- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയ്ക്കലിലെ വീട്ടമ്മയുടെ കൊലപാതകം ഭർത്താവിന്റെ സംശയരോഗത്തെത്തുടർന്ന്; ഉമ്മുകുത്സുവിനെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചത് ഇല്ലാത്ത കാമുകന്റെ പേര് പറഞ്ഞ്; ഒളിവിൽ പോയ ഭർത്താവ് താജുദീനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ബാലുശ്ശേരി: കോട്ടയ്ക്കലിലെ ഉമ്മുക്കുത്സുവിന്റെ കൊലപാതകം ഭർത്താവിന്റെ സംശയരോഗത്തെത്തുടർന്നെന്ന് പൊലീസ്. ഇല്ലാത്ത കാമുകന്റെ പേര് പറഞ്ഞ് യുവതിയെ ഭർത്താവായ കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീൻ നിരന്തരമായി പീഡിപ്പിച്ചിരുന്നതായും പൊലീസിന് വ്യക്തമായി.വീര്യമ്പ്രത്ത് വാടകവീട്ടിലാണ് 31 കാരിയായ ഉമ്മുകുൽസുവിനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചു വരുത്തിയ ശേഷം താജുദ്ദീൻ തന്ത്രപരമായി മുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ഓഫ് ആണ്. ഉമ്മുകുൽസുവിനെ പ്രണയിച്ചാണ് താജുദ്ദീൻ വിവാഹം ചെയ്തത്. പിന്നീട് സംശയത്തെ തുടർന്നുള്ള ക്രൂര മർദനത്തിനു യുവതി നിരന്തരം ഇരയായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം.
താജുദ്ദീൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. സാങ്കൽപിക കാമുകനെ അന്വേഷിച്ചുള്ള പീഡനം സഹിക്കാനാകാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെയാണ് താജുദ്ദീൻ വീണ്ടും ഉമ്മുകുൽസുവിനെ കൂട്ടിക്കൊണ്ടു വന്നത്. കൊല്ലപ്പെട്ട യുവതിയുടെ വായിൽ രാസലായനി ഒഴിച്ചതായും വ്യക്തമായിട്ടുണ്ട്. ഇതു വീണ് യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു.
യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞതു മുതൽ പൊലീസ് താജുദ്ദീനെ പിടികൂടുന്നതിനായുള്ള ശ്രമത്തിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രിമിനൽ സംഘങ്ങളാണ് ഇയാളെ സംരക്ഷിക്കുന്നതെന്ന് പൊലീസിനു വ്യക്തമായിട്ടുണ്ട്.ഒളിവിലുള്ള ഭർത്താവിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
മറുനാടന് മലയാളി ബ്യൂറോ