തിരുവനന്തപുരം: ഒടിയൻ സിനിമ റിലീസായപ്പോൾ ഉള്ള കോലാഹലങ്ങൾ മറക്കാറായില്ലല്ലോ? നേരത്ത പടുത്തുയർത്തിയ ഹൈപ്പിനൊപ്പിച്ച് സിനിമ ഉയരുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഇത് ആദ്യഘട്ടത്തിൽ ചിത്രത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. മോഹൻലാലിന്റെ അടുത്ത ചിത്രമായ ലൂസിഫറും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നുതുടങ്ങിയിട്ടുണ്ട്. ഇതിൽ ആരും പ്രതീക്ഷിക്കാത്ത ഒരുഹൈ പ്രൊഫൈൽ അതിഥി വേഷം ഉണ്ടെന്നാണ് ഇപ്പോഴത്തെ പ്രചാരണം. പ്രചാരണത്തിന്റെ സത്യാവസ്ഥ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി തന്റെ ഫേ്‌സ്ബുക്കിൽ കുറിച്ചിട്ടു.

പോസ്റ്റ് ഇങ്ങനെ:

പ്രിയ സുഹൃത്തുക്കളെ,

''ലൂസിഫർ'' എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങൾ പരത്തുന്ന ചില ഓൺലൈൻ മാധ്യമ ''വാർത്തകൾ'' (വീണ്ടും) ശ്രദ്ധയിൽ പെട്ടു. ഇതിൽ (ഞങ്ങൾ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ ''കണ്ടെത്തൽ''. ഈ 'കണ്ടുപിടിത്തം' ഒരുപാട് ഷെയർ ചെയ്തു പടർത്തുന്നതായും കാണുന്നു.
ഇത്തരം ''വാർത്ത''കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്‌ച്ചാനുഭവത്തെ പൂർണ്ണമായും നശിപ്പിക്കുന്നത്.
ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങൾ ഇത്തരം കുന്നായ്മകൾ പടച്ചിറക്കുന്നതും.
സിനിമ റിലീസ് ആകുമ്പോൾ അത് കാണുക എന്നല്ലാതെ അതിനു മുൻപ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങൾ ഒരു യഥാർഥ സിനിമാപ്രേമി ആണെങ്കിൽ, ഇത്തരം നിരുത്തരവാദപരമായ ''വാർത്തകൾ'' ഷെയർ ചെയ്യാതെയുമിരിക്കുക.

സസ്‌നേഹം,
മുരളി ഗോപി