ന്യൂഡൽഹി: വയോധിക ദമ്പതികളെ കത്തിച്ചു കൊലപ്പെടുത്തിയ മരുമകളും കാമുകനും അറസ്റ്റിൽ. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലാണ് സംഭവം. ജനുവരി ഒന്നിന് കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

മഞ്ജീത് സിങ്, ഭാര്യ ഗുർമീത് സിങ് എന്നിവരാണ് മരിച്ചത്. മരുമകളുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മരുമകളും കാമുകനും ചേർന്ന് ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദമ്പതികളുടെ മകനായ രവീന്ദർ സിങ് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ജോലി കഴിഞ്ഞെത്തിയപ്പോൾ ഗേറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീടിനുള്ളിൽ കടന്നപ്പോൾ ദമ്പതികളെ കസേരയിൽ കെട്ടിയിട്ടശേഷം കത്തിച്ച നിലയിലും. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണത്തിൽ മരുമകളും കാമുകനും ചേർന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് മോഷണം പോയ പണവും ജുവല്ലറിയും കണ്ടെടുത്തു.