- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയസൂര്യ ചിത്രം വെള്ളം കേരള സമൂഹത്തെ മാറ്റി മറിച്ചതിന്റെ പിന്നിൽ മുഴുക്കുടിയനായിരുന്ന ഈ തളിപ്പറമ്പുകാരൻ; ഒരു നാടിനെ ഇളക്കിമറിച്ച ജീവിതകഥ മറുനാടൻ മലയാളിയോട് പറഞ്ഞ് പ്രവാസി വ്യവസായി മുരളി കുന്നുംപുറം
ആകാശമായവളെ......
അകലെ പറന്നവളെ......
ചിറകായിരുന്നല്ലോ നീ.....
അറിയാതെ പോയെന്നു ഞാൻ
കോവിഡ് ഭീതയ്ക്കിടെ ഒരിളം വെയിൽപോലെ കടന്നു വന്ന ഗാനവും സിനിമയും. മലയാളികൾ നെഞ്ചിലേറ്റിയ ഏറെ അർത്ഥവത്തായ ഈ ഗാനം ഏറ്റവും പുതിയ മലയാള ചിത്രമായ വെള്ളത്തിലേതാണ്.' വെള്ളം' നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. എന്നാൽ ആ വെള്ളത്തിൽ മദ്യം കലർന്നാൽ പിന്നെ പതിയെ പതിയെ മദ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറും എന്ന വലിയ ഒരു സന്ദേശമാണ് 'വെള്ളം' കാഴ്ചക്കാരന് നൽകുന്നത്.
മദ്യപാനം മൂലം മാതാപിതാക്കൾക്കും ,ഭാര്യയ്ക്കും,മക്കൾക്കും,ബന്ധുക്കൾക്കും മറ്റു സുഹൃത്തുക്കൾക്കും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ അയാൾക്ക് പലപ്പോഴും ഓർത്തെടുക്കാൻ കഴിയാറില്ല. അതിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് ഈ ചിത്രം എന്ന് നിസ്സംശയം പറയാം.ജീവിതം തന്നെ മാറ്റി മറിച്ച മദ്യപാനം, അതിന്റെ അടയാളപ്പെടുത്തലുകൾ, അതിൽ നിന്നുണ്ടായ തിരിച്ചറിവ് ഇതൊക്കെ സമൂഹത്തിന് മുന്നിൽ തുറന്നു പറയുന്നവർ വളരെ കുറവായിരിക്കും. നിരവധി ആളുകൾ മദ്യമുപേക്ഷിക്കാൻ താൻ കാരണമായി എന്ന സന്തോഷം പങ്കു വെച്ച് കൊണ്ടാണ് മുരളി കുന്നുംപുറത്ത് സംസാരിച്ചു തുടങ്ങിയത്.
അതിൽ സൗഹൃദവും,കുടുംബവും ,ബിസിനസ്സും എല്ലാം ഉണ്ടായിരുന്നു. ഒന്നുമില്ലാതെ എല്ലാം നഷ്ട്ടപ്പെട്ട് തളിപ്പറമ്പിലെ നാട്ടുവഴികളിലൂടെ നടന്ന മുരളി, ഇന്ന് സമൂഹത്തിൽ നിലയും വിലയുമുള്ള ഒരു സംരംഭകനാണ്. കോഴിക്കോട് ഉള്ള തന്റെ ഫ്‌ളാറ്റിലിരുന്ന് പലതവണ പറഞ്ഞതും, ഇതുവരെ ആരോടും പറയാത്ത കഥകളുമൊക്കെ മുരളി മറുനാടൻ മലയാളി വായനക്കാർക്ക് വേണ്ടി പറഞ്ഞു തുടങ്ങി.
സിനിമയോട് ഏറെ ആരാധനയുള്ള ആൾ സ്വന്തം ജീവിതം ആധാരമാക്കി സിനിമ വന്നപ്പോൾ നിർമ്മാണത്തിലൂടെയും ,കഥയിലൂടെയും അതിന്റെ ഭാഗമായി. എന്ത് തോന്നുന്നു?
വളരെ സന്തോഷം തോന്നുന്നു അതിനോടൊപ്പം ചെറിയൊരു വിഷമവുമുണ്ട്. സന്തോഷം ആദ്യം പറയാം. ഈ സിനിമ കണ്ടതിനു ശേഷം കുടി നിർത്തി എന്ന് പറഞ്ഞു വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്ന ഒരുപാട് ആൾക്കാരുണ്ട്. ശരിക്കും പറഞ്ഞാൽ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്റെ ജീവിതത്തിന്റെ ഒരു ഇരുപത് ശതമാനം മാത്രമേ സിനിമയിൽ കാണിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അത്ര മോശമായ പല കാര്യങ്ങളും മദ്യം മൂലം സംഭവിച്ചിട്ടുണ്ട്.
നീണ്ട പത്തു വർഷത്തോളം മദ്യം എന്നെ അടക്കി ഭരിച്ചു അതിൽ ഏറ്റവും മോശമായത് 2005 - 2008 കാലത്താണ്. എന്റെ തിരിച്ചറിവായിരുന്നു എന്റെ വിജയം. അങ്ങനെയാണ് മദ്യപാനം നിർത്തിയത്ത്. അത് ഈ സിനിമയിലൂടെ ആളുകളിലേക്കെത്തിക്കാൻ പ്രജേഷിനും, ജയസൂര്യയ്ക്കും കഴിഞ്ഞിട്ടുണ്ട്. വെള്ളം സിനിമയെ ജനങ്ങൾ നെഞ്ചിലേറ്റി എന്നതിനൊരു സംശയവുമില്ല.എന്നാൽ സിനിമ നഷ്ടത്തിലാണ് ഓടുന്നത്. തിയേറ്ററിൽ പോയി കാണുന്നവരുടെ എണ്ണം കുറഞ്ഞു.ഓൺലൈനിൽ കണ്ട ചിലർ അതിന്റെ വ്യാജ പ്രിന്റ്റ് ഇറക്കി.
സിനിമയെന്ന് പറയുന്നത്. ഒരുപാട് പേരുടെ ചോറാണ്. എല്ലാവരും ആ രീതിയിൽ സിനിമയെ കാണണം എന്നൊരപേക്ഷയുണ്ട്. കഴിയുന്നതും സിനിമ ഈ സിനിമ മാത്രമല്ല എല്ലാ പുതിയ സിനിമകളും തിയേറ്ററിൽ പോയി കാണണം. സിനിമ കണ്ടിട്ട് അതേപോലെ തന്നെയാണ് ഞാൻ എന്ന് കരുതി ഒരുപാട് ആളുകൾ ജോലിയും സഹായവും ഒക്കെ ചോദിക്കാറുണ്ട്.എല്ലാവരെയും കൈ അയച്ചു സഹായിക്കാൻ ഞാൻ കോടീശ്വരനൊന്നുമല്ല എന്ന് ദയവു ചെയ്തു മനസ്സിലാക്കണം. പത്തു പന്ത്രണ്ടു രാജ്യങ്ങളിൽ എക്‌സ്‌പോർട്ടിങ് ഉണ്ട് എന്നത് ശരിയാണ് പക്ഷേ
കൊറോണ ഞങ്ങളുടെ ബിസിനസ്സിനെയും കാര്യമായി ബാധിച്ചു. ഇപ്പോൾ ശരിയായി വരുന്നു.
സിനിമയോടൊപ്പം വെള്ളത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, ഈ സിനിമയിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് ഏതാണ്? അതിന്റെ കാരണമെന്താണ്?
അതിൽ ഒരു സംശയവുമില്ല ആകാശമായവളെ.... അകലെ പറന്നവളെ....എന്ന ഗാനം തന്നെയാണ്. എന്റെ തിരിച്ചു വരവിൽ പല പേരുകളും എടുത്തു പറയാറുണ്ടെങ്കിലും എന്റെ ഭാര്യ സിമി അന്ന് കൂടെയുണ്ടായിരുന്നില്ലെങ്കിൽ ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഞാൻ ഉണ്ടാവില്ല.അവസാന ശ്രമം എന്ന രീതിയിൽ അവൾ എന്റെ കൂടെ നിന്നുകൊണ്ട് മാത്രമാണ് എനിക്ക് രക്ഷപെടാൻ സാധിച്ചത്.ശരിക്കും പറഞ്ഞാൽ ഓരോ വരികളും ചുടുചോര പോലെ. അത് ഉള്ളിൽ അങ്ങനെ ഒഴുകി മറിയുകയാണ്.
ഒറ്റപ്പെടലിന്റെ ഭ്രാന്തമായ വേദന ഓരോ വരികളിലും തങ്ങി നിൽക്കുകയാണ്. നിധീഷ് നടേരിയുടെ അസാധ്യ വരികൾ ബിജിപാൽ അതി ഗംഭീരമായി സംഗീതം ചെയ്തിരിക്കുന്നു.അതുൾക്കൊണ്ട് മനസ്സിലേക്കാവാഹിച്ചു ഷഹബാസ് അമൻ നെഞ്ചിലൊരു പിടച്ചിൽ നിർത്തി പാടിയിരിക്കുന്നു. നഷ്ട്ടത്തിന്റ ആഴങ്ങൾ തേടി അലയുന്നൊരു ഗാനം തന്നെയാണിത്.
വലിയൊരു സൗഹൃദ വലയത്തെക്കുറിച്ചു ഈ സിനിമയിൽ പറയുന്നുണ്ട്, ജീവിതത്തിലും അങ്ങനെ തന്നെയാണോ?
സുഹൃത്തുക്കളാണ് എന്റെ ശക്തി. മദ്യം ഉപേക്ഷിച്ചു, ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തി പക്ഷേ കൂട്ടുകാർ അന്നും ഇന്നും മാറിയിട്ടില്ല. കണ്ണൂർ തളിപ്പറമ്പാണ് എന്റെ സ്വദേശം. അവിടെ ഞാൻ നാട്ടുമ്പുറത്തുകാരനായ പഴയ മുരളി തന്നെയാണ്. സൗഹൃദത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഇതുവരെ എങ്ങും പറയാത്ത ഒരു കാര്യം ഓർമ വന്നത്. അച്ഛൻ തീരെ വയ്യാതെ കിടക്കുന്ന സമയത്തു ആശുപത്രിയിൽ അടക്കാൻ പതിനായിരം രൂപയുടെ കുറവുണ്ട്.
അർബുദം ബാധിച്ചു ഒന്നും പോലും കഴിക്കാൻ വയ്യാതെ കിടക്കുന്ന അച്ഛന് ട്യൂബ് ഇട്ടു ഭക്ഷണം കൊടുക്കണമെങ്കിൽ പണം മുഴുവൻ അടക്കണം. രഘു എന്ന് പറഞ്ഞൊരു സുഹൃത്ത് അന്ന് ദുബായിൽ ഉണ്ട്. പൊന്നു കുട്ടൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. എനിക്ക് പിറ്റേന്ന് പത്തു മണിക്ക് മുൻപ് രൂപ അയച്ചു തരണമെന്ന് ഞാൻ അവനോട് വിളിച്ചു പറഞ്ഞു.കാലത്ത് ഒൻപത് മണിയായപ്പോൾ 28000 രൂപ എന്റെ അക്കൗണ്ടിലേക്ക് രഘു അയച്ചു തന്നു. ആശുപത്രിയിലല്ലേ ഇനി എന്തെങ്കിലും ആവശ്യം വന്നാലോ എന്നായിരുന്നു എന്നാണ് അവൻ ചിന്തിച്ചത്.
ആ പണം എനിക്ക് തിരിച്ചു കൊടുക്കാൻ പറ്റുമെന്ന ഒരുറപ്പും അന്നില്ലാത്ത സമയമാണെന്നോർക്കണം .ഇതുപോലെ ഉള്ള സുഹൃത്തുക്കളല്ലേ നമുക്ക് വേണ്ടത്. ഒരുപാട് പുതിയ സൗഹൃദങ്ങൾ ഉണ്ട് എന്നാലും കയ്യിലുള്ളത്തിന്റെ വില നന്നായി അറിയാം.
മദ്യപിക്കുന്നത് തെറ്റാണോ? ഇപ്പോൾ മദ്യപിക്കാൻ തോന്നാറുണ്ടോ?
മദ്യം കഴിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല. പക്ഷേ അളവില്ലാതെ കഴിച്ചു നശിച്ചു പോകുന്നത് തെറ്റ് തന്നെയാണ്.അത് നമ്മൾ തനിയെ തിരിച്ചറിഞ്ഞു നിർത്തണം. എങ്കിൽ മാത്രമേ രക്ഷയുള്ളൂ. എനിക്ക് ഒരിക്കലും നിയന്ത്രിച്ചു കുടിക്കാൻ അറിയില്ല. ഇപ്പോഴും മദ്യപിക്കാൻ തോന്നാറുണ്ട്.
കൂട്ടുകാരുടെ കൂടെ മദ്യപിക്കുന്നതിന്റെ കൂടെയൊക്കെ ചിലപ്പോൾ സൗഹൃദത്തിന്റെ പേരിൽ ഇരിക്കേണ്ടി വരാറുണ്ട് പക്ഷേ ഞാൻ കഴിക്കില്ല.കാരണം എനിക്ക് നന്നായി അറിയാം എന്നെക്കൊണ്ട് നിയന്ത്രിച്ചു കഴിക്കാൻ കഴിയില്ല എന്ന്. വിമാനത്തിലൊക്കെ ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യുമ്പോൾ വിലകൂടിയ മദ്യം വിളമ്പുമല്ലോ? എന്നാലും കഴിക്കില്ല എന്നത് ഉറച്ച തീരുമാനമാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി മദ്യം കഴിച്ചിട്ടേയില്ല.
മദ്യം കഴിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
മദ്യം നിയന്ത്രിച്ചു കഴിക്കണം. അത് അതിര് കടക്കുന്നു എന്ന് തോന്നിയാൽ നിർത്തണം. അത് നിങ്ങൾ തന്നെ തീരുമാനിക്കണം.
മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
മദ്യപാനം നിർത്താൻ സഹായിച്ച ഒരു ഡോക്ടറിനെ കുറിച്ച് സിനിമയിൽ പറയുന്നുണ്ടല്ലോ? ആ ഡോക്ടർ കാരണമാണോ മദ്യം നിർത്തിയത്?
ജീവിതത്തിൽ രണ്ടു ഡോക്ടറുമാർ ഉണ്ടായിരുന്നു. ലോകേഷും,സത്യനാഥനും. അതൊരുമിച്ചു സിനിമയിൽ കാണിച്ചു എന്ന് മാത്രം. അവസാനം ആയപ്പോൾ ഞാനും മടുത്തു എങ്ങനെ എങ്കിലും മദ്യം ഉപേക്ഷിക്കണം എന്നായി. പക്ഷേ എങ്ങനെ, ഇതില്ലാണ്ട് പറ്റുന്നില്ല. അമ്പത് പൈസയും ഒരു രൂപയുമൊക്കെ ആൾക്കാരോട് ഇരന്നു വാങ്ങി അത് പതിനൊന്നു രൂപ അമ്പത് പൈസയാകുമ്പോൾ മുപ്പതു മില്ലി മദ്യം വാങ്ങി കുടിക്കും. ആ അവസ്ഥയിൽ എത്തി കാര്യങ്ങൾ. അങ്ങനെ നാട്ടിലുള്ള ഒരാളുടെ സഹായത്തോടെ കോഴിക്കോട് നിന്നും തിരികെ തളിപ്പറമ്പിൽ എത്തി. വിശന്നു തളർന്നാണ് വീടെത്തിയത് അപ്പോഴാണ് അറിയുന്നത് അച്ഛനും അമ്മയും വീട് വിറ്റ് കീഴാറ്റൂർക്ക് പോയെന്ന്.
മാതാപിതാക്കളില്ല ,ബന്ധുക്കളില്ല , സുഹൃത്തുക്കളില്ല കയ്യിൽ അഞ്ചു പൈസയില്ല. അച്ഛന്റെയും അമ്മയുടെയും അടുത്ത് ചെന്നിട്ട് അവരും കയറ്റിയില്ല. തിരികെ പഴയ വീട്ടിൽ ( വിറ്റ വീട്ടിൽ ) വന്നു കിടന്നു ,കിണറ്റിൽ നിന്നും വെള്ളം കുടിക്കും വീണ്ടും കിടക്കും.എന്റെ സഹോദരി അടുത്ത് താമസിക്കുന്നുണ്ട് .സഹോദരിയുടെ മകൻ ഒരു പാത്രത്തിൽ ചോറ് കൊണ്ടുവന്നു തന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. ആർത്തിയോടെ ആണ് ഞാൻ അത് തട്ടിപ്പറിച്ചു വാങ്ങി കഴിച്ചത്. അതൊന്നും ഒരിക്കലും മറക്കില്ല രശ്മി( ഓർമയുടെ തള്ളിക്കയറ്റത്തിലാവാം മുരളിച്ചേട്ടൻ കുറച്ചു സമയം മിണ്ടാതിരുന്നു.)
കുറച്ചു കഴിഞ്ഞു അമ്മയും അച്ഛനും കൂടി വന്നു. പിറ്റേന്ന് രാവിലെ സഹോദരിയുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഞാൻ എണീറ്റപ്പോൾ അമ്മയും അച്ഛനും വന്നു, 'അമ്മ സോപ്പും തോർത്തും എടുത്തു തന്നു. ഞാൻ കുളിച്ചു. എല്ലാം നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തമായ അവസ്ഥയിലാണെന്ന് ഞാൻ. 'അമ്മ ഒരു ബാഗിൽ എന്റെ തുണിയൊക്കെ എടുത്തിട്ട് കയ്യിൽ 200 രൂപയും വച്ച് തന്നിട്ട് പറഞ്ഞു, നീ ഒന്ന് കൂടി ആ ഡോക്ടറെ പോയി കാണൂ. ഇങ്ങനെ മുന്നോട്ടു പോയാൽ ശരിയാവില്ല .ശരിക്കും ദൈവം പറഞ്ഞതുപോലെ അമ്മയുടെ വാക്ക് കേട്ട് നേരെ ആ പണവും വാങ്ങി ഡോക്ടറെ കാണാനായി ഇറങ്ങിത്തിരിച്ചു.
ബസ്സിൽ കയറുന്നതിനു മുൻപേ ,അവിടെ സാധു എന്നൊരു ബാറുണ്ട് ആ ബാറിൽ കയറണമെന്നു തോന്നി. പെട്ടന്ന് ഏതോ ഒരു അദൃശ്യ ശക്തി എന്നെ പിടിച്ചു വലിക്കുന്നതുപോലെ ഞാൻ മറ്റൊന്നുമാലോചിക്കാതെ കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറി ഇരുന്നു. രണ്ടര മണിക്കൂർ യാത്ര ഉണ്ടായിരുന്നു. ശരിക്കും ആ യാത്രയിൽ മുഴുവൻ ഞാൻ എന്നെക്കുറിച്ചു ചിന്തിച്ചു. എല്ലാ അർത്ഥത്തിലും അതൊരു മാറ്റത്തിലേക്കുള്ള തുടക്കമായിരുന്നു. പിന്നെ ഇന്നുവരെ മദ്യം കഴിച്ചിട്ടില്ല ,ഇപ്പോൾ പന്ത്രണ്ടു വർഷമായി.
ഇൻസൾട് ആണ് ജയിക്കാനുള്ള ഏറ്റവും വലിയ ആയുധം എന്ന് സിനിമയിൽ പറയുന്നുണ്ട്.അതിനോടെത്രമാത്രം യോജിക്കുന്നു?
ഞാൻ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമല്ലേ? ഒന്നുമില്ലാതെ വെറും വട്ടപ്പൂജ്യമായിരുന്നിടത്തു നിന്ന് ഇന്നീ കാണുന്ന നിലയിൽ മദ്യപാനം നിർത്തി എനിക്ക് നന്നാകാമെങ്കിൽ നിങ്ങൾക്കും പറ്റും.അതാണ് ഞാൻ ആൾക്കാരോട് പറയാൻ ശ്രമിക്കുന്നത്.നശിക്കാൻ എളുപ്പമാണ്. മദ്യം അമിതമായി നിങ്ങളിൽ പിടിമുറുക്കുമ്പോഴേ അത് തിരിച്ചറിയണം. എല്ലാവര്ക്കും അതിനു സാധിക്കട്ടെ.
കുടുംബം ഇപ്പോൾ എവിടെയാണ്?
അച്ഛൻ മരിച്ചിട്ടു കുറച്ചു വർഷമായി. 'അമ്മ, ഓമന ഇപ്പോൾ കണ്ണൂരുണ്ട് ഞാനിപ്പോൾ കോഴിക്കോട് നടക്കാവ് ആണുള്ളത്. ഭാര്യ സിമി ,മക്കൾ ശ്രീ ലക്ഷ്മിയു,യദു കൃഷ്ണനും. നാട്ടിൽ ഞങ്ങളുടെ വീട് പണി നടക്കുന്നു.അമ്മയെ ആ വീട്ടിൽ താമസിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. ജീവിതത്തെ പൊരുതി തോൽപ്പിച്ച തിരിച്ചറിവിന്റെ ആഴക്കടലെന്ന സമ്പത്തുമായ് ഒരു നാട്ടിൻ പുറത്തുകാരന്റെ നിഷ്‌കളങ്കതയോടെ മുരളി ചേട്ടൻ ചിരിച്ചു.
ജീവിതം പലരീതിയിലാണ് നമ്മളിൽ മാറ്റങ്ങൾ വരുത്തുന്നത്. എല്ലാം നേടി മുന്നോട്ട് പോകുമ്പോഴും പ്രിയപ്പെട്ടവരെ എങ്ങനെ ചേർത്ത് പിടിക്കാം എന്ന വലിയൊരു പാഠം നമ്മളെ പഠിപ്പിക്കുകയാണ് ഈ തളിപ്പറമ്പുകാരൻ. സമയമില്ലായ്മയുടെ ലോകത്ത് നിർത്താത്ത ഓടിക്കൊണ്ടിരിക്കുമ്പോൾ നമ്മളെ കേൾക്കാനൊരാൾ ഉണ്ടാകുക , കരുതാനൊരാൾ ഉണ്ടാകുക എന്ന ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ.