് ചർച്ച നടന്നു. പതിനൊന്നാം തീയതി അവസാനിക്കേണ്ട സമ്മേളനം തീരുന്നത് പന്ത്രണ്ടാം തീയതി രാത്രിയാണ്. ഒൻപതു മണിക്ക് ഫ്രഞ്ചു പ്രധാനമന്ത്രി പാരീസ് ഉടമ്പടി എല്ലാവരും അംഗീകരിച്ചതായി പ്രഖ്യാപിച്ചു. പിന്നെ ആഹ്ലാദം, കെട്ടിപ്പിടിക്കൽ, ഫ്രഞ്ചു പ്രസിഡന്റും ഐക്യ രാഷ്ട്രസഭയുടെ സെക്രടറി ജനറലും വേദിയിൽ എത്തി. അനുമോദന പ്രസംഗങ്ങൾ, പാതിരാത്രിയോടെ ആണ് പ്രതിനിധികൾ പിരിഞ്ഞു പോയത്.
പാരീസിൽനിന്നും ലോകത്തിനു കിട്ടിയത്: ഇത്രയൊക്കെ കാലവും സമയവും എടുത്ത് തയ്യാറാക്കിയ ഉടമ്പടിയിൽനിന്നും ലോകത്തിന് എന്ത് കിട്ടി എന്ന് നമുക്കു നോക്കാം. അന്താരാഷ്ട്ര ഉടമ്പടികൾ വായിച്ചുനോക്കി അതിന്റെ ബാഹ്യാർത്ഥവും ആന്തരാർത്ഥവും ഒക്കെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു മാസം എങ്കിലും എടുക്കും അത് തീർത്തും വ്യക്തമാകാൻ എന്നാലും പ്രധാനപ്പെട്ട കാര്യങ്ങളും അവ കേരളത്തിനു നല്കുന്ന ചില അവസരങ്ങളും ഇവിടെ കുറിക്കാം.
ചൂടു കുറക്കാൻ കൂട്ടായ ശ്രമം: ആഗോളതാപനം ഈ നൂറ്റാണ്ടിന്റെ അവസാനം രണ്ടു ഡിഗ്രി സെൽഷ്യസിനകം കൂട്ടായി ശ്രമം നടത്തുമെന്നാണ് എല്ലാ ലോകരാജ്യങ്ങളും പാരീസിൽ സമ്മതിച്ചിരിക്കുന്നത്. രണ്ടു ഡിഗ്രിവരെ ചൂടു കൂടിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ മനുഷ്യരാശിക്ക് കൃത്യമായ തയ്യാറെടുപ്പോടെ അതിജീവിക്കാം എന്നാണ് ശാസ്ത്രജ്ഞന്മാരുടെ ഇപ്പോഴത്തെ കണക്കുകൂട്ടൽ. അതേസമയം താപനം 1.5 ഡിഗ്രി സെൽഷ്യസ് ആക്കാൻ ഒരു കൂട്ടായ ശ്രമം നടത്തണമെന്നും പാരീസ് ഉടമ്പടി പറയുന്നുണ്ട്. ഇതിലേക്കായി ലോകരാജ്യങ്ങൾ മൊത്തമായി അവരുടെ കാർബൺ ബഹിർഗമനം കുറക്കാനും കാർബൺ ശേഖരണം വർദ്ധിപ്പിക്കാനും ഉള്ള ശ്രമങ്ങൾ നടത്തണം. ഇത് പഴയ കരാറുകളിൽ നിന്നും വ്യത്യസ്തമാണ്. പണ്ട് രാജ്യങ്ങളെ രണ്ടായി തിരിച്ചു കാർബൺ കുറക്കാനുള്ള ശ്രമങ്ങൾ വികസിത രാജ്യങ്ങൾ മാത്രം നടത്തണം എന്നതായിരുന്നു കരാർ, വികസ്വര രാജ്യങ്ങൾക്ക് വളരാനുള്ള അവസരം കൊടുക്കാനായിരുന്നു ഇത്. പക്ഷെ പല വികസ്വര രാജ്യങ്ങളുടെയും കാർബൺ ബഹിർഗമനം ഏറെ വർദ്ധിച്ചതോടെ അവർ കൂടി ഇല്ലാത്ത നടപടികൾക്ക് വലിയ ഗുണം ഇല്ല എന്ന് വികസിത രാജ്യങ്ങൾ പറയാൻ തുടങ്ങി. ഇതാണ് പാരീസ് ഉടമ്പടിയിൽ പ്രകടമായിരിക്കുന്നത്. എന്നാൽ ഈ ഉടമ്പടി പ്രകാരവും വികസിതരാജ്യങ്ങൾക്ക് ഇവിടെ കൂടിയ ഉത്തരവാദിത്തം ഉണ്ട്. അതിനാൽ അവർ കാർബൺബഹിർഗമനം ഏറ്റവും വേഗത്തിൽതന്നെ കുറച്ചുകൊണ്ടുവരണം. വികസ്വരരാജ്യങ്ങളും ഇതിനായി ശ്രമിക്കണം. പക്ഷെ അതിനു കൂടുതൽ സമയം എടുത്തേക്കാമെന്ന് പാരീസ് ഉടമ്പടി അംഗീകരിക്കുന്നു.
വികസിത രാജ്യങ്ങൾ കാർബൺ കുറക്കാൻ എത്രമാത്രം ശ്രമം നടത്തണമെന്ന് പുറമേ നിന്ന് തീരുമാനിച്ച ഒരു ഉടമ്പടി ആയിരുന്നു ക്യോട്ടോവിലെത്. പാരീസിൽ ഇത് മാറി. എല്ലാ രാജ്യങ്ങളും കാർബൺ ബഹിർഗമനം കുറക്കാനും ആഗിരണം വർദ്ധിപ്പിക്കാനും ശ്രമിക്കുന്നതിന്റെ, രാജ്യം സ്വയം നിർണയിച്ച സംഭാവന (Intended Nationally Determined Cotnribution) പരസ്യപ്പെടുത്തണം. ഇത് ലഭ്യമായ ശാസ്ത്രം, സാങ്കേതികവിദ്യ രാജ്യത്തിന്റെ പരമാവധി അഭിലാഷം (ambition) എല്ലാം അനുസരിച്ച് ഓരോ അഞ്ചു വർഷത്തിലും വർദ്ധിപ്പിച്ചു വരണം. കാർബൺ ബഹിർഗമനം തടയാനും ആഗിരണം കൂട്ടാനും ഒന്നിൽകൂടുതൽ രാജ്യങ്ങൾക്ക് പരസ്പരം സഹായത്തോടെ ശ്രമിക്കാവുന്നതാണ്. (ഉദാഹരണത്തിന് ഒരു രാജ്യത്തിന് മറ്റു രാജ്യത്ത് മരം നട്ടുപിടിപ്പിച്ച് കാർബൺ ആഗിരണം കൂട്ടാം). ഇതെല്ലാം കൃത്യമായി കണക്കുവക്കാൻ ഒരു അന്താരാഷ്ട്ര സംവിധാനം ഉണ്ടാക്കാൻ പാരീസ് ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു.
താപനത്തോട് യോജിച്ചു പോകൽ: ആഗോളതാപനം 2100ലെ മാത്രം പ്രശ്‌നമല്ല. പല രാജ്യങ്ങളും ഇപ്പോഴേ അനുഭവിക്കുന്നതാണ്. 1.5 ഡിഗ്രി ചൂടു കൂടുക എന്ന ലക്ഷ്യം കണ്ടാൽതന്നെ അനവധി മാറ്റങ്ങൾ എല്ലാ രാജ്യങ്ങളിലും ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് കാലാവസ്ഥാവ്യതിയാനത്തോട് ചേർന്നു ജീവിക്കാനുള്ള തയ്യാറെടുപ്പുകൾ (Adaptation) എല്ലാ രാജ്യങ്ങളും ചെയ്യേണ്ടി വരും. ഇത് സമുദ്രനിരപ്പിലുണ്ടാകുന്ന വർദ്ധനവിനനുസരിച്ച് നഗരാസൂത്രണം ചെയ്യുന്നതുതൊട്ട് മാറിവരുന്ന കാലാവസ്ഥക്കനുസരിച്ച് കൃഷിക്കാലമോ വിത്തോ വിളയോ മാറ്റുന്നതോ ഒക്കെയാവാം.
വികസ്വരരാജ്യങ്ങളുടെ ഒരു പ്രധാന ആവശ്യം ആയിരുന്നു അനുരൂപീകരണം (മറമുമേശേീി) സംബന്ധിച്ച വിഷയങ്ങൾക്ക് കാർബൺ ബഹിർഗമനം കുറക്കുന്നതുപോലെ (mitigation) തന്നെ പ്രാധാന്യം കൊടുക്കണം എന്നത്. പാരീസ് ഉടമ്പടിയിൽ ഇത് കുറെയൊക്കെ നേടിയെടുത്തിട്ടുണ്ട്. ആഗോളതാപനവും ആയി ചേർന്നു പോകാനുള്ള രീതികൾ, സാങ്കേതികവിദ്യകൾ എന്നിവ പരസ്പരം കൈമാറ്റം ചെയ്യാൻ പാരീസ് ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു. വികസ്വരരാജ്യങ്ങൾക്ക് ഇതിനാവശ്യമായ സഹായം ചെയ്യേണ്ടതാണെന്ന് ഉടമ്പടിയിൽ ഉണ്ട്.
ചെറു രാജ്യങ്ങളിലെ നാശനഷ്ടങ്ങൾ: സമുദ്രങ്ങളിലെ ചെറുദ്വീപുകളായ പല വികസ്വരരാജ്യങ്ങളേയും സംബന്ധിച്ചിടത്തോളം ആഗോളതാപനം ഇപ്പോൾതന്നെ ഏറെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയാണ്. ഇത് കൂടിവരികയും ചെയ്യുന്നു. അവരുടെ ഭൂമിശാസ്ത്രവും സമ്പദ്!വ്യസ്ഥയുടെ ചെറുപ്പവും ഒക്കെ കാരണം കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന തീവ്രമായ സംഭവങ്ങൾ (ഉദാ: കാറ്റ്, വന്മഴ) അവർക്ക് ഏറെ സാമ്പത്തികനഷ്ടം ഉണ്ടാക്കുകയാണ്. കാലാവസ്ഥാവ്യതിയാനത്തിന് ഈ പാവങ്ങൾ ഒട്ടും ഉത്തരവാദികൾ അല്ലാത്തതിനാൽ ഈ വരുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നത് അവരുടെ പ്രത്യേക ആവശ്യമായിരുന്നു. ഈ വിഷയം പാരീസ് ഉടമ്പടിയിൽ ഉണ്ട്. വാർസയിൽ തുടങ്ങിവച്ച നാശനഷ്ടങ്ങളെ സംബന്ധിച്ച സഹകരണവും പദ്ധതികളും തുടരും എന്നാണ് പാരീസ് ഉടമ്പടി പറയുന്നത്.
സാങ്കേതികവിദ്യയുടെ കൈമാറ്റം: കാർബൺ ബഹിർഗമനം കുറക്കാൻ ഉപകരിക്കുന്നതും കാർബൺ ആഗിരണം കൂട്ടാനും സഹായിക്കുന്ന സങ്കേതിക വിദ്യകളുടെ കൈമാറ്റം വികസ്വരരാജ്യങ്ങളുടെ ഒരു പ്രധാന ആവശ്യമായിരുന്നു. ഇതിനുവേണ്ടി മാത്രം ഒരു പുതിയ സാങ്കേതികവിദ്യാ ചട്ടക്കൂട് (Technological Framework) പാരീസ് ഉടമ്പടി പുതുതായി ഉണ്ടാക്കിയിട്ടുണ്ട്. ഇതിനുവേണ്ട സഹായങ്ങൾ, സാമ്പത്തിക സഹായം ഉൾപ്പടെ വികസ്വര രാജ്യങ്ങൾക്ക് നല്കാനും, രാജ്യങ്ങൾ തമ്മിൽ പരസ്പര സഹായത്തോടെ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ഉള്ള പദ്ധതികൾ പാരീസ് ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു.
വികസ്വര രാജ്യങ്ങളുടെ കഴിവു വികസിപ്പിക്കൽ: കാലാവസ്ഥാവ്യതിയാനത്തിന്റെ വിവിധ വശങ്ങളിൽ വികസ്വരരാജ്യങ്ങളുടെ കഴിവു വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പാരീസ് ഉടമ്പടി അംഗീകരിക്കുന്നു. ഇതിനുവേണ്ടി രാജ്യങ്ങളുടെ ആവശ്യം അനുസരിച്ച് രാജ്യങ്ങൾതമ്മിൽ പരസ്പരം സഹകരണത്തോടെ പദ്ധതികൾ വികസിപ്പക്കണം. ഇതിനുവേണ്ടി പുതിയതായി സംവിധാനങ്ങൾ (institutional arrangements) ഉണ്ടാക്കാൻ പാരീസ് ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു.
സുതാര്യത (Transparency): പാരീസിൽ വികസിതരാജ്യങ്ങളുടെ പ്രധാന ആവശ്യം കാലാവസ്ഥാവ്യതിയാനത്തിനെതിരെ വികസ്വരരാജ്യങ്ങൾ കൂടുതൽ താല്പര്യം എടുക്കണം എന്നതും വികസ്വരരാജ്യങ്ങൾ ചെയ്യാം എന്നു പറയുന്ന കാര്യങ്ങൾ ശരിയായി ചെയ്യുന്നു എന്ന് പരിശോധിക്കാൻ ഒരു സംവിധാനം ഉണ്ടാക്കണം എന്നതായിരുന്നു. ഇതിൽ രണ്ടിലും വികസ്വരരാജ്യങ്ങൾ പൂർണ്ണമായി സമ്മതിച്ചില്ലെങ്കിലും കൊടുക്കൽവാങ്ങലുകളുടെ ഭാഗമായി ചിലതെല്ലാം സമ്മതിച്ചല്ലേ മതിയാകൂ. അതിനാൽ ഒരു സുതാര്യ ചട്ടക്കൂട് (Transparent Framework) ഉണ്ടാക്കാൻ ഈ ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു. ഇത് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ കൈ കടത്താത്തതും അവരെ കുറ്റപ്പെടുത്താത്തതും ശിക്ഷിക്കാത്തതും ആയിരിക്കുമെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്. സുതാര്യമായി കാര്യങ്ങൾ ചെയ്യാനുള്ള മാര്ഗ രേഖകൾ ഉണ്ടാക്കുക, അതിനു വേണ്ട കഴിവ് വികസിപ്പിക്കുക എല്ലാ രാജ്യങ്ങളും സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച് ഉപദേശങ്ങൾ നല്കുക എന്നതൊക്കെ ആണ് ഈ സംവിധാനത്തിന്റെ പ്രധാന ഉദ്ദേശം.
സാമ്പത്തിക സഹായം: ഏത് ഉടമ്പടിയും നടപ്പിലാകണമെങ്കിൽ അതിനുവേണ്ട പണം എവിടെനിന്നെങ്കിലും വരണം. ചരിത്രപരമായ ഉത്തരവാദിത്തവും ഇപ്പോഴത്തെ സാങ്കേതികനിലയും കാരണം കാലാവസ്ഥാവ്യതിയാനത്തിനെതിരെ പൊരുതാനുള്ള പ്രധാന സാമ്പത്തിക ഉത്തരവാദിത്തം വികസിത രാജ്യങ്ങൾക്ക് തന്നെയാണെന്ന് പാരീസ് ഉടമ്പടിയും അംഗീകരിക്കുന്നു. പക്ഷെ, മാറിവരുന്ന ലോകസാഹചര്യത്തിൽ മറ്റു രാജ്യങ്ങൾക്കും വേണമെങ്കിൽ സഹായം വാഗ്ദാനം ചെയ്യാമെന്നും ഉടമ്പടിയിൽ വ്യവസ്ഥയുണ്ട്. കോപ്പൻഹേഗനിൽ ഉടമ്പടിയുടെ ഭാഗമായി 2020 മുതൽ നൂറു ബില്യൺ ഡോളർ വർഷംതോറും കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനത്തിനു നല്കാം എന്ന് വികസിതരാജ്യങ്ങൾ സമ്മതിച്ചതിനാൽ പണത്തെപ്പറ്റി പ്രത്യേകിച്ച് പാരീസ് ഉടമ്പടി സംസാരിക്കുന്നില്ല.
കാലാവസ്ഥാ വ്യതിയാനവും കേരളവും: കാലാവസ്ഥ വ്യതിയാനം എന്നത് നമ്മെ ബാധിക്കുന്ന ഒന്നല്ല എന്നും അതിനുത്തരവാദികൾ ആയവർ തന്നെ അതിനു പരിഹാരവും കാണട്ടെ എന്നും ആണ് കേരളത്തിന്റെ പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ കാലാവസ്ഥാവ്യതിയാനം കേരളത്തിൽ ഇപ്പോഴും വ്യാപകമായ ചർച്ചക്ക് വിഷയമല്ല. ചുംബന സമരമോ സോളാറോ എന്തിന് സിഡിയൊ ഒക്കെ സംബന്ധിച്ച ചർച്ചയുടെ പത്തിലൊന്നുപോലും സമയം മാദ്ധ്യമങ്ങളോ സമൂഹമോ കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച ചർച്ചകൾക്ക് നൽകുന്നില്ല. പക്ഷെ, കാലാവസ്ഥാവ്യതിയാനം നമ്മുടെ ചുറ്റും ഇപ്പോൾതന്നെ ഉണ്ട്. 2100 ആകുമ്പോഴേക്കും ഈ 1.5 ഡിഗ്രി ചൂട് കൂടിയാൽപോലും അനവധി ആഘാതങ്ങൾ നമുക്ക് അത് ഉണ്ടാക്കും എന്നതിന് സംശയം ഇല്ല. നമ്മുടെ മൊത്തം മഴ കുറഞ്ഞില്ലെങ്കിലും മഴ പെയ്യുന്നത് ചുരുങ്ങിയ സമയത്തിൽ ആയിരിക്കും എന്നതാണ് ഒരു പ്രധാന മാറ്റം. ഇതിന് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ട്. ഏറ്റവും പ്രകടമായത് നമ്മുടെ നഗരങ്ങളിലെ വെള്ളക്കെട്ടാണ്. ഇപ്പോഴത്തെ മഴയെപ്പോലും ഉൾക്കൊള്ളാൻ പറ്റിയ ഡ്രെയിനേജ് സംവിധാനങ്ങൾ ഇപ്പോൾ നമുക്കില്ല. അപ്പോൾ ഇതിൽ കൂടുതൽ മഴ പെയ്താൽ വെള്ളക്കെട്ട് ഉറപ്പാണ്. കടലിനടുത്തുള്ള എറണാകുളം പോലുള്ള നഗരങ്ങളിൽ വെള്ളത്തിന്റെ വരവ് കൂടുകയും കടലിന്റെ ഉയരം ഒരടി എങ്കിലും കൂടിയാൽ വെള്ളപ്പൊക്കം എന്നത് സ്ഥിരം സംഭവം ആകും. നമ്മുടെ കാർഷികവിളകൾ എല്ലാംതന്നെ നമ്മുടെ മഴയെ ആശ്രയിച്ചുള്ളതാണ്. മഴയുടെ രീതി മാറുന്നതനുസരിച്ച് അത് വിളയോ, വിത്തോ, ജലസേചനരീതിയോ അല്ലെങ്കിൽ ഇതൊക്കെയോതന്നെ മാറ്റിയില്ലെങ്കിൽ നമ്മുടെ കാർഷികരംഗത്ത് വൻതകർച്ച ഉണ്ടാകും എന്നതിൽ സംശയം ഇല്ല.
നമുക്ക് പ്രതീക്ഷ നല്കുന്നത് രണ്ടു കാര്യങ്ങൾ ആണ്. കേരളത്തിൽ ഇപ്പോൾതന്നെ ഒരു കാലാവസ്ഥാവ്യതിയാന വകുപ്പും കാലാവസ്ഥാവ്യതിയാന ഇൻസ്റ്റിറ്റ്യൂട്ടും ഉണ്ട്. പാരീസ് ഉടമ്പടിയോടനുബന്ധിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ധാരാളം സാമ്പത്തിക അവസരങ്ങൾ ഉണ്ടാകാൻ പോകുന്നുണ്. അപ്പോൾ കാലാവസ്ഥ വ്യതിയാനം നമുക്ക് വരുത്താനിടയുള്ള കുഴപ്പങ്ങളെ പറ്റി മുൻകൂട്ടി പഠിച്ചു അതിനോട് അടാപ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും അതുണ്ടാക്കുന്ന പുത്തൻ സാമ്പത്തിക അവസരങ്ങൾ ഉപയോഗികച്ചു ദീർഘവീക്ഷണത്തോടെ പെരുമാറുകയും നമുക്ക് നമ്മുടെ കുട്ടികളുടെ തലമുറയുടെ ജീവിതം സുരക്ഷിതമാക്കാം. കാലാവസ്ഥാവ്യതിയാനം പക്ഷെ ഒരു ഡിപ്പാർട്ടുമെന്റിന്റേയോ ഇൻസ്റ്റിറ്റ്യൂട്ടിന്റേയോ മാത്രം ഉത്തരവാദിത്തം അല്ല. പൊതുരംഗത്തും സ്വകാര്യരംഗത്തും വരുന്ന ഓരോ പുതിയ പദ്ധതിയും കാലാവസ്ഥാവ്യതിയാനത്തിന്റെ കണ്ണിലൂടെ പരിശോധിക്കണം. നമ്മുടെ ഓരോ ബഡ്ജറ്റും കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനും അതിജീവിക്കാനും ഉള്ള ശ്രമങ്ങളെ പിന്തുണക്കുന്നതാകണം.
കാർബൺ സമതുലിതം (ന്യൂട്രൽ) ആയ ഒരു സാമ്പത്തികവ്യവസ്ഥയിലേക്ക് ലോകം പോകുന്നത് സോളാർ ഉൾപ്പടെയുള്ള പുതുക്കാവുന്ന ഊർജ്ജത്തിന് വൻകുതിപ്പ് നൽകും. പെട്രോളും കരിയും എണ്ണയും ഉൾപ്പടെയുള്ള ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം കുറഞ്ഞുവരികയും ചെയ്യും. ഗൾഫും ആയിട്ടുള്ള നമ്മുടെ സാമ്പത്തികബന്ധങ്ങളുടെ സാഹചര്യത്തിൽ ഇക്കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി)