1994ലെ അമേരിക്കൻ ലോകകപ്പിൽ സെൽഫ് ഗോളിന് വഴങ്ങിയതിന് സ്വന്തം ജീവൻ തന്നെ ബലികൊടുക്കേണ്ടി വന്ന ആന്ദ്രെ എസ്‌കോബാർ എന്ന കൊളംബിയൻ താരമാണ് ഫുട്ബോൾ ചരിത്രത്തിലെ രക്തസാക്ഷി. സ്വന്തം ടീമിന്റെ തന്നെ ആരാധകനാണ് എസ്‌കോബാറിനെ വെടിവച്ചു കൊന്നത്. അതേ കൊളംബിയയിൽ മറ്റൊരു ഫുട്‌ബോൾ താരത്തിനു കൂടി ഇത്തരത്തിൽ വധശ്രമത്തെ നേരിടേണ്ടി വന്നത് ഫുട്‌ബോൾ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ് കൊളംബിയൻ ലീഗ് താരമായ യുവൻ സെബാസ്റ്റ്യൻ ക്വിന്റരോയ്ക്കു നേരേയാണ് ആരാധകർ വെടിയുതിർത്തതെങ്കിലും താരം തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു.

മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ക്വിന്റരോയ്ക്കു നേരെ വധശ്രമം നടന്നത്. ക്ലബിന്റെ തന്നെ ലോഗോയുള്ള ടീഷർട്ട് അണിഞ്ഞ ചെറുപ്പക്കാരാണ് ക്വിന്റോയ്ക്ക് നേരെ ആക്രമണം നടത്തിയത്. സംഭവത്തിന് തൊട്ടു മുമ്പു നടന്ന മത്സരത്തിൽ ക്വിന്റരോയുടെ ടീമായ ഡിപോർടിവോ കാലി ഒരു ഗോളിന് ഡിപോർടിവോ പാസ്റ്റയോടു തോറ്റ് തരം താഴ്‌ത്തപ്പെട്ടിരുന്നു. ഇതിനു ശേഷം ഗാലറിയിൽ നിന്ന് ആരാധകർ തന്നെ കളിക്കാർക്കു നേരെ ചീമുട്ടയെറിയുകയും നേരിയ തോതിൽ കളിക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.

മത്സരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ് 23 വയസുകാരനായ ഫുട്‌ബോൾ താരത്തിനു നേരെ വധശ്രമം നടക്കുന്നത്. 'വീട്ടിലേക്ക് പോകുന്നത് കാറിൽ കയറുമ്പോൾ കാറിനെടുത്തേക്ക് ഒരാൾ വന്ന് തോക്കു ചൂണ്ടി വെടിവയ്ക്കാൻ തയ്യാറെടുക്കുകയുമായിരുന്നു. ക്ലബിന്റെ ലോഗോ പതിച്ച ടീഷർട്ട് ധരിച്ച അക്രമിയുടെ ലക്ഷ്യം മനസിലായതോടെ ഉടൻ തന്നെ താൻ കാറുമെടുത്ത് രക്ഷപ്പെടുകയായിരുന്നു. കാറെടുത്ത് പാഞ്ഞുവെങ്കിലും അപ്പോഴേയ്ക്കും അയാൾ വെടിയുതിർത്തിരുന്നു. കാറിന്റെ ഡോറിൽ വെടിയുണ്ട പതിച്ചതിനാൽ ഭാഗ്യത്തിന് ഞാനും സഹോദരനും രക്ഷപ്പെടുകയായിരുന്നു.' ക്വിന്റരോ വെളിപ്പെടുത്തി.

തനിക്കും സഹകളിക്കാരായ നിക്കോളാസ് ബെനിഡിറ്റി, ജെയ്‌സൺ ആങ്കോളോ എന്നിവർക്കും മത്സരത്തിനു ശേഷം ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്നും ക്വിന്റരോ വ്യക്തമാക്കി. മയക്കു മരുന്നും തോക്കും അരങ്ങുവാഴുന്ന ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ മുമ്പും പല തവണ കളിക്കാർക്കു നേരേ വധ ഭീഷണി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ജപ്പാനെതിരേ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് കൊളംബിയൻ താരം കാർലോസ് സാഞ്ചസിന് വധഭീഷണി ഉയർന്നിരുന്നു.

കൊളംബിയയുടെ ആദ്യ മത്സരത്തിൽ ഷിൻജി കഗാവയുടെ ഷോട്ട് കൈ കൊണ്ട് തടഞ്ഞതിന് ജപ്പാനെതിരെ മൂന്നാം മിനിറ്റിൽ തന്നെ സാഞ്ചസിന് ചുവപ്പ് കാർഡ് കാണേണ്ടിവന്നു. ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി സാഞ്ചസിനെ വധിക്കണമെന്ന് ആഹ്വാനം ഉയരുകയായിരുന്നു. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പറഞ്ഞാണ് സാഞ്ചസിനെതിരേ വധഭീഷണി ഉയർന്നത്. മറ്റൊരു കൊളംബിയൻ ഫുട്‌ബോൾ താരമായ അലക്‌സാൻഡ്രോ പെനറൻഡ (24) ജൂൺ മാസത്തിൽ വെടിയേറ്റു മരിച്ചിരുന്നു.

കലി നഗരത്തിൽ വച്ച് ഫുട്‌ബോൾ താരങ്ങൾ പങ്കെടുത്ത പാർട്ടിക്കിടെയായിരുന്നു സംഭവം. പെനറൻഡയേയും സഹതാരത്തേയും വെടിവച്ചശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. 1994 ലോകകപ്പിന്റെ കണ്ണീരോർമയായ എസ്‌കോബാറിനെ ക്വിന്റരോ സംഭവം വീണ്ടും ഓർമിപ്പിക്കുകയാണ്. ഫുട്‌ബോൾ ലഹരി മൂത്ത് കളിക്കാരുടെ തന്നെ ജീവനെടുക്കുന്ന സംഭവം കൊളംബിയയിൽ പേടിപ്പെടുത്തുന്ന കാര്യമായി തീർന്നിരിക്കുന്നു.