മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരിൽ ഒരാളാണ് 33കാരിയായ ഇസബെൽ മാർട്ടിനെസ്. തന്റെ ഭർത്താവിനെയും നാല് ചെറിയ കുട്ടികളെയും കുത്തിക്കൊന്ന കേസിലെ പ്രതിയുമാണവർ. എന്നാൽ അമേരിക്കയിലെ ഗ്വിന്നെറ്റ് കൗണ്ടി മജിസ്ട്രേറ്റ് ജഡ്ജായ മൈക്കൽ തോർപിന് മുന്നിൽ ഇന്നലെ വിചാരണക്കെത്തിയിരുന്നു. എന്നാൽ ഇത്രയ്ക്കും ക്രൂരമായ പ്രവർത്തി ചെയ്തിട്ടും അതിന്റെ യാതൊരു വിധത്തിലുമുള്ള കുറ്റബോധവും ഇസബെല്ലിന്റെ മുഖത്തുണ്ടായിരുന്നില്ല. നിഷ്‌ക്കരുണമായ രീതിയിൽ കൂട്ടക്കൊല ചെയ്ത് കോടതിയിൽ എത്തിയ ഈ യുവതി യാതൊരു കൂസലുമില്ലാതെയായിരുന്നു പെരുമാറിയിരുന്നത്. പുഞ്ചിരിച്ചും കൈവീശി കാണിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും തികച്ചും ഉല്ലാസവതിയായിട്ടായിരുന്നും അവർ കാണപ്പെട്ടിരുന്നത്.

ജോർജിയയിലെ ലോഗൻവില്ലെയിലെ വീട്ടിൽ വച്ചായിരുന്നു വ്യാഴാഴ്ച യുവതി അഞ്ച് പേരെ ക്രൂരമായി വക വരുത്തിയിരുന്നത്. ഇവർ മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത് തികച്ചും അനധികൃതമായിട്ടാണെന്നാണ് യുഎസ് കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് വക്താവായ ബ്രിയാൻ കോക്സ് വെളിപ്പെടുത്തുന്നത്. ഇസബെൽ നടത്തിയ കൂട്ടക്കൊലയിൽ നിന്നും പരുക്കുകളോടെ രക്ഷപ്പെട്ട കുട്ടിയാണ് ഒമ്പത് വയസുകാരിയായ ഡയാന റോമെറോ. ഡയാനയുടെ ചികിത്സാ ചെലവുകൾ താങ്ങുന്നതിനായി ഗോഫണ്ട്മീ പേജ് സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ സംസ്‌കാരത്തിനുള്ള ചെലവിനുള്ള പണവും ഇതിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

കോടതിയിൽ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് തികച്ചും സന്തോഷവതിയായിട്ടാണ് ഇസബെൽ ക്യാമറകൾക്ക് പോസ് ചെയ്തിരുന്നത്. ചിലരോട് അവർ ഡബിൽ തമ്പ്സ് അപ് കാണിക്കുകയും ചെയ്തിരുന്നു. തന്റെ മേൽ ജഡ്ജ് തോർപ് വിവിധ കേസുകൾ ചുമത്തുന്നുവെന്നറിഞ്ഞിട്ടും ഇസബെല്ലിന്റെ പ്രസരിപ്പിന് യാതൊരു വിധത്തിലുള്ള കുറവുമില്ലായിരുന്നു. തുടർന്ന് ക്യാമറകൾക്ക് മുന്നിൽ പ്രകടനം നടത്തരുതെന്ന് വരെ ജഡ്ജിന് ഇസബെല്ലിനോട് കർക്കശമായി നിർദേശിക്കേണ്ടിയും വന്നു. ഇസബെല്ലിന് കേസ് നടത്തിക്കുന്നതിനായി ഒരു അറ്റോർണിയെ നിയമിക്കാനുള്ള അവകാശമുണ്ടെന്ന് ജഡ്ജ് അറിയിച്ചെങ്കിലും തനിക്കതിന്റെ ആവശ്യമില്ലെന്നായിരുന്നു പ്രതി പ്രതികരിച്ചത്.

അറ്റ്ലാന്റയിൽ നിന്നും 30 മൈലുകൾ കിഴക്ക് മാറിയുള്ള ലോഗൻ വില്ലെയിലെ വീട്ടിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇസബെല്ലിനെ പെട്ടെന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നാണ് ഗ്വിന്നെറ്റ് കൗണ്ടി പൊലീസ് സിപിഎല്ലായ മൈക്കൽ പിഹെറെ വെളിപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയാകുമ്പോൾ ഒരു സ്ത്രീയായിരുന്നു 911 നമ്പറിലേക്ക് വിളിച്ച് കൊലയുടെ വിവരം അറിയിച്ചിരുന്നത്. അഞ്ച് പേരെയും കത്തിയുപയോഗിച്ചാണ് ഇസബെൽ വകവരുത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്. എന്നാൽ മരണത്തിന്റെ കാരണം ഒരു മെഡിക്കൽ എക്സാമിനർ അന്തിമമായി സ്ഥിരീകരിക്കുന്നതാണ്. എഫ്ബിഐ ഡാറ്റയിൽ 2014ൽ നടത്തിയ ഒരു വിശകലനം അനുസരിച്ച് കുട്ടികളെ കൊല്ലുന്ന മാതാപിതാക്കന്മാർ അമേരിക്കയിൽ വർധിച്ച് വരുകയാണ്. വർഷത്തിൽ ഇത്തരത്തിലുള്ള 500 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഒരു സ്ത്രീ തന്റെ കുടുംബത്തെ ഒന്നാകെ കൊല്ലുന്ന ഇത്തരം കേസുകൾ അപൂർവമാണെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു.