ബംഗളൂരു: കർണാടകയിൽ ടെലിവിഷൻ കാണുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനൊപ്പം നിന്നതിന് മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പിറ്റേന്ന് നാട്ടുകാർ വിളിച്ച് അറിയിച്ചത് അനുസരിച്ച് കുട്ടിയുടെ മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞു. അതേസമയം സംഭവത്തിൽ അമ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്നാണ് റിപ്പോർട്ട്.

ബംഗളൂരുവിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ടെലിവിഷനിൽ എന്തുകാണണമെന്നതിനെ ചൊല്ലി ഭർത്താവും പ്രതി സുധയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഭർത്താവ് ന്യൂസ് കണ്ടത് സുധ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ന്യൂസ് കാണുന്നതിൽ മകൾ അച്ഛന്റെ പക്ഷത്ത് നിന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മകളെ കൊല്ലാൻ സുധ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭർത്താവ് വീട്ടിൽ വന്നു. ഈസമയത്ത് മകൾ ടിവി കാണുകയായിരുന്നു. മകളുടെ കൈയിൽ നിന്ന് റിമോട്ട് വാങ്ങി അച്ഛൻ ന്യൂസ് കാണാൻ തുടങ്ങി. ഇതാണ് സുധ ചോദ്യം ചെയ്തത്. ന്യൂസ് കാണാൻ മാത്രമായി വീട്ടിൽ വരേണ്ടതില്ല എന്ന് സുധ പറഞ്ഞു.അച്ഛൻ ന്യൂസ് കാണുന്നതിനെ അനുകൂലിച്ച മകൾ അമ്മയോട് മിണ്ടാതിരിക്കാൻ പറഞ്ഞു. ഇതിൽ കുപിതയായ സുധ മകളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കുറ്റസമ്മത മൊഴിയിൽ പറയുന്നതായി പൊലീസ് പറയുന്നു.

ബുധനാഴ്ച രാവിലെ നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് സുധ പൊലീസിൽ പരാതി നൽകിയിരുന്നു. കടയിലേക്ക് കൂട്ടിക്കൊണ്ടുപോയ മകളെ കാണാനില്ലെന്നാണ് സുധയുടെ പരാതിയിൽ പറയുന്നത്. മൃതദേഹം കണ്ടെത്തിയതിന് ശേഷം മാതാപിതാക്കളെ പൊലീസ് വിളിച്ചുവരുത്തി. സുധയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.