കൊല്ലം: സിപിഐ(എം) തന്നെ ഭരണപക്ഷവും പ്രതിപക്ഷവുമാകുന്ന സംസ്ഥാന രാഷ്ട്രീയത്തിലെ പ്രത്യേക സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടിയ കെ. മുരളീധരൻ എംഎൽഎയെ കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും വി.ഡി. സതീശനും രംഗത്ത്. കോൺഗ്രസിനെ പരസ്യമായി അവഹേളിക്കുകയും എതിരാളികളുടെ കൈയിൽ ആയുധം വച്ചുകൊടുക്കുകയും ചെയ്യുന്ന മുരളീധരന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഉണ്ണിത്താനും സതീശനും വ്യക്തമാക്കിയത്.

സർക്കാരിന്റെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്നുവെന്നാണ് കോഴിക്കോട്ട് കെ.കരുണാകരൻ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കവേ മുരളീധരൻ വിമർശിച്ചത്. എം.എം. മണി വിഷയം അടക്കമുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ചാനലുകളിൽ മുഖംകാണിക്കാൻ കോൺഗ്രസ് നേതാക്കൾ തല്ലുകൂടുകയാണെന്നും മുരളീധരൻ ആരോപിച്ചു. മന്ത്രി എം.എം. മണിയുടെ രാജിയാവശ്യപ്പെട്ട് പ്രസ്താവനകളിറക്കുക മാത്രമാണ് നേതാക്കൾ ചെയ്യുന്നത്. ശക്തമായ സമരം നടത്തുന്നതിനോ പ്രതിഷേധിക്കുന്നതിനോ കോൺഗ്രസ് തയാറാകുന്നില്ല. പാർട്ടി നേതാക്കൾ സ്വയം തന്നിലേക്കുമാത്രം ചുരുങ്ങുന്നു. നേതാക്കൾ സ്വന്തം സീറ്റിനും ലാഭത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുകയുമാണ്. അവരുടെ മുഖം മിനുക്കാൻ വേണ്ടി മാത്രം ശ്രമിക്കുന്ന ഘട്ടത്തിൽ പാർട്ടി ദുർബലമാകുന്ന കാഴ്ചയാണ് കാണുന്നതെന്നും മുരളീധരൻ ആരോപിച്ചു.

മുരളീധരൻ കോൺഗ്രസിനെ പൊതുജനമധ്യത്തിൽ അവഹേളിക്കുകയാണെന്നും പാലു കൊടുത്ത കൈയ്ക്കുതന്നെ കൊത്തുകയാണെന്നുമായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ മറുപടി. മുരളീധൻ സ്ഥിരം പ്രശ്‌നക്കാരനായി മാറിയിരിക്കുകയാണ്. മൂന്നു പാർട്ടികളുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയാണു മുരളീധരൻ. അദ്ദേഹം പഴയ പാത സ്വീകരിക്കാനുള്ള പുറപ്പാടാണോയെന്നു സംശയം ഉണ്ട്. കേവലം അംഗത്വം മാത്രം മതി, പദവികളൊന്നും വേണ്ട എന്നുപറഞ്ഞാണ് അദ്ദേഹം കോൺഗ്രസിൽ മടങ്ങിയെത്തിയത്. തിരിച്ചെടുക്കരുതെന്നു മുതിർന്ന നേതാക്കൾ അടക്കം പലരും നിലപാടു സ്വീകരിച്ചപ്പോൾ വി എം.സുധീരൻ മുരളിയെ ശക്തമായി പിന്തുണച്ചു. പാലുകൊടുത്ത കയ്യിൽ കൊത്തുന്നതു ശൈലിയാണു മുരളി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

കെ.കരുണാകരന്റെ ചരമദിനാചരണത്തിനു പത്മജ വേണുഗോപാലും കുടുംബാംഗങ്ങളും തൃശൂരിൽ ഒത്തുചേർന്നു. മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിയിലായിരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡൽഹിയിലായിരുന്ന എ.കെ.ആന്റണിയും ഓർമദിനത്തിൽ കേരളത്തിലേക്കു വന്നു. എന്നാൽ അച്ഛന്റെ സ്മരണദിനത്തിൽ മുരളീധരൻ ദുബായിലേക്കുപോയി. കരുണാകരന്റെ സ്മൃതികുടീരത്തിൽ എത്താൻ മുരളിക്കു സമയം ലഭിച്ചില്ലെന്നും സതീശൻ ആരോപിച്ചു. മുതിർന്ന നേതാക്കൾ മിതത്വം പാലിക്കണമെന്നും പ്രതിപക്ഷ പ്രവർത്തനത്തിന് പരിമിതികളുണ്ടെന്നുമായിരുന്നു സതീശന്റെ മറുപടി.

എന്നാൽ ഉണ്ണിത്താനും സതീശനും തനിക്കെതിരേ തിരിഞ്ഞതിൽ മുരളി കാര്യമായിട്ടെടുത്തിട്ടില്ല. യോഗ്യത ഇല്ലാത്തവരുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെമേൽ കുതിരകയറുന്നത് പിണറായി വിജയനെ പറയാൻ പേടിക്കുന്നവരാണ്. രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.