- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിശ്രവിവാഹത്തിന്റെ പേരിൽ തിരുവനന്തപുരത്ത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം; മർദ്ദനത്തിന് ഇരയായത് ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്ണ; സംഭവത്തിൽ ഭാര്യാസഹോദരനെതിരെ പൊലീസിൽ പരാതി
തിരുവനന്തപുരം: ദുരഭിമാനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്നു.വ്യത്യസ്ത മതത്തിലുള്ളവർ വിവാഹിതരായതിന്റെ പേരിൽ തിരുവനന്തപുരത്ത് യുവാവിന് ഭാര്യസഹോദരന്റെ ക്രൂരമർദ്ദനം.യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി ഭാര്യ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്ണയെ ഭാര്യ ദീപ്തിയുടെ സഹോദരൻ ദാനിഷാണ് മർദ്ദിച്ച്
കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഒക്ടോബർ 31-നാണ് കൊലപാതക ശ്രമം നടന്നത്.മിഥുനും ദീപ്തിയും പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒക്ടോബർ 29ന് ഇരുവരും വിവാഹം കഴിച്ചു. വീട്ടുകാരുടെ പരാതിയിൽ ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും ഭർത്താവിനൊപ്പം പോകണമെന്ന് ദീപ്തി പറഞ്ഞതോടെ കേസ് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പായതാണ്.
ഇതിന് ശേഷം സഹോദരൻ ഇരുവരേയും നേരിൽ കാണാനെത്തി. വീട്ടുകാരുമായി സംസാരിച്ച് വിവാഹം നടത്താം മതം മാറേണ്ടതില്ലെന്ന് പറഞ്ഞാണ് പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. പള്ളിയിലെത്തിയപ്പോൾ മതം മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മതം മാറാൻ ഒരുക്കമല്ലെന്ന് അറിയിച്ചു. എങ്കിൽ എത്ര പണം വേണമെങ്കിലും തരാം ബന്ധത്തിൽ നിന്നും പിന്മാറണമെന്നും മിഥുനോട് ആവശ്യപ്പെട്ടു.എന്നാൽ ബന്ധത്തിൽ നിന്നും പിന്മാറാൻ ഒരുക്കമല്ലെന്ന് മിഥുൻ പറഞ്ഞു.
തുടർന്ന് ദാനിഷ് സഹോദരിയെ പിൻതിരിപ്പിക്കാൻ ശ്രമം നടത്തി.മിഥുന് സാമ്പത്തികശേഷിയില്ലെന്നും സ്വന്തമായി ഒരു വീടുപോലുമില്ലാത്തയാളാണെന്നും ദീപ്തിയോടും സഹോദരൻ പറഞ്ഞു.ഒരു വാക്ക് പറഞ്ഞാൽ പണം കൊടുത്ത് മിഥുനെ ഒഴിവാക്കാമെന്ന് പറഞ്ഞെങ്കിലും ദീപ്തി ഭർത്താവിനൊപ്പം പോകണമെന്ന് തീരുമാനിക്കുകയായിരുന്നു.
തുടർന്നാണ് മിഥുനെ ക്രൂരമായി മർദ്ദിച്ചത്.അനുനയന ശ്രമം പരാജയപ്പെട്ടപ്പോൾ അമ്മയെ ഒന്ന് വീട്ടിൽ വന്ന് കണ്ട ശേഷം പോകാം എന്ന് പറഞ്ഞാണ് മിഥുനേയും തന്നെയും ഒപ്പം കൂട്ടി പോയതെന്നും വീടിന് സമീപത്ത് എത്തിയപ്പോൾ വാഹനം നിർത്തി പുറത്തിറങ്ങി മിഥുനിനെ മർദ്ദിക്കുകയായിരുന്നുവെന്നും ദീപ്തി പറയുന്നു. മർദ്ദനത്തിൽ മിഥുനിന്റെ കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മിഥുൻ.
മിഥുനിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച തനിക്ക് മുഖത്തും കവിളിലും വയറ്റിലും മർദ്ദനമേറ്റതായി ദീപ്തി പറഞ്ഞു. സഹോദരനെതിരേ ചിറയൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മതം മാറി വിവാഹം കഴിച്ചതിന്റെ പേരിൽ ദുരഭിമാനത്തെ തുടർന്നാണ് കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്നും പരാതിയിൽ പറയുന്നു. ജാതി വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.എറണാകുളത്ത് ഡോക്ടറാണ് ദീപ്തിയുടെ സഹോദരനായ ദാനിഷ്.
മറുനാടന് മലയാളി ബ്യൂറോ