- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാനിനെ കൊന്നത് ദിവസങ്ങളുടെ ആസൂത്രണത്തിൽ; രഞ്ജിത്തിനെ കൊന്ന പകയ്ക്ക് മണിക്കൂറുകളുടെ ആയുസും; തില്ലങ്കേരിയെ കുറ്റപ്പെടുത്തി എസ് ഡി പി ഐ; മുഖ്യമന്ത്രിയും ഇന്റലിജൻസും പരാജയമെന്ന് കേന്ദ്ര മന്ത്രി മുരളീധരൻ; മണ്ണഞ്ചേരിയിലെ അക്രമം ആലപ്പുഴയിലേക്ക് പടർന്നപ്പോൾ
ആലപ്പുഴ: ആലപ്പുഴനഗരത്തിൽനിന്ന് എട്ടുകിലോമീറ്റർ വടക്കുമാറി മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാൻ(38) കൊലചെയ്യപ്പെട്ട് 11 മണിക്കൂർ തികയുന്നതിനുമുൻപ് നഗരഹൃദയത്തിൽ ബിജെപി. നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ(45) കൊല്ലപ്പെട്ടു. രണ്ടിലും കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലിയിരുത്തൽ. പ്രതികൾ കസ്റ്റഡിയിൽ ഉണ്ടെങ്കിലും പേരു വിവരം പുറത്തു വിട്ടിട്ടില്ല. പഴുതുകൾ അടച്ചുള്ള അന്വേഷണത്തിന് വേണ്ടിയാണ് ഇത്.
ഷാനെ നാളുകളായി അക്രമികൾ നോട്ടമിട്ടിരുന്നതായി പൊലീസ് സംശയിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണു രാത്രിയിൽ വകവരുത്തിയത്. മണ്ണഞ്ചേരിയിൽ സംഘർഷമോ കൊലപാതകത്തിനുള്ള സാഹചര്യങ്ങളോ രാഷ്ട്രീയതർക്കങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാം എളുപ്പമായി. ആദ്യ കൊലപാതകത്തിനുശേഷം ബിജെപി.യുടെ ഒ.ബി.സി. മോർച്ച നേതാവ് നഗരഹൃദയത്തിലെ വീട്ടിൽ കൊലചെയ്യപ്പെട്ടത് മണിക്കൂറുകൾകൊണ്ടു നടത്തിയ ആസൂത്രണത്തിലൂടെയാണെന്നും പൊലീസ് കരുതുന്നു.
ശനിയാഴ്ചരാത്രി ഏഴരയ്ക്കാണ് എസ്.ഡി.പി.ഐ. നേതാവിനു വെട്ടേൽക്കുന്നത്. രാത്രി പന്ത്രണ്ടേമുക്കാലോടെ മരിച്ചു. ഈ ചുരുങ്ങിയ സമയത്തിനകംതന്നെ അക്രമികൾ തിരിച്ചടി ആസൂത്രണം ചെയ്തിരിക്കണം. സംഘർഷമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസിന്റെ കണ്ണുണ്ടായിരുന്നു. മുൻകരുതൽ എന്നനിലയിൽ കുറെ ബിജെപി. നേതാക്കളെ ശനിയാഴ്ച രാത്രിയിൽത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിനെ ഞെട്ടിച്ചാണ് ആലപ്പുഴയിൽ കൊല നടന്നത്. മണ്ണഞ്ചേരിയിൽനിന്ന് അകലെയായതിനാൽ ആലപ്പുഴനഗരത്തിൽ കാര്യമായ പൊലീസ് പരിശോധനയില്ലായിരുന്നു. നഗരം പൊലീസ് ശ്രദ്ധിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലാകണം അക്രമികൾ ഈ നേതാവിനെ ലക്ഷ്യമിട്ടതെന്നാണു കരുതുന്നത്.
സ്ഥലപരിചയമില്ലാത്തവർക്ക് ഈ വീട് കണ്ടെത്തുക പ്രയാസമാണ്. ഒട്ടേറെവീടുകളുള്ള സ്ഥലമാണിത്. അക്രമിസംഘത്തിനു വീടുകണ്ടെത്താൻ കൃത്യമായ സഹായം പ്രാദേശികമായി ലഭിച്ചെന്നാണു വിലയിരുത്തൽ. അതിരാവിലെയായതിനാൽ റോഡിലും പരിസരങ്ങളിലും ആളും കുറവായിരുന്നു. അങ്ങനെ കൃത്യമായ ആസൂത്രണത്തോടെയാണ് രഞ്ജിത്തിനെ വകവരുത്തിയത്.
ആർ എസ് എസിനെതിരെ എസ് ഡി പി ഐ
എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാനിന്റെ കൊലയ്ക്കു പിന്നിൽ ആർഎസ്എസ്. അക്രമിസംഘമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി. വത്സൽ തില്ലങ്കേരി ജില്ലയിൽ തങ്ങി കൊലപാതകത്തിന് ഗൂഢാലോചന നടത്തി. ആഭ്യന്തര വകുപ്പും ആർ.എസ്.എസും തമ്മിൽ ധാരണയിലാണെന്നും അഷ്റഫ് മൗലവി പറഞ്ഞു.
ബിജെപിയും സംഘപരിവാറും സമാധാനനില തകർക്കുന്നതിന് തുടക്കംകുറിച്ചിരിക്കുകയാണ്. കെ.എസ്. ഷാനെ അതിദാരുണമായാണ് ആർഎസ്എസ് കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തിന് പരിശീലനം കൊടുക്കുകയും ആസൂത്രണം നടത്തുകയും ചെയ്യുന്ന ആർഎസ്എസ് നേതാവ് വത്സൽ തില്ലങ്കേരി കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഉണ്ടായിരുന്നു. അദ്ദേഹം പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രഭാഷണം നടത്തുകയും ചെയ്തിരുന്നതായി അഷ്റഫ് മൗലവി പറഞ്ഞു.
രാഷ്ട്രീയമായി വളരാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ കലാപങ്ങൾ സൃഷ്ടിക്കുന്നതാണ് ആർഎസ്എസിന്റെ പതിവ്. അത്തരം നീക്കങ്ങൾക്ക് കേരളത്തിന്റെ ആഭ്യന്തര വകുപ്പും മൗനാനുവാദം കൊടുക്കുകയാണെന്നും അഷ്റഫ് മൗലവി ആരോപിച്ചു.
ബിജെപിക്കാർക്ക് ജീവിക്കാൻ അവകാശമില്ലെന്ന സ്ഥിതി- വി. മുരളീധരൻ
ബിജെപി പ്രവർത്തകർക്ക് കേരളത്തിൽ ജീവിക്കാൻ അവകാശമില്ലെന്ന നിലയിലേക്കാണ് കേരളത്തിലെ സ്ഥിതിഗതികളെ സംസ്ഥാന സർക്കാർ കൊണ്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ബിജെപിക്കാരനായാൽ കൊലചെയ്യപ്പെടും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുകയാണെന്നും ഒരുമാസത്തിനിടെ കേരളത്തിൽ അഞ്ച് കൊലപാതകങ്ങൾ നടന്നത് ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജൻസിന്റെയും സമ്പൂർണ പരാജയമാണ് കാണിക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ പ്രതികരിച്ചു.
ആഴ്ചകൾക്ക് മുമ്പ് പാലക്കാട് ഒരു കൊലപാതകം നടന്നു. അതിനുപിന്നിലും ഇസ്ലാമിക ഭീകരവാദികളായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒരു അക്രമസംഭവം നടന്നു. എന്നാൽ അതിനുശേഷം സംസ്ഥാന സർക്കാർ എന്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവർ വ്യക്തമാക്കണം. അക്രമങ്ങൾക്കെതിരേ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തെന്നാണ് പറയുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നവരാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ പറയുന്നത്. ഇന്റലിജൻസ് സംവിധാനവും പട്രോളിങ്ങും ശക്തമാക്കുന്നതിന് പകരം അക്രമികൾക്ക് വളംവെച്ച് കൊടുക്കുന്ന സമീപനമെടുത്തതിന്റെ ഫലമാണ് ആലപ്പുഴയിലെ കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.
എന്ത് ചെയ്താലും അക്രമികൾക്ക് സംരക്ഷണം ലഭിക്കുമെന്ന സന്ദേശം മുൻകാല അനുഭവങ്ങളിലൂടെ ലഭിച്ചു. ഒരുമാസത്തിനിടെ അഞ്ച് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും ഇന്റലിജൻസിന്റെയും സമ്പൂർണ പരാജയമാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രി അക്രമികൾക്ക് വളംവെച്ചുകൊടുക്കുന്ന സമീപനം അവസാനിപ്പിച്ച് അക്രമികളെ കർശനമായി നേരിടാനുള്ള നിലപാട് സ്വീകരിക്കണം. അതിലൂടെ മാത്രമേ കേരളത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നും വി.മുരളീധരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ