ലണ്ടൻ: സ്വർഗ്ഗ ലൈംഗികതയും മയക്കുമരുന്നും അടിമയാക്കിയ ഇന്ത്യൻ വംശജന് സ്വന്തം ഭാര്യയെ കൊന്ന കുറ്റത്തിന് ജീവപര്യന്തം തടവ് ലഭിച്ചു. തന്റെ കമ്പ്യുട്ടറിൽ സ്വവർഗ്ഗ രതിയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ വീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മയക്കുമരുന്നിന്റെ ലഹരിയിൽ ഇയാൾ ഭാര്യയെ 18 തവണ കുത്തിയത്. മിൽട്ടൻ കീനെസിലെ വീട്ടിലെ സ്വീകരണമുറിയിൽ വച്ചായിരുന്നു അനിൽ ഗിൽ എന്ന 47 കാരൻ ഭാര്യ രഞ്ജിയെ കുത്തിക്കൊന്നത്. പിന്നീട് അവരുറ്റേ മൃതദേഹം ഒരു കിടക്കവിരിയിൽ പൊതിഞ്ഞ് ഗാരേജിൽ ഒളിപ്പിച്ചു. രഞ്ജിയുടെ നെഞ്ചത്തേറ്റ ആഴത്തിലുള്ള നാല് മുറിവുകളാണ് മരണകാരണമായത്.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം നടന്നത്. അനിലിന്റെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഇവരുടെ ഇടയിൽ കുറേക്കാലമായി കലഹത്തിനു കാരണമായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇയാൾ ഭാര്യയെചീത്തവിളിക്കുകയും മർദ്ദിക്കുകയുമൊക്കെ പതിവായിരുന്നു. ഒരിക്കൽ അവരുടെ തലയിലും ഇയാൾ അടിച്ചിരുന്നു. അതുകൂടാതെ പലതവണ ഇയാൾ കത്തികാട്ടി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.

രഞ്ജിയുടെ സഹോദരി അനിലുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കാൻ രഞ്ജിയോട് ആവശ്യപ്പെട്ടിരുന്നതായി ല്യുട്ടൺ ക്രൗൺ കോർട്ടിൽ നടന്ന വിചാരണക്കിടെ വെളിപ്പെടുത്തുകയുണ്ടായി. അനിൽ തന്റെ സഹോദരിയെ കൊന്നുകളയും എന്ന് ഭയമുള്ളതിനാലാണ് താൻ അത്തരത്തിലൊരു ഉപദേശം നൽകിയതെന്നും അവർ വെളിപ്പെടുത്തി. ഇക്കഴിഞ്ഞഞ്ഞ ജനുവരി 31 ന് അമിതമായ മദ്യപാനവും മയക്കുമരുന്നുപയോഗവുമായി അനിൽ മില്ട്ടൺ കീനെസിലെ എമേഴ്സൺ വാലിയിലെ വീട്ടിലെത്തി. അയാൾ കമ്പ്യുട്ടറിൽ സ്വവർഗ്ഗ രതിയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് തിരയുവാൻ ആരംഭിക്കുകയും ചെയ്തു. കൊക്കെയ്ൻ എന്നെ സ്വവർഗ്ഗരതിക്കാരനാക്കി എന്ന കീ വേർഡ് ഉപയോഗിച്ചായിരുന്നു ഇയാളുടെ തിരയൽ.

ഏതാണ്ട് രാത്രി 1 മണിയോടുകൂടി അടുത്തവീട്ടിലെ ഒരു സ്ത്രീയാണ് ഒരു സ്ത്രീ കരയുന്ന ശബ്ദം കേട്ടത്. തുടർന്ന് അടിയുടെ ശബ്ദവും കേട്ടു. ഇക്കാര്യം അവർ കോടതിയിലും പറഞ്ഞിരുന്നു. രഞ്ജിയെ കൊന്നതിനുശേഷം അനിൽ വീട് വൃത്തിയാക്കുകയും ഭാര്യയുടെ മൃതദേഹം ഒരു കിടക്കവിരിയിൽ പൊതിഞ്ഞ്, ഗാരേജിൽ ഒളിപ്പിക്കുകയും ചെയ്തു. അതിനുശേഷം സ്വീകരണമുറിയിലെ കാർപെറ്റ് ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കിയ ഇയാള കൊല്ലാനുപയോഗിച്ച കത്തികളും കഴൂകി വൃത്തിയാക്കി മാലിന്യങ്ങളിടുന്ന ബാഗിൽ നിക്ഷേപിച്ചു.

എല്ലാ തയ്യാറെടുപ്പുകളും നടത്തിയശേഷംഇയാൾ രാവിലെ പത്ത് മണിക്ക് പൊലീസിൽ വിളിച്ച് ഭാര്യയുടെ മരണവിവരം അറിയിക്കുകയയിരുന്നു. ഇന്നലെ വിചാരണയിൽ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. രഞ്ജ്ജിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്നും അതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ നിയന്ത്രണം വിട്ട് ചെയ്തതാണെന്നുമുള്ള ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. വിവാഹത്തിന്റെ ആദ്യനാളുകളിൽ ഇവർ നല്ല കുടുംബ ജീവിതമായിരുന്നു നയിച്ചതെന്ന് വിചാരണയ്ക്കിടയിൽ കോടതി നിരീക്ഷിച്ചു. എന്നാൽ ഉയർന്ന ശമ്പളമുള്ള ഐ ടി ജോലി 2011-ൽ അനിലിന് നഷ്ടമായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കൂടാതെ രഞ്ജിക്ക് ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ തുടങ്ങി.