തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ അക്രഡിറ്റേഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് കെ. മുരളീധരൻ എംഎൽഎ പിന്മാറി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് മുരളീധരൻ രാജി തീരുമാനത്തിൽ നിന്ന് പിന്മാറിയത്. പരാതികൾ ഗെയിംസിന് ശേഷം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി മുരളീധരന് ഉറപ്പ് നൽകി. ഗെയിംസിന്റെ നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു മുരളീധരൻ രാജിക്കൊരുങ്ങിയത്. തിങ്കളാഴ്ച രാജിവെയ്ക്കുമെന്ന് മുരളീധരൻ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്. എംഎൽഎമാരായ കെ. ബി. ഗണേശ് കുമാർ, പാലോട് രവി എന്നിവർ ഗെയിംസിലെ വിവധ കമ്മിറ്റികളിൽ നിന്ന് നേരത്തെ രാജിവച്ചിരുന്നു.