വിവാദം എല്ലാം കെട്ടടങ്ങി കൊച്ചി മെട്രോയുടെ ഉദ്ഘാടനം വരികയാണല്ലോ. അതിശയകരമായ ഒരു പ്രൊജക്റ്റ് ആണിത്. ഒരു മേൽപ്പാലം ഒക്കെ പണിയാൻ ഒരു പതിറ്റാണ്ട് എടുക്കുന്ന നാട്ടിലാണ് അഞ്ചു വർഷത്തിന്ന താഴെ സമയത്ത് കിലോമീറ്ററുകളോളം മെട്രോ ഉയർന്ന് പൊങ്ങിയത്. 'ഇവിടെ ഒന്നും നടക്കില്ല' എന്നൊക്കെ പറഞ്ഞു ശീലമായ നാട്ടിൽ ശ്രീ ഉമ്മൻ ചാണ്ടി പറഞ്ഞ പോലെ 'കേരളം മനസുവച്ചാൽ എന്തും സാധിക്കു'മെന്നതിന്റെ ഉദാഹരണമാണ് കൊച്ചി മെട്രോ. 'ഇച്ഛാ ശക്തി ഉണ്ടെങ്കിൽ ഇവിടെ എന്തും നടക്കും' എന്ന ഒരു പോസിറ്റീവ് ചിന്ത കൊണ്ട് വരാൻ പറ്റി എന്നത് തന്നെ വലിയ കാര്യം അല്ലേ?. പോരാത്തതിന് തികച്ചും ലോകോത്തരമായ സൗകര്യങ്ങൾ ആണ് നാം കാണാൻ പോകുന്നത്, സ്‌റേഷൻ മുതൽ ട്രെയിൻ വരെ സിഗ്‌നലിങ് മുതൽ ടിക്കറ്റിങ് വരെ ദുബായിലും ഷാങ്ഹായിലും ഒക്കെ കാണുന്നത് പോലെ, ലണ്ടനിലും ന്യൂയോർക്കിലും ഒക്കെ കാണുന്നതിലും മുന്നിൽ ആണ് കൊച്ചി മെട്രോ. ഇനി മെട്രോയോട് ഒപ്പമെത്താൻ നമ്മൾ ആണ് ശ്രമിക്കേണ്ടത്.

ഒരു എൻജിനീയറിങ് പ്രോജക്റ്റ് എന്ന നിലയിൽ മെട്രോ വളരെ സങ്കീർണ്ണമാണ്. ഒരു പാലം പോലെയോ റെയിൽവേ പോലെയോ അല്ല. സിവിൽ എൻജിനീയറിങ് മുതൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വരെ ഉള്ള എൻജിനീയറിങ് വിദ്യകളുടെ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ്. ലോകോത്തരമായ സ്റ്റാൻഡേർഡിൽ ഒരു മെട്രോ നിർമ്മിച്ചത് കൂടാതെ അത് ഏറ്റവും സുരക്ഷിതമായി നിർമ്മിച്ചതും നിർമ്മാണ സമയത്തൊക്കെ അസൗകര്യം ഉണ്ടായിട്ടും നാട്ടുകാരെ കൂടെ നിറുത്തിയതും ഒക്കെ നമുക്ക് പാഠങ്ങൾ ആണ്. എന്തുകൊണ്ടാണ് ഇത് സാധിച്ചത്, എന്ത് പ്രോജക്റ്റ് മാനേജ്മെന്റ് തന്ത്രങ്ങൾ ആണ് ഉപയോഗപ്പെടുത്തിയത് എന്നതൊക്കെ നമ്മുടെ ഐ ഐ എം ഒക്കെ ഒരു കേസ് സ്റ്റഡി ആയി എടുത്താൽ നന്നായിരുന്നു.

മെട്രോയെ പറ്റി പറയുമ്പോൾ ആദ്യം ഓർക്കുന്നത് ശ്രീമാൻ ശ്രീധരനെ തന്നെയാണ്. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം മുന്നിൽ ഉള്ളതിനാനാലാണ് നാട്ടിൽ സാധാരണ ഉണ്ടാകാറുള്ള സകല തടസ്സങ്ങളും മാറിയത്. നമ്മുടെ സമൂഹത്തിൽ വ്യക്തിപരമായി ഇന്റഗ്രിറ്റിയും ഔദ്യോഗിക രംഗത്ത് പ്രൊഫഷണലിസവും ഒക്കെ കാണിച്ചാൽ നമ്മുടെ സമൂഹം എത്ര അംഗീകാരം കൊടുക്കും എന്നതിന്റെ തെളിവാണ് ഇതെല്ലം കാണിക്കുന്നത്.

മെട്രോ എന്ന പ്രസ്ഥാനത്തെ കേരളത്തിൽ നയിച്ചത് ശ്രീ ഏലിയാസ് ജോർജ്ജ് ആണ്. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഉള്ള അവസരം കഴിഞ്ഞ തവണത്തെ യാത്രയിൽ ഉണ്ടായി. പ്രവർത്തന സ്വാതന്ത്ര്യവും വ്യക്തമായ ലക്ഷ്യങ്ങളും ഉണ്ടെങ്കിൽ നമ്മുടെ ഉദ്യോഗസ്ഥർക്ക് എത്ര സങ്കീർണ്ണമായ പ്രൊജക്റ്റും ചെയ്യാൻ പറ്റും എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. മെട്രോയുടെ പൈതൃകത്തെ പറ്റി അവകാശ വാദങ്ങൾ ഉണ്ടല്ലോ. വിജയത്തിന് പല പിതാക്കന്മാർ ഉണ്ടാകും എന്നത് പ്രപഞ്ച നിയമം ആണ്. അപ്പോൾ അതിനെ നമ്മൾ കാര്യമായി എടുക്കേണ്ട. കൊച്ചി മെട്രോ ആയ സ്ഥിതിക്ക് മറ്റു നഗരങ്ങളും മോഡേൺ ആകട്ടെ. അതിനൊക്കെ അച്ഛനോ അമ്മയോ ഒക്കെ ആകാൻ എല്ലാവർക്കും അവസരം ഉണ്ടല്ലോ.

എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് പക്ഷെ ഇതൊന്നുമല്ല. കൊച്ചി മെട്രോ റെയിൽ നിർമ്മാണത്തിനും നടത്തിപ്പിനും ആയി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ എന്ന ഒരു പുതിയ സ്ഥാപനം ഉണ്ടാക്കിയല്ലോ. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ അവിടുത്തെ ജീവനക്കാരോട് സംസാരിക്കാൻ ഒരു അവസരം ഉണ്ടായി. കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ആയ രശ്മിയുടെ ക്ഷണ പ്രകാരം ആണ് പോയത്. മുപ്പത്തിയഞ്ചു വയസ്സിനു താഴെയാണ് കൊച്ചിൻ മെട്രോയിലെ ജീവനക്കാരുടെ ശരാശരി പ്രായം.

ശ്രീമാൻ ശ്രീധരനും ശ്രീ ഏലിയാസ് ജോർജിനും അത് പോലെ ഇന്ത്യയിലും വിദേശത്തും നല്ല അനുഭവ സമ്പത്തുള്ള സീനിയർ പ്രൊഫഷനലുകളോടൊപ്പം ഇത്രമാത്രം ആധുനികവും സമയബന്ധിതവും ആയി നടക്കുന്ന ഒരു പ്രൊജക്ടിൽ ജോലി ചെയ്യാൻ കഴിഞ്ഞത് ഈ പുതിയ തലമുറയിലെ കുട്ടികളുടെ കരിയറിൽ കിട്ടിയ അപൂർവ്വ അവസരം ആണ്. ഇവരാണ് നാളെ ഇന്ദ്രാ നൂയിയും ഇ ശ്രീധരനും ഏലിയാസ് ജോർജ്ജും ഒക്കെയായി വളരാൻ പോകുന്നത്. കൊച്ചിൻ മെട്രോയിലെ എക്‌സ്പീരിയന്‌സിന്റെ വെളിച്ചത്തിൽ ലോകത്ത് എവിടെയും ഇനി അവർക്ക് ജോലി കിട്ടും. പക്ഷെ ഇവരിൽ കുറെ പേരെ എങ്കിലും എങ്ങനെ കേരളത്തിൽ പിടിച്ചു നിർത്തണമെന്നും അടുത്ത മുപ്പതു വർഷക്കാലത്ത് നമ്മുടെ ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിൽ പങ്കാളിയാക്കാം എന്നും ആണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്.

കൊച്ചിൻ മെട്രോയിൽ നിന്നുള്ള പ്രോജക്ട് മാനേജ്‌മെന്റും സുരക്ഷാ പാഠങ്ങളും എല്ലാം നമ്മുടെ പി ഡബ്ലൂ ഡി യിലേക്കും സ്വകാര്യ നിർമ്മാണ മേഖലയിലേക്കും ഒക്കെ വരണം. ഇനി ഒരു ഡസൻ ഇന്ത്യൻ നഗരങ്ങൾ കൂടി മെട്രോ ഉണ്ടാക്കാൻ നോക്കി നിൽക്കുകയാണ്. ഡൽഹി മെട്രോ പോലെ കൊച്ചി മെട്രോക്കും അവിടെ പോയി പ്രോജക്ടുകൾ എടുക്കാം. അത് പോലെ തന്നെ മെട്രോ പണിയാനുള്ള മൂലധനവും സജ്ജീകരണങ്ങളും ഉള്ള എൽ ആൻഡ് ടി പോലെ ഒരു നിർമ്മാണ മേഖലയിലെ ഭീമൻ എന്തുകൊണ്ട് നമുക്ക് ഉണ്ടാക്കിക്കൂടാ ?. ഗൾഫിൽ എല്ലാം നിർമ്മാണ മേഖലയിൽ കേരളത്തിൽ നിന്നുള്ള സൂപ്പർ പവറുകൾ ഉണ്ടല്ലോ, അവരുടെ മൂലധനവും അവിടെ ജോലി ചെയ്യുന്ന മലയാളികളുടെ പരിചയവും ഒക്കെ കൂട്ടി യോജിപ്പിച്ചാൽ ഇതൊക്കെ നമുക്കും സാധിക്കുന്നതേ ഉള്ളൂ. ഇവിടെ ഒന്നും നടക്കില്ല എന്ന് ഇനിയെങ്കിലും പറയരുത്.