- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിവേറ്റവർക്ക് തണലാകാൻ നമുക്കൊരുമിച്ച് നിൽക്കാം... ജീവിക്കാം ജീവിക്കാൻ പ്രേരിപ്പിക്കാം...; മദ്യത്തിൽ നിന്നും മുക്തി നേടിയവർക്ക് മുൻഗണന; ആയിരത്തോളം പേർക്ക് ജോലി നൽകാൻ 'വാട്ടർമാൻ' മുരളി; വാട്ടർമാൻ ടൈൽസിന്റെ കേരളത്തിലെ ആദ്യ ഷോറൂമിന് തറക്കല്ലിട്ടു
ആലുവ: വാട്ടർമാൻ ടൈൽസിന്റെ കേരളത്തിലെ ആദ്യഷോറൂമിന് ആലുവ - പറവൂർ റോഡിലെ കരുമാലൂരിൽ തറക്കല്ലിട്ടു.കേരളത്തിൽ ആരംഭിക്കുന്ന സംരഭത്തീലുടെ ആയിരത്തോളം പേർക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മുരളി കുന്നുംപുറത്ത് അറിയിച്ചു.മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ എന്നിവർക്ക് തന്റെ സംരംഭമായ വാട്ടർമാൻ ടൈൽസിൽ തൊഴിൽ നൽകാനാണ് തീരുമാനമെന്നും മുരളി വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പേജിലുടെയാണ് മുരളി തന്റെ പുതിയ സംരഭത്തെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പങ്കുവെച്ചത്.
തറക്കലിടലിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് മുരളി കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ മദ്യപാനിയാണ് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്. മദ്യപാനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾക്ക് സമൂഹത്തിന്റെ കെട്ടിപ്പിടുത്തം ആവശ്യമാണ്. മദ്യപാനം രോഗമാകുമ്പോൾ ചികിത്സക്കൊപ്പം സ്‌നേഹവും പരിഗണനയും കിട്ടിയേ തീരൂ. ഇത്തരത്തിൽ ഡീ-അഡിക്ഷൻ സെന്ററിൽ നിന്നും പുറത്തു വരുന്ന സഹോദരങ്ങൾക്ക് തണലാകാൻ വാട്ടർമാൻ ടൈൽസിന് കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും മുരളി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
സുഹൃത്തുക്കളേ,
ഒരു സന്തോഷ വാർത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. വാട്ടർമാൻ ടൈൽസിന്റെ കേരളത്തിലെ ആദ്യ ഷോറൂമിന് ഇന്ന് 23-6-2021 ന് ബുധനാഴ്ച ആലുവ - പറവൂർ റോഡിലെ കരുമാലൂരിൽ തറക്കല്ലിടുന്നു. എന്റെ ഒരു വലിയ സ്വപ്നത്തിന്റെ ശിലയിടൽ കൂടിയാണിത്.'വെള്ളം' എന്ന സിനിമയിലൂടെ എന്റെ ജീവിതത്തെ അടുത്തറിഞ്ഞവരെല്ലാം 'WATERMAN' എന്ന പേരും ഹൃദയത്തോട് ചേർക്കുന്നവരാകും. മുരളി എന്ന കഥാപാത്രവും മദ്യവും തമ്മിലുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുന്ന ഈ വാക്ക്, വ്യക്തി എന്ന നിലയിൽ എന്റെ ജീവിതത്തിലും അതുവഴി ചുറ്റുമുള്ള ഒരു പാടു പേരുടെ ജീവിതത്തിലും വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ്.
രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ മാർക്കറ്റിൽ വാട്ടർമാൻ ടൈൽ സജീവ സാന്നിധ്യമായി മാറും. ആയിരത്തോളം പേർക്കുള്ള ജോലി സാധ്യത കൂടിയാണ് എന്റെ സ്വപ്നം..
നിങ്ങൾക്കെല്ലാമറിയാം മദ്യപാനിയോട് സമൂഹം കാണിക്കുന്ന അവഗണനയെ കുറിച്ച്...വീടും നാടും പുറം തള്ളി തെരുവിലുറങ്ങിയ രാത്രികൾ എന്റെ ജീവിതത്തിൽ ഏറെയുണ്ട്. ആരും ഒരൽപം പോലും മനുഷ്യത്വം കാണിക്കാതെ, കോമാളിയായും വിഡ്ഢിയായും നടന്നു തള്ളിയ വഴികൾ എന്റെ പുറകിലുണ്ട്...കരഞ്ഞ് തീർത്ത രാത്രികളേയും വിഷാദം പകുത്ത പകലുകളേയും ഒന്നു തിരിഞ്ഞ് നിന്നാൽ എനിക്ക് ഇപ്പോഴും തൊടാം.
ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ മദ്യപാനിയാണ് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്...മദ്യപാനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾക്ക് സമൂഹത്തിന്റെ കെട്ടിപ്പിടുത്തം ആവശ്യമാണ്....
മദ്യപാനം രോഗമാകുമ്പോൾ ചികിത്സക്കൊപ്പം സ്‌നേഹവും പരിഗണനയും കിട്ടിയേ തീരൂ...ഇത്തരത്തിൽ ഡീ-അഡിക്ഷൻ സെന്ററിൽ നിന്നും മറ്റും പുറത്തു വരുന്ന സഹോദരങ്ങൾക്ക് തണലാകാൻ വാട്ടർമാൻ ടൈൽസിനു കഴിയണമെന്ന ആഗ്രഹമുണ്ട്... കഴിയുമെന്ന പ്രതീക്ഷയുമുണ്ട്...
അതു കൊണ്ട് മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ... എന്നിവരിൽ കുറച്ചു പേരെയെങ്കിലും ജോലിക്ക് നിർത്താനാണ് ആഗ്രഹം...
അവഗണനയുടെ നോട്ടങ്ങൾക്കു മുമ്പിൽ വിശന്നൊട്ടിയ വയറുമായി നടന്നു തീർത്ത ഭൂതകാലമാണ് എന്റെ സ്വപ്നങ്ങൾക്ക് ചിറക് തീർക്കുന്നത്...ഇതൊരു പ്രാർത്ഥനയാണ്, ഒരു പാട് ജീവിതങ്ങളെ ചേർത്തു നിർത്താനുള്ള പ്രാർത്ഥന...നിങ്ങളുടെ മനസ്സ് എനിക്കൊപ്പം എന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെയാണ് ചുവടു വെക്കുന്നത്...
മുറിവേറ്റവർക്ക് തണലാ കാൻ നമുക്കൊരുമിച്ച് നിൽക്കാം... ജീവിക്കാം ജീവിക്കാൻ പ്രേരിപ്പിക്കാം...ഇത്തരം ഒരു സംരഭത്തിന് കൊച്ചിയിൽ അവസരം ഒരുക്കിത്തന്ന നോബിഷിനെ ഹൃദയത്തോട് ചേർക്കുന്നു.
എന്നാണ് മുരളി കുറിപ്പിലുടെ പങ്കുവെക്കുന്നത്.
ജയസൂര്യ- പ്രജേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ' വെള്ളം' എന്ന ചിത്രം തളിപറമ്പുകാരനായ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത, മുഴുക്കുടിയനായിരുന്ന മുരളിയുടെ ജീവിതമാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. 13 വർഷം മുമ്പാണ് മുരളി പൂർണമായും മദ്യപാനം ഉപേക്ഷിക്കുന്നത്.നാടിനും വീടിനും ഒരു പോലെ 'ശല്യമായ' മുഴുക്കുടിയനിൽ നിന്ന് പല രാജ്യങ്ങളിലായി വ്യവസായം കെട്ടിപ്പടുത്ത ബിസിനസുകാരനായി മുരളി മാറുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ