ലണ്ടൻ: ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മിഡിൽസ്ബറൊയിലെ ലിൻതോർപിലെ ആഡംബര വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്ത്യൻവംശജ ജസീക്ക പട്ടേലിന്റെ(34) കൊലപാതകിയെ തേടി പൊലീസ് രാജ്യമെങ്ങും വലവീശി അന്വേഷണം ആരംഭിച്ചു. ലീഡ്സിൽ നിന്നും മാസങ്ങൾക്ക് മുമ്പായിരുന്നു ഈ ഫാർമസി വർക്കർ ഇവിടേക്ക് താമസം മാറിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.20 പൊലീസ് ഈ വിക്ടോറിയൻ ഹൗസിലേക്ക് കുതിച്ചെത്തിയിരുന്നുവെങ്കിലും അപ്പോഴേക്കും ഗുരുതരമായ പരുക്കേറ്റ യുവതി മരിച്ചിരുന്നു.

പോസ്റ്റ്മോർട്ടം നടന്നിട്ടുണ്ടെങ്കിലും മരണകാരണം പൊലീസ് ഇനിയും പുറത്ത് വിട്ടിട്ടില്ല. കൊലപാതകം നടന്ന വലിയ വീടിന് മുന്നിൽ രണ്ട് പൊലീസ് ഓഫീസർമാർ ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ജസീക്കയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നതിനാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നാണ് ക്ലീവ്ലാൻഡ് പൊലീസിലെ ഡിറ്റെക്ടീവ് സൂപ്രണ്ടായ താരിഖ് അലി പ്രതികരിച്ചിരിക്കുന്നത്.

അർപ്പണമനോഭാവമുള്ള ഓഫീസർമാരും സ്പെഷ്യലിസ്റ്റ് സ്റ്റാഫുകളും കൊലപാതകത്തെക്കുറിച്ച് തിരുതകൃതിയായി അന്വേഷിച്ച് വരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ച രാത്രി ജസീക്കയുടെ വീട്ടിൽ പൊലീസ് എത്തിയിരുന്നുവെന്നും അഞ്ചോളം കാറുകളും ഏവ് വാനുകളും മൂന്ന് ആംബുലൻസുകളും കാണാമായിരുന്നുവെന്നുമാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അയൽവാസി പറയുന്നത്. ജസീക്കയുടെ ഭർത്താവായ മിതേഷ് പട്ടേലും കെമിസ്റ്റായിട്ടാണ് ജോലി ചെയ്യുന്നത്.

താരതമ്യേന പ്രശ്നങ്ങളൊന്നുമില്ലാത്ത ഏരിയയിലാണീ കൊലപാതകം നടന്നിരിക്കുന്നതെന്നത് ഇവിടുത്തുകാരിൽ സംഭ്രമം ജനിപ്പിച്ചിട്ടുണ്ട്. കൊലപാതകം നടന്ന് ഇവിടേക്ക് പൊലീസ് കുതിച്ചെത്തിയ ശേഷം സമീപവാസികളോട് വീടുകളിൽ തന്നെ കഴിയാൻ പൊലീസ് നിർദേശിച്ചിരുന്നുവെന്നും ജസീക്കയുടെ വീടിനടുത്തുള്ള ഒരാൾ വെളിപ്പെടുത്തുന്നു. നിരന്തരം ബസുകളും കാറുകളും കാൽനടയാത്രക്കാരും കടന്ന് പോകുന്ന തിരക്കേറിയ പാതയ്ക്കരികിലുള്ള വീട്ടിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പൊലീസ് വക്താവ് പറയുന്നത്.



ക്രെസന്റിനും ലങ്കാസ്റ്റർ റോഡിനും ഇടയിലുള്ള ജംഗ്ഷനുകൾക്കിടയിൽ തിങ്കളാഴ്ച രാത്രി ആരെയെങ്കിലും സംശയകരമായ രീതിയിൽ കണ്ടതായി ഓർക്കുന്നുവെങ്കിൽ പൊലീസുമായി ബന്ധപ്പെടണമെന്ന് ജനത്തിന് കടുത്ത നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്ലീവ് ലാൻഡ് പൊലീസിനെ ഇവന്റ് നമ്പർ 85888 എന്ന് പരാമർശിച്ച് 101ൽ ബന്ധപ്പെടാനും നിർദേശമുണ്ട്. പേര് വെളിപ്പെടുത്താതെ വിവരങ്ങളറിയിക്കേണ്ടവർ ക്രൈംസ്റ്റോപ്പേർസ് നമ്പറായ 0800 555 111 ൽ ബന്ധപ്പെടണം.