പട്‌ന:കഞ്ചാവ് വാങ്ങാൻ 50 രൂപ നൽകാത്തതിന് സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബിഹാറിലെ പറ്റ്‌ന ജില്ലയിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 23കാരനായ പ്രദീപ് കുമാറാണ് കൊല്ലപ്പെട്ടത്.

പറ്റ്‌നയിലെ പാലി എന്ന ഗ്രാമത്തിലാണ് കൃത്യം നടന്നതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച പകൽ 11.30 ഓടെയാണ് സംഭവം നടന്നത്. പ്രിൻസ് കുമാർ എന്നയാളാണ് പ്രദീപിനെ അക്രമിച്ചത്. ഇയാൾ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവിന്റെ ചെറിയ പാക്കറ്റ് വാങ്ങുന്നതിനായാണ് പ്രിൻസ് പ്രദീപിനോട് 50 രൂപ ചോദിച്ചത്. എന്നാൽ യുവാവ് ഇത് നൽകിയില്ല.

പണം നൽകാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസ് കത്തിയുമായി പ്രദീപിനെ ആക്രമിച്ചത്. അഞ്ച് തവണയാണ് പ്രദീപിന്റെ നെഞ്ചിൽ ഇയാൾ കുത്തിയതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഇയാൾ സ്ഥലത്ത് നിന്ന് കടന്ന് കളയുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം കുടുംബത്തിന് കൈമാറി. ഇയാളുടെ സഹോദരന്റെ പരാതിയിൽ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.