മലപ്പുറം: സ്ഥലം വീതംവെപ്പിനെച്ചൊലി ഒരു ദിവസം മുഴുവൻ നടത്തിയ ചർച്ചകളും വിഫലമാക്കിയാണ് മലപ്പുറം വണ്ടൂരിൽ യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചത്.പഴയ വാണിയമ്പലം പരേതനായ കൂറ്റൻചേരി നാരായണന്റെ മകൻ വിജേഷ് (37) ആണ് മരിച്ചത്.ഇന്നലെ വൈകീട്ടോടെയാണ് യുവാവിന് കുത്തേൽക്കുന്നത്.തുടർന്ന് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.

 

സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെ; പഴയ വാണിയമ്പലത്തുള്ള സ്ഥലം വീതംവയ്ക്കൽ സംബന്ധിച്ച് ഇന്നലെ രാവിലെ കുടുംബാംഗങ്ങൾ ചർച്ച നടത്തി ഒത്തുതീർപ്പിലെത്തി. വൈകിട്ട് വീണ്ടും ഇക്കാര്യം പറഞ്ഞ് വിജേഷും മനോജും തമ്മിൽ തർക്കം ഉണ്ടായി.

വാക്കേറ്റത്തിനിടയിൽ മനോജ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു വിജേഷിന്റെ വയറിനു കുത്തി. തടയാൻ ശ്രമിച്ച ബന്ധുക്കൾക്കു നേരെ കത്തിവീശി ബൈക്ക് ഓടിച്ചുപോയി. ഗുരുതരമായി പരുക്കേറ്റ വിജേഷിനെ മഞ്ചേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.