കൊച്ചി: നെടുമ്പാശേരി ചെറിയ വാപ്പാലശേരിയിൽ അതിഥി തൊഴിലാളി ശ്രീധറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്് ഇയാളുടെ സുഹൃത്തുക്കളും ഒഡീഷാ സ്വദേശികളുമായ ചഗല സുമൽ (26), ആഷിഷ് ബഹുയി (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയായിരുന്നു ശ്രീധർ കൊല്ലപ്പെട്ടത്. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് ശ്രീധറിനെ കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽകെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നു.

ഇവർ ഒരുമിച്ചാണ് താമസം. വാപ്പാലശേരിയിലെ ഒരു കാർട്ടൺ കമ്പനിയാലാണ് മൂന്നു പേരും ജോലി ചെയ്തിരുന്നത്. ജോലിക്കിടയിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. മറ്റു തൊഴിലാളികൾ ഇടപെട്ടാണ് അത് തീർത്തത്. രാത്രി മദ്യപിച്ച ശേഷം വീണ്ടും ബഹളം ഉണ്ടാവുകയും അതുകൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടു പോയി ഇടുകയുമായിരുന്നു. ട്രെയിൻ കയറിയിറങ്ങിയ മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കാണപ്പെട്ടത്.

രാത്രി പന്ത്രണ്ടു മണിയോടെ ശ്രീധർ ഫോൺ ചെയ്ത് പുറത്തേക്ക് പോകുന്നതു കണ്ടെന്നും പിന്നീട് തിരികെ വന്നില്ലെന്നുമാണ് പിടിയിലായവർ ആദ്യം പൊലീസിനോടു പറഞ്ഞത്. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം തെളിയുകയായിരുന്നു.
കുറച്ചു മാസങ്ങൾക്കു മുമ്പ് ശ്രീധർ തന്നെയാണ് നാട്ടിൽ നിന്നും ഇവർ രണ്ടുപേരെയും കേരളത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. ജോലിവേണമെന്ന് ആവശ്യവുമായി സമീപിച്ച ഇരുവർക്കും താൻ ജോലിചെയ്തിരുന്ന സ്ഥപനത്തിൽ തന്നെ ശ്രീധർ ജോലിയും ശരിയാക്കി നൽകിയിരുന്നു.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് റൂറൽ പൊലീസിന്റെ നേട്ടമായി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി എം.ആർ.മധു ബാബു, എസ്‌ഐമാരായ വന്ദന കൃഷ്ണ, എ.കെ. ബഷീർ, എഎസ്ഐ വി എസ് പ്രമോദ്, സി.പി.ഒ മാരായ കെ.കെ. രാജേഷ്, എൻ.ജി ജിസ് മോൻ , ദിലീപ് കുമാർ, എം.ആർ. മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.