ലാസ് വേഗസ്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രമ്പിനു നേരെ വധശ്രമം നടത്തിയത് ബ്രിട്ടീഷ് വംശജനായ 19കാരൻ. ട്രമ്പിന്റെ തെരഞ്ഞെടുപ്പു റാലിക്കിടെ ഒരു പൊലീസ് ഓഫീസറുടെ തോക്ക് തട്ടിയെടുത്ത് ട്രമ്പിനെ വധിക്കാൻ ശ്രമിക്കുകയായിരുന്നു.

മൈക്കിൾ സ്റ്റീവൻ സാൻഡ്ഫോർഡ് എന്ന യുവാവാണ് ട്രഷർ ഐലൻഡ് കാസിനോയിൽ നടന്ന റാലിക്കിടെ അറസ്റ്റിലായത്. ട്രമ്പിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മൈക്കിൾ ഒരു പൊലീസ് ഓഫീസറെ സമീപിച്ചത്.

ട്രംപിനെ വധിക്കാൻ ഒരു വർഷത്തിലേറെയായി താൻ പദ്ധതിയിട്ട് ശ്രമിച്ചുവരികയാണെന്നും അവസരം കിട്ടിയപ്പോൾ അതിനു ശ്രമിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞെന്നാണ് കോടതിയിൽ നിന്നുള്ള റിപ്പോർട്ട്. നവേഡയിലെ കോടതിയിൽ ഹാജരാക്കിയ മൈക്കിളിനെ ജൂലൈ അഞ്ചു വരെ റിമാൻഡ് ചെയ്തു. നിരോധിത മേഖലയിൽ അക്രമത്തിന് ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജഡ്ജിക്കു മുമ്പാകെ ഹാജരാക്കിയ ഇയാൾ അപേക്ഷ സമർപ്പിക്കാനും തയ്യാറായിരുന്നില്ല.

താൻ കാലിഫോർണിയയിൽ നിന്നും ലാസ് വേഗസ്സിൽ എത്തിയത് ട്രംപിനെ കൊല്ലാനാണെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലാസ് ലാഗസ്സിലെ റാലിക്കിടയിൽ തന്റെ പദ്ധതി നടപ്പാക്കാൻ കഴിയാതെ വന്നാൽ വീണ്ടും ട്രംപിനെ കൊല്ലാനായ് ഫീനിക്സിലെ റാലിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റും വാങ്ങിയിരുന്നതായി ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.

മുമ്പ് തോക്ക് ഉപയോഗിച്ചിട്ടില്ലാത്ത യുവാവ് ജൂൺ 17 ലാസ് വേഗസ്സിലെ ഒരു ഷൂട്ടിങ് റേഞ്ചിൽ പോയി വെടിവയ്ക്കുന്നതിന്റെ ബാലപാഠങ്ങൾ മനസിലാക്കിയിരുന്നു. റാലിക്കിടെ ലോക്കു ചെയ്യാത്ത നിലയിൽ ഒരു ഓഫീസറുടെ തോക്ക് കണ്ടപ്പോൾ അത് കൈക്കലാക്കി ട്രമ്പിനെ വെടിവയ്ക്കാമെന്നു കരുതുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ഒന്നരോ രണ്ടോ റൗണ്ടു മാത്രമേ വെടിവയ്ക്കാൻ കഴിയുകയുള്ളൂ എന്നും താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും മൈക്കിളിന് ബോധ്യമുണ്ടായിരുന്നുവെന്ന് കോടതി രേഖയിൽ പറയുന്നു.