തിരുവനന്തപുരം: പ്രജേഷ് സെൻ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രം വെള്ളം തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിമുന്നേറുകയാണ്. മുരളി കുന്നുംപുറം എന്നയാളുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് പ്രജീഷ് സെൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ യഥാർത്ഥ താരത്തെ പ്രേക്ഷകർ അന്വേഷിക്കുമ്പോൾ മുരളി ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു പഴയ കുറിപ്പ് വീണ്ടും വൈറലാവുകയാണ്.

മദ്യപാനത്തെക്കുറിച്ചും മോഹൻലാലിനോടുള്ള ആരാധനയെക്കുറിച്ചും തുടർന്നുണ്ടായ ചില സംഭവങ്ങളെക്കുറിച്ചുമാണ് മുരളിയുടെ പോസ്റ്റ്.മോഹൻലാലിന്റെ സിനിമകൾ റിലീസിന്റെ അന്നു തന്നെ കാണുമെന്നും ഇഷ്ടമായാൽ വീണ്ടും കാണുമെന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ മദ്യപിച്ച് ആ ദിവസം തീർക്കുമെന്നും മുരളി പോസ്റ്റിൽ പറയുന്നു. സിനിമ കണ്ട് മോഹൻലാലിനെ വിളിക്കുന്നത് തന്റെ ശീലമായിരുന്നുവെന്നും വിളിച്ച് വെറുപ്പിച്ചതിനെത്തുടർന്ന് മോഹൻലാലിന് ഫോൺനമ്പർ മാറ്റേണ്ടി വന്നുവെന്നും മുരളി കുറിച്ചിട്ടുണ്ട്.

 

മുരളി കുന്നുംപുറത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഫുൾ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാൽ സിനിമയായിരുന്നു. എനിക്ക് സിനിമയെന്നാൽ... 'ലാലേട്ടൻ''. മൂപ്പരുടെ പടം റിലീസിന്റെ അന്ന് തന്നെ കണ്ടില്ലെങ്കിൽ വല്ലാത്തൊരു പിടപ്പാണ് മനസ്സിൽ. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാർക്കൊപ്പം ആദ്യഷോ തന്നെ കണ്ടിരിക്കും. പടം ഇഷ്മായാൽ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കിൽ കുടിച്ച് കുടിച്ച് ആ ദിവസം തീർക്കും...

സങ്കടം തീരുവോളം കരയും... ഒരിക്കൽ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാൻ തോന്നി. ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ ബി.പി.എൽ ഫോൺ നമ്പർ സംഘടിപ്പിച്ചു. ഇൻകമിംഗിന് വരെ ചാർജ് ഈടാക്കുന്ന കാലം. പേടിച്ച് പേടിച്ച് ഞാൻ വിളിച്ചു. സിനിമാ എനിക്കുണ്ടാക്കിയ വേദന പറഞ്ഞ് കുറെ കരഞ്ഞു... എല്ലാം ക്ഷമയോടെ അദ്ദേഹം കേട്ടിരുന്നു. പിന്നെ എനിക്കതു പതിവായി... സിനിമ കണ്ടാൽ ആദ്യ ദിവസം തന്നെ ലാലേട്ടനെ വിളിക്കും... വിളിച്ച് വിളിച്ച് വെറുപ്പിക്കും.

അങ്ങനെ പൊറുതിമുട്ടി ലാലേട്ടൻ ആ നമ്പർ മാറ്റി. പിന്നെ പുതിയ നമ്പറിന് ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല... ശ്രമം തുടർന്നുകൊണ്ടേയിരുന്നു... എന്റെ കുടിയും... വർഷങ്ങൾ കഴിഞ്ഞപ്പോ മുഴുക്കുടിയും പട്ടിണിയും അവസാനിപ്പിച്ച് ഞാൻ ബിസിനസ്സ് തുടങ്ങി. ജീവിതം നേർരേഖയിലായി. കുടിച്ച് നടന്ന കാലത്ത് ഒരുപാട് പേരെ വെറുപ്പിച്ചിട്ടുണ്ട്. സങ്കടപ്പെടുത്തിയിട്ടുണ്ട്... പലരെയും നേരിട്ടുകൊണ്ടും ഫോൺ വിളിച്ച് മാപ്പ് പറഞ്ഞും കൂടെ നിറുത്തി. പക്ഷെ ലാലേട്ടനോട് മാപ്പ് പറയണമെന്ന ആഗ്രഹം മാത്രം സാധിച്ചതേയില്ല.


അങ്ങനെയിരിക്കെ കഴിഞ്ഞ വർഷം ന്യൂസിലാൻഡിൽ നിന്ന് ദുബായ് എയർപ്പോർട്ടിലെത്തി നാട്ടിലേക്കുള്ള വിമാനം കാത്ത് എമിറൈറ്റ്സിന്റെ ഫസ്റ് ക്ലാസ്സ് ലോഞ്ചിൽ വിശ്രമിക്കുമ്പോൾ ചെറിയൊരു കാറ്റ് പോലെ എന്റെ അരികിലൂടെ ഒരാൾ കടന്നുപോയി. ഒരു നിമിഷത്തെ ഷോക്കിന് ശേഷം ഞാൻ തിരിച്ചറിഞ്ഞു. ''ലാലേട്ടൻ''! അദ്ദേഹം മൂലയിലുള്ള ഒരു ചെയറിൽ പോയിരുന്നു. പോയി പരിചയപ്പെടണമെന്നും മാപ്പ് പറയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഭയം കാരണം കുറച്ചു നേരം നോക്കി നിന്നു.

 

അവസാനം ധൈര്യം സംഭരിച്ച് ഞാൻ പോയി പരിചയപ്പെട്ടു. എല്ലാം തുറന്നു പറഞ്ഞു മാപ്പിരന്നു. ലാലേട്ടന്റെ ഫോൺ നമ്പർ മാറ്റാൻ കാരണക്കാരനായതിൽ സങ്കടമുണ്ടെന്ന് പറഞ്ഞപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ ലാലേട്ടൻ എന്റെ തോളിൽ തട്ടി ഇങ്ങനെ പറഞ്ഞു ''മുരളീ... ഞാനെന്റെ ഒരു നമ്പറല്ല മാറ്റിയത് ജീവിതമാണ്... അതൊരുപാട് പേർക്ക് പ്രചോദനമാകട്ടെ... ' ഇത്രയും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി. എന്റെ ജീവിതത്തിലേക്ക് ഒരു സ്വപ്നം ഇറങ്ങിവന്ന ദിവസമായിരുന്നു. ഞാൻ മദ്യപാനം നിറുത്തിയ അന്ന് മുതൽ ആഗ്രഹിച്ച സ്വപ്നം...

പിന്നെയൊരു ദിവസം ''റാം'' സിനിമയുടെ ലൊക്കേഷനിൽ കാണാൻ പോയപ്പോൾ എന്റെ ഫോൺ വാങ്ങി അദ്ദേഹത്തിന്റെ പുതിയ നമ്പർ ഡയൽ ചെയ്തു തന്നു. ജീവിതത്തിലെ മറ്റൊരു സന്തോഷം നടന്ന ദിവസമായിരുന്നു അത്. ഒരു കാലത്ത് കുടിച്ച് ലക്കുകെട്ട എന്റെ വിളികൾ കാരണം ഫോൺ നമ്പർ മാറ്റിയ അദ്ദേഹം സ്വന്തം നമ്പർ എനിക്ക് തന്നപ്പോൾ ഉണ്ടായത് വെറും സന്തോഷം മാത്രമല്ല. അഭിമാനം കൂടി ആയിരുന്നു.

ഒരു കുടിയൻ തന്റെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടുപോയ പലതും തിരിച്ചുപിടിച്ച് അഭിമാനിച്ച മുഹൂർത്തം... വിഷുവിനും കൊറോണക്കാലത്തുമൊക്കെ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കരുതലിന്റെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു ഉപദ്രവിച്ചവരെപ്പോലും സ്നേഹിക്കുന്ന ഈ മനസ്സുമായി ഒരായിരം വർഷം ജീവിക്കാൻ പ്രിയപ്പെട്ട ലാലേട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.