യാത്ര ചെയ്യുമ്പോൾ എന്റെ കൈയിൽ മൂന്ന് രേഖകൾ ഉറപ്പായും കാണും. ഒന്ന് ഞാൻ ഇപ്പോഴും ഇന്ത്യൻ പൗരൻ ആയതുകൊണ്ട് വിദേശയാത്രയ്ക്ക് നിർബന്ധമായ ഇന്ത്യൻ പാസ്സ്‌പോർട്ട്. രണ്ട്, നീല പാസ്സ്‌പോർട്ട് എന്നുവിളിക്കുന്ന ഐക്യരാഷ്ട്രസഭയ്ക്കു വേണ്ടി സഞ്ചരിക്കുമ്പോൾ എപ്പോഴും കൈയിൽ കരുതേണ്ട ലെസേ പാസേ (മിക്കവാറും രാജ്യങ്ങളിൽ വിസ ഇല്ലാതെ യാത്ര ചെയ്യാനും, ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റി പോലുള്ള പ്രത്യേക പ്രിവിലേജുകൾ കിട്ടാനും ഇത് അത്യാവശ്യമാണ്. വിമാനത്താവളം മുതൽ പട്ടാളത്തിന്റെ ചെക്ക്‌പോസ്റ്റ് വരെ ഇത് പ്രയോജനപ്രദമാണ്.). മൂന്നാത്തെത് മഞ്ഞ പാസ്സ്‌പോർട്ട് എന്നു വിളിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് കാർഡ്.

ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുമ്പോൾ അവിടെ നമുക്ക് നേരിടേണ്ടിവരുന്ന അസുഖങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകളെപ്പറ്റിയുള്ള നിർദ്ദേശവും അതിനെതിരെ എടുത്തിട്ടുള്ള വാക്‌സിനേഷന്റെ ലിസ്റ്റും കാലാവധിയുമൊക്കെയാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആഫ്രിക്കയും ചില ദ്വീപ് രാജ്യങ്ങളും ഒക്കെയാണ് ഇക്കാര്യം പ്രത്യേകിച്ച് നോക്കുന്നത്. ആഫ്രിക്കയിൽ പ്രത്യേകമായി നോക്കുന്നത് യെല്ലോ ഫീവർ ആണ്. ഇതിനെതിരെ വാക്‌സിനേഷനെടുക്കാതെ ആഫ്രിക്കയിൽ എത്തിപ്പറ്റിയാൽ പണിപാളും. അവിടെ വിമാനമിറങ്ങി ഇമിഗ്രെഷന് മുൻപുതന്നെ ഹെൽത്ത് ചെക്ക് ഉണ്ട്. യെല്ലോ ഫീവർ വാക്‌സിനേഷൻ എടുത്തിട്ടില്ലെങ്കിൽ അപ്പോൾത്തന്നെ 'കടക്ക് പുറത്ത്',വന്ന വണ്ടിയിൽ തിരിച്ചു വരേണ്ടി വരും, അല്ലെങ്കിൽ കുത്തിവയ്‌പ്പെടുത്ത് അതിന്റെ ഗുണം വരുന്നത് വരെ (ചിലപ്പോൾ രണ്ടാഴ്ച ഒക്കെ) അവിടുത്തെ ക്വറെന്റയിൻ എന്ന് പറയുന്ന കരുതൽ തടങ്കൽ ആശുപത്രിയിൽ കിടക്കേണ്ടി വരും.പ്രശ്‌നം അവിടെയും തീരില്ല. ആഫ്രിക്കയിൽനിന്നും തിരിച്ചുവരുന്നവരെ പല രാജ്യങ്ങളിലും പ്രത്യേകമായി പരിശോധിക്കും. (ഉദാഹരണം: ഇന്ത്യ). അപ്പോൾ നമ്മൾ ആഫ്രിക്കയിൽ പോകുകയും തിരിച്ചുവരുമ്പോൾ നമ്മുടെ കൈയിൽ യെല്ലോ ഫീവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുകയും ചെയ്താൽ ഉടൻ 'കിടക്ക് അകത്ത്'. അതും പതിനാല് ദിവസം, ഇത്തവണ നമ്മുടെ 'ക്വാറന്റയിനിൽ ആണ് വാസം'. പെട്ടാൽ പെട്ടതുതന്നെ. ബന്ധുക്കൾക്ക് പോലും വന്നു കാണാൻ പറ്റില്ല.

എന്റെ തലമുറയിലെ ഭൂരിഭാഗം മലയാളികളും തറവാട്ടിൽ പിറന്നവരാണ്. അവർക്ക് ബർത്ത് സർട്ടിഫിക്കറ്റ് പോലുമില്ല, പിന്നല്ലേ ഹെൽത്ത് സർട്ടിഫിക്കറ്റും വാക്‌സിനേഷൻ റെക്കോർഡും! അതുകൊണ്ടുതന്നെ ലോകത്തെവിടെയും യാത്ര ചെയ്യുന്നതിനുമുമ്പ് ഏത് വാക്‌സിനേഷനാണ് വേണ്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ ഉണ്ട് (http://www.who.int/ith/en/) പരിശോധിക്കണം. എന്നിട്ട് അത് നിങ്ങളുടെയടുത്തുള്ള അംഗീകൃതമായ ഒരു ആശുപത്രിയിൽവെച്ച് എടുക്കണം. അതിന്റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതുകയും വേണം. പണ്ടൊക്കെ ഇന്ത്യയിൽ യെല്ലോ ഫീവർ വാക്‌സിനേഷൻ ഡൽഹിയിൽ മാത്രമേ നടത്താറുള്ളു. അതും ദിവസം നൂറ്റമ്പത് പേർക്കു മാത്രം. ഇപ്പോൾ കേരളത്തിൽ എവിടൊക്കെയോ ഉണ്ടെന്ന് തോന്നുന്നു. അറിയാവുന്നവർ ഇവിടെ കമന്റിടുമല്ലോ, കോൺടാക്ട് നമ്പറും.

കേരളത്തിലിപ്പോൾ വാക്‌സിനെതിരെ ചില ആളുകൾ പ്രചാരണം നടത്തുന്നു, വാക്‌സിൻ വിരുദ്ധർ അല്ലാത്തവർ പോലും അത് വിശ്വസിക്കുന്നു എന്നത് സത്യത്തിൽ എന്നെ നടുക്കുന്നുണ്ട്. രോഗാണു എന്നൊരു ആണു ഇല്ല എന്നും വാക്‌സിൻ എന്നത് ഭൂലോക തട്ടിപ്പാണെന്നും ഉള്ള ശുദ്ധ മണ്ടത്തരം തൊട്ട് , ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കാൻ വിദേശരാജ്യങ്ങൾ നടത്തുന്ന ഗൂഢാലോചനയാണ് വാക്‌സിൻ എന്ന കോൺസ്പിരസ്സി വരെ ഇവരുടെ ചിന്തയിൽ ഉണ്ട്. പൊതുജനാരോഗ്യ രംഗത്ത് അതിശയകരം ആയ കുതിച്ചു ചാട്ടം മനുഷ്യരാശിക്ക് ഉണ്ടാക്കിയത് വാക്‌സിനുകൾ ആണ്, അതിന് എത്രയോ തെളിവുകൾ എത്രയോ നാളായിട്ട് ഉണ്ട്. അതുണ്ടാക്കി തന്ന നേട്ടത്തിന്റെ മുകളിൽ കയറിയിരുന്ന്, ശാസ്ത്രം ഉണ്ടാക്കിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തരം ആഭാസങ്ങൾ നടത്തുന്നത് എന്നതിലെ വിരോധാഭാസം മാത്രമല്ല, ഇവരുടെ ബുദ്ധിമോശത്തിന്റെ ഫലം അനുഭവിക്കാൻ പോകുന്നത് സ്വന്തം കാര്യത്തിൽ തീരുമാനം എടുക്കാൻ പറ്റാത്ത കുഞ്ഞുങ്ങൾ ആണല്ലോ എന്നത് കൂടിയാണ്. ഇനിയൊരു കാലത്ത് ഈ കുഞ്ഞുങ്ങൾ വളർന്ന് പഠിക്കാനോ, ജോലിക്കോ, വിനോദത്തിനോ യാത്ര ചെയ്യാൻ ശ്രമിക്കുമ്പോൾ വാക്‌സിൻ എടുക്കാത്തതിനാൽ അത് സാധിക്കാതെ വന്നേക്കാം.

അന്ന് ഈ പ്രചാരണക്കാർക്കൊക്കെ വയസ്സായി അമ്ലെഷ്യവും പിടിച്ചു എന്തിനാണ് കാമ്പയിൻ നടത്തിയതെന്ന ഓർമ്മ പോലും ചിലപ്പോൾ കാണില്ല, മിക്കവാറും വയസ്സായി ആരോഗ്യം ഒക്കെ പോയതിനാൽ ഏതെങ്കിലും ഒക്കെ ആശുപത്രിയിൽ ഡോക്ടറുടെ ചികിത്സയിൽ ആയിരിക്കും (അല്ല അങ്ങനെ ഏറെ പേരെ ഞാൻ കണ്ടിട്ടുണ്ട്, അതുകൊണ്ടു പറഞ്ഞതാണ്). അപ്പോൾ കുട്ടികൾ നിങ്ങളുടെ മുഖത്ത് നോക്കി 'എനിക്ക് വാക്‌സിൻ എടുക്കേണ്ട കാലത്ത് നിങ്ങളൊക്ക ഏതു ലോകത്തായിരുന്നു ? എന്ന് ചോദിക്കുമ്പോൾ ഇപ്പോഴത്തെ ഉത്തരം ഒന്നും മനസ്സിൽ തോന്നില്ല, തോന്നിയാലും പറയാൻ പറ്റില്ല (എന്നാൽ കാർന്നോർ ഇനി ആശുപത്രിയിൽ ഒന്നും പോകേണ്ട, അതൊക്കെ ആഗോള കോൺസ്പിരസ്സി അല്ലെ, വിശ്വാസത്തിന് വിരുദ്ധമല്ലേ, എന്നെങ്ങാനും അവർ പറയാനും മതി, ഗുരുത്വം ഒക്കെ കുറഞ്ഞു വരുന്ന കാലം ആണ്). അതുകൊണ്ടു വാക്‌സിൻ വിരുദ്ധതയുടെ നിങ്ങളുടെ കാരണങ്ങൾ ഒന്ന് കുറിച്ച് വച്ചേക്കണം കേട്ടോ. കുട്ടികൾ വാക്‌സിനേഷൻ റെക്കോർഡ് ചോദിക്കുമ്പോൾ എടുത്തുകൊടുക്കാം.

ക്വാറന്റയിനിലെ താമസം: ഇതുപോലെ പാക്കിങ് ലിസ്റ്റും യെല്ലോ പാസ്സ്‌പോർട്ടും ഒക്കെയുണ്ടായിട്ടും ഞാനൊരിക്കൽ ചൈനയിലെ ക്വാറന്റയിനിൽ പെട്ടിട്ടുണ്ട്. സ്ഥിരമായുള്ള യാത്രാനിർദ്ദേശങ്ങൾ കൂടാതെ ലോകത്ത് ഓരോ സ്ഥലത്തും ഓരോ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ആ പ്രദേശത്ത് നിന്ന് വരുന്നവരെ മറ്റു രാജ്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കും. യെല്ലോ പാസ്സ്‌പോർട്ട് കയ്യിൽ ഉണ്ടെങ്കിലും ഇത് നമ്മളും എപ്പോഴും ശ്രദ്ധിക്കണം. അങ്ങനെയാണ് 2009 ൽ ഒരു പന്നിപ്പനിക്കാലത്ത് ഞാൻ ബീജിങ്ങിൽ എത്തിയത്. ദീർഘയാത്രയുടെ ക്ഷീണം മൂലമാകാം ദേഹത്ത് അല്പം ചൂടുണ്ടായിരുന്നു. ഹെൽത്ത് ചെക്കിൽ ഞാൻ പെട്ടു. 'അപ്പൊ തന്നെ' പിടിച്ചു ക്വാറന്റയിനിലെത്തിച്ചു. അല്പം കഠിനമാണ് അവിടുത്തെ അവസ്ഥ, നമ്മുടെ ഇഷ്ടപ്രകാരം ഒന്നും നടക്കില്ല. ഡോക്ടർമാർ പരിശോധിച്ച് നമുക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ നമുക്ക് പുറത്തുകടക്കാൻ പറ്റൂ. അതുവരെ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട ഡോക്ടർമാരല്ലാതെ ആർക്കും നമ്മളെ കാണാനും പറ്റില്ല. നമ്മൾക്ക് അസുഖം ഇല്ലെങ്കിലും അസുഖം ഉള്ളവർ അവിടെ കാണും, ഇല്ലാത്ത അസുഖം നമുക്ക് കിട്ടുകയും ചെയ്യും. അവിടെ പെട്ടുപോകാതിരിക്കുന്നതാണ് ബുദ്ധി. സമയാസമയത്ത് ലോകത്ത് എന്തൊക്കെ ആരോഗ്യ മുന്നറിയിപ്പുകൾ ഉണ്ടെന്ന്
https://wwwnc.cdc.govt/travel കാണാം. ശ്രദ്ധിക്കുക.

അലക്‌സാണ്ടറെ കൊന്ന വീരന്റെ സന്തതികൾ ? ഗ്രീക്ക് രാജകുമാരനായ അലക്‌സാണ്ടർ രണ്ടായിരം വർഷം മുമ്പ് ആയിരക്കണക്കിന് കിലോമീറ്ററും നൂറുകണക്കിന് നാട്ടുരാജ്യങ്ങളും കീഴടക്കി ഇന്ത്യയിലെത്തി എന്നത് എനിക്കിന്നും അത്ഭുതമാണ്. അതും വെറും മുപ്പത്തിരണ്ട് വയസ്സിൽ! (വിമാനവും കപ്പലും ഉണ്ടായിട്ടുതന്നെ ഇപ്പോഴും ബഹുഭൂരിപക്ഷം ഇന്ത്യക്കാരും മുപ്പത് വയസ്സിനകത്ത് രാജ്യത്തിന്റെ അതിർത്തി വിടുന്നില്ല). അലക്‌സാണ്ടറെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞില്ലെങ്കിലും യുദ്ധം വിജയിച്ച് സ്വന്തം നാട്ടിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ഒരു കൊതുകാണ് അദ്ദേഹത്തെ തോൽപ്പിച്ചു കളഞ്ഞത് എന്നാണ് ഒരു സിദ്ധാന്തം. വെള്ളം കെട്ടി നിന്ന ഒരു തണ്ണീർതടത്തിൽ സൈനിക വിന്യാസം പരിശോധിച്ച് തിരിച്ചെത്തി രണ്ടാഴ്ചക്കുള്ളിൽ ആണ് പനി ബാധിച്ച് അദ്ദേഹം മരിച്ചത്. അതുകൊണ്ടാണ് അത് മലേറിയ ആണെന്ന് ഇപ്പോൾ ആളുകൾ സംശയിക്കുന്നത്.

ക്രിസ്തുവിനു മുൻപ് മൂന്നാം ശതകത്തിൽ ജീവിച്ച അലക്‌സാണ്ടറിന്റെ കാര്യം ഏതുമാകട്ടെ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും യാത്രചെയ്യുമ്പോൾ എന്റെ ഏറ്റവും വലിയ പേടി ബോംബോ യുദ്ധമോ ഒന്നുമല്ല, കൊതുകും റോഡപകടവുമാണ്. അതിനാൽ നാം യാത്ര ചെയ്യുന്നതിനു മുൻപ് തന്നെ പോകുന്ന നാട്ടിൽ മലേറിയ ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ മുൻകൂർ മരുന്ന് കഴിച്ച് തുടങ്ങണം (
(https://www.cdc.gov/malaria/േൃമvelers/drugs.html). തിരിച്ചുവന്ന് ഒരുമാസത്തേക്ക് കൂടി മരുന്ന് കഴിക്കുകയും വേണം. മലേറിയ ഉള്ള നാട്ടിൽ ഉള്ള സമയത്തുകൊതുകുകടി ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. (കൊതുകിനെ തുരത്തുന്ന സ്‌പ്രേ ഉപയോഗിക്കുക, കൈയും കാലും മൂടുന്ന തരത്തിലുള്ള വസ്ത്രധാരണം, വലക്കുള്ളിൽ ഉറങ്ങുക എന്നിങ്ങനെ).

ചിലവേറിയ ചികിത്സ: യാത്രക്കിടയിൽ ഏതെങ്കിലും സ്ഥലത്തുവെച്ച് നമുക്ക് അസുഖം ബാധിക്കുകയോ അപകടം സംഭവിക്കുകയോ ചെയ്യാനുള്ള സാധ്യത എപ്പോഴും മുന്നിൽക്കാണണം. ഓരോ രാജ്യത്തും മെഡിക്കൽ സംവിധാനങ്ങൾ വിഭിന്നമാണ്. അമേരിക്കയിൽ നാട്ടുകാർക്കും മറുനാട്ടുകാർക്കും വൈദ്യസഹായം വേണമെങ്കിൽ വലിയ ചെലവാണ് . അതേസമയം തൊട്ടടുത്ത് ക്യൂബയിൽ സഞ്ചാരികളുൾപ്പെടെ എല്ലാവർക്കും എല്ലാ ആരോഗ്യസംവിധാനങ്ങളും ഫ്രീയാണ്. മറ്റുരാജ്യങ്ങളിൽ നാട്ടുകാർക്ക് ഫുൾ ഫ്രീ, ടൂറിസ്റ്റുകൾക്ക് മുഴുവൻ ചാർജ്ജോ അല്പം ഫ്രീയോ എന്നിങ്ങനെ ആകാം.

ആരോഗ്യസംരക്ഷണത്തിന്റെ ചെലവ് പാശ്ചാത്യരാജ്യനഗരങ്ങളിൽ നമുക്ക് ചിന്തിക്കവുന്നതിലും അപ്പുറമാണ്. ജനീവയിൽ ഡോക്ടറെ ഒന്ന് കാണുന്നതിന് പതിനായിരം രൂപ ചുരുങ്ങിയതുകൊടുക്കണം, ആന്റി ബയോട്ടിക്ക് ഉൾപ്പടെ ഒരാഴ്ചത്തെ മരുന്നിന് ശരാശരി ഇരുപതിനായിരം രൂപ വരും. ഒരു മഞ്ഞപ്പിത്തം ആയി ആശുപത്രിയിൽ എത്തിയാൽ രൂപ അഞ്ചു ലക്ഷത്തിന്റെ മീതെ വരും, കൈയോ കാലോ ഒടിഞ്ഞാൽ ഇരുപതും മുപ്പതും ലക്ഷം രൂപയുടെ ചെലവുണ്ടാക്കും. പോക്കറ്റ് മാത്രമല്ല, ട്രൗസറും കീറും. ജനീവയിലേക്ക് വരുന്നവരോടെല്ലാം ഞാൻ ഇൻഷുറൻസ് എടുക്കാൻ നിർബന്ധം ആയി പറയും. മറ്റു നാടുകളിലേക്ക് പോകുന്നതിന് മുൻപും, ഇത് ഇന്ത്യയിൽ ആണെങ്കിൽ തന്നെ, ഇങ്ങനെ ചെയ്യുന്നത് നല്ലകാര്യം ആണ്. അതിനാൽ യാത്ര ചെയ്യുന്നതിന് മുൻപ് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും എടുക്കണം. ജനീവയിൽ വരുന്ന കുട്ടികൾക്ക് ഞാൻ https://swisscare.com/international-travel-insurance/ ആണ് നിർദ്ദേശിക്കാറുള്ളത്, നിങ്ങളിൽ മറ്റു ഇൻഷുറസ് സ്‌കീം പരിചയം ഉള്ളവർ അതിന്റെ വിശദാംശങ്ങൾ നൽകിയാൽ നന്നായിരുന്നു.

എയർ ആംബുലൻസ്: ലോകത്തെ അനവധി രാജ്യങ്ങളിൽ നല്ല മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമല്ല. അതിനാൽ അവിടെവെച്ച് നമുക്ക് അപകടമോ രോഗമോ ഉണ്ടായാൽ അവിടെനിന്നും കൂടുതൽ സൗകര്യമുള്ള സ്ഥലത്തെത്തിക്കാൻ ഈ എയർ ആംബുലൻസ് സർവീസ് ഇൻഷുറൻസിന്റെ കൂടെ മുൻകൂർ എടുത്തുവെക്കണം. .https://www.airambulanceinternational.com/internationalsos മിക്കവാറും മലയാളികൾ പോകുന്ന രാജ്യങ്ങളിൽ ഇതിന്റെ ആവശ്യമില്ല. എന്നാൽ ഇത്തരം രാജ്യങ്ങളിലാണ് പോകുന്നതെങ്കിൽ ഈ ഇൻഷുറൻസിന് വേണ്ടി രണ്ടോ മൂന്നോ ആയിരം രൂപ ചെലവാക്കുന്നത് ഒരു നഷ്ടമല്ല.

മരുന്നുകൾ കരുതണം: യാത്ര പോകുമ്പോൾ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നതും ആവശ്യം വരാൻ സാധ്യതയുള്ളതുമായ മരുന്നുകൾ കൈയിൽ കരുതണം. കൊതുക് സ്‌പ്രേ കൂടാതെ പ്ലാസ്റ്റർ, പഞ്ഞി, വയറിളക്കത്തിന്റെ മരുന്ന്, ആന്റി ബയോട്ടിക്, അലർജിക്കെതിരെ ആന്റി ഹിസ്റ്റമിൻ തുടങ്ങി ഒരു ചെറിയ മെഡിസിൻ പാക്ക് കൈയിലുണ്ടാകണം. കുട്ടികൾ കൂടെയുണ്ടെങ്കിൽ പ്രത്യേകിച്ചും. നമ്മുടെ കൈയിലുള്ള മരുന്നുകളുടെ ഒരു കുറിപ്പടി ഡോക്ടറുടെ കൈയിൽ നിന്ന് വാങ്ങിവെക്കണം. ഇത് കസ്റ്റംസുകാരെ കാണിക്കാനാണ്. ഇന്ത്യയിലെ ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്ഷൻ വെച്ച് വിദേശത്ത് മരുന്ന് കിട്ടില്ലെന്നും,കുറിപ്പടിയില്ലാതെ വിദേശത്ത് മരുന്ന് കിട്ടില്ലെന്നും, കുറിപ്പടിയുണ്ടെങ്കിൽ തന്നെ പല രാജ്യങ്ങളിലും കിട്ടുന്ന മരുന്നുകൾ വിശ്വസനീയമല്ലെന്നും ഓർക്കണം. അതിനാൽ നമ്മുടെ മെഡിക്കൽ കിറ്റ് യാത്രയിൽ എപ്പോഴും കൂടെയുണ്ടാകണം, ഫസ്റ്റ് എയിഡുൾപ്പെടെ.

പരിചയം ഇല്ലാത്ത മരുന്നുകൾ കൊണ്ട് പോകരുത്. ലോകത്തെ മിക്ക രാജ്യങ്ങളിലും മയക്കുമരുന്നുകൾ കൈവശം വക്കുന്നത് വലിയ കുറ്റമാണ്. സിംഗപ്പൂരിൽ വധശിക്ഷയാണ് ഇതിന് നൽകുന്നത്. നമുക്ക് പരിചയം ഇല്ലാത്ത പാരമ്പര്യ വൈദ്യം പോലുള്ളവയിലെ അരിഷ്ടവും കഷായവും ലേഹ്യവും ചൈനീസ് മരുന്നുകളും ഒക്കെ ഇത്തരം രാജ്യത്തേക്ക് കൊണ്ടുപോകുന്നത് റിസ്‌ക്കാണ്. ഏതൊക്കെ ചേരുവകളാണ് നമ്മുടെ മരുന്നുകളിലുള്ളത്, അത് ആ രാജ്യത്ത് നിരോധിക്കപ്പെട്ടതാണോ എന്നൊന്നും നമുക്കറിയില്ല. ഇത്തരം മരുന്നുകൾ പല പ്രകൃതിജന്യ വസ്തുക്കൾ കൂട്ടിക്കുഴച്ചാണ് ഉണ്ടാക്കുന്നത്. അതിനെയെടുത്ത് ആധുനിക സ്‌പെക്ടോമീറ്ററിൽ ഇട്ടാൽ എന്ത് സിഗ്‌നലാണ് പുറത്തുവരിക എന്നറിയില്ല. കഴിഞ്ഞവർഷം നമ്മുടെ കപ്പയുടെ സാമ്പിൾ അനലൈസ് ചെയ്തപ്പോൾ കിട്ടിയത് ഹൈഡ്രോ കാർബണിന്റെ സ്‌പെക്റ്റൽ സിഗ്‌നേച്ചറാണ്. ലോകത്തെ ഒന്നാം നമ്പർ സ്ഥാപനങ്ങളിലെ പ്രൊഫസർമാരുടെ സഹായമുണ്ടായിട്ടും അതിനെ ഞങ്ങൾക്ക് റിസോൾവ് ചെയ്യാൻ പറ്റിയില്ല. അപ്പോൾപിന്നെ ദുബായിലോ കുവൈറ്റിലോ ജയിലിലിരുന്ന് അരിഷ്ടത്തിന്റെയും ലേഹ്യത്തിന്റെയും ഒക്കെ സ്‌പെക്ടം അനലൈസ് ചെയ്യുന്നത് നടക്കുന്ന കാര്യമല്ല. ഇത് പരമ്പാരാഗത വൈദ്യക്കാർക്ക് ഇഷ്ടപ്പെടില്ലെന്നറിയാം. അതിനാൽ അവർ ചെയ്യേണ്ടത് ഇത്തരം മരുന്നുകൾ അവിടുത്തെ സർക്കാരിന്റെ അനുമതി വാങ്ങി അവിടങ്ങളിൽ ലഭ്യമാക്കുക എന്നതാണ്.

അസുഖം മുന്നേ ചികിൽസിക്കാം: യാത്രക്ക് മുൻപേ തന്നെ നിങ്ങൾക്ക് പരിചയമുള്ള ഡോക്ടറെ കണ്ട് നിങ്ങൾ ഈ സ്ഥലത്തേക്ക് ഇത്ര നാളത്തേക്ക് പോകുകയാണ് എന്ന് പറയുക, ഏതു തരം വാഹനങ്ങളിൽ ആണ് പോകുന്നത് എന്നും പറയുക. ആവശ്യമുള്ള ഉപദേശം, കുറിപ്പടി, മരുന്നുകൾ എല്ലാം അവിടുന്ന് കിട്ടും. കപ്പലിലോ ബോട്ടിലോ യാത്രയുണ്ടെങ്കിൽ കടൽച്ചൊരുക്ക് ഒഴിവാക്കാനും യാത്രയിൽ ശർദ്ദിക്കുന്ന പ്രശ്‌നം ഉള്ളവർക്ക് അത് കുറയ്ക്കാനും ഒക്കെ നിർദ്ദേശങ്ങളും മരുന്നുകളും ഒക്കെ ലഭ്യമാണ്. യാത്രക്ക് മുൻപ് ചെറിയ പനിയോ ജലദോഷമോ അല്ലാത്ത രോഗങ്ങളെ നിസാരമായി കാണരുത്. ഉടനെ ഡോക്ടറെ കാണുക. യാത്രയിലും അങ്ങനെ തന്നെ ചെയ്യാൻ ശ്രദ്ധിക്കണം. നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ പോലും ഇത് തന്നെയാണ് ചെയ്യേണ്ടത്. വലിയ ചെലവ് വന്നേക്കാമെങ്കിലും അത് നിങ്ങളുടെ ജീവനേക്കാൾ വലുതല്ലല്ലോ.

തിരിച്ചുവന്നാലും ജാഗ്രത: യാത്രയ്ക്കിടയിൽ വിമാനത്തിലും വിമാനത്താവളത്തിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമായി നിങ്ങൾ അനവധി ആളുകളുമായി ഇടപഴകുന്നുണ്ട്. അവരിൽനിന്നും എന്തെങ്കിലും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് നിങ്ങൾ എവിടെയെങ്കിലും എത്തിയാൽ (യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലും) സാധാരണഗതിയിൽ നിങ്ങൾ നിസാരമായിയെടുക്കുന്ന ഏതെങ്കിലും രോഗലക്ഷണം കണ്ടാലുടനെ ഡോക്ടറെ കാണണം. നിങ്ങൾ യാത്രയിലാണ്, അഥവാ യാത്ര കഴിഞ്ഞിട്ട് കുറച്ചുദിവസമേ ആയുള്ളൂവെന്ന് സൂചിപ്പിക്കണം, ഏതു രാജ്യത്തു നിന്നാണ് വന്നത് എന്നും പറയണം. എബോളയും മലമ്പനിയും എച്ച് വൺ എൻ വൺ ഒക്കെ തുടക്കത്തിൽ പനിയായായാണ് വരുന്നത്. നിങ്ങൾ പോകുന്ന ഡോക്ടർ ഇത്തരം രോഗങ്ങൾ കണ്ടിട്ടേ ഉണ്ടാകില്ല. അപ്പോൾ നിങ്ങൾ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിൽ ഡോക്ടർമാർ സാധാരണ അസുഖത്തിന് മാത്രം ചികിൽസിച്ച് കാര്യങ്ങൾ കുഴപ്പത്തിലാകുകയും ചെയ്യും.