- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബൈയിലെ സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം; പിന്നിൽ സാമ്പത്തിക തർക്കമെന്ന് കണ്ടെത്തൽ; ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ സമർത്ഥമായി കീഴ്പ്പെടുത്തി പൊലീസ്
ദുബൈ: ദുബൈയിലെ സൂപ്പർമാർക്കറ്റിൽ അറബ് വംശജനെ കുത്തിക്കൊന്ന സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പിടിയിലായ 38 വയസുകാരനെ ചോദ്യം ചെയ്ത വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേറ നായിഫിലെ ഫ്രിജ് മുറാറിർ അറബ് വംശജനായ യുവാവിനെ ഒപ്പമുണ്ടായിരുന്നയാൾ കുത്തിക്കൊന്നത്. കൊലപാതകത്തിന് ശേഷം രണ്ട് കൈകളിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സൂപ്പർമാർക്കറ്റിൽ നിരവധിപ്പേർ നോക്കിനിൽക്കെയായിരുന്നു സംഭവം.
ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ അറബ് വംശജരായ രണ്ട് പേർ ഒരുമിച്ചാണ് സൂപ്പർമാർക്കറ്റിലേക്ക് കടന്നുവന്നത്. അൽപനേരത്തിന് ശേഷം ഇവരിലൊരാൾ പുറത്തേക്ക് നടക്കുന്നതിനിടെ രണ്ടാമൻ പിന്നാലെയെത്തി ശരീരത്തിന്റെ പിൻഭാഗത്ത് നിരവധി തവണ കുത്തുകയായിരുന്നു.
കുത്തേറ്റ യുവാവ് ചോര വാർന്ന് നിലത്ത് കിടക്കുന്നതിനിടെ, പ്രതി രണ്ട് കൈയിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അടുത്തേക്ക് വരുന്നവരെ ആക്രമിക്കനൊരുങ്ങിയ ഇയാൾ സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു.
ആൾക്കൂട്ടം കണ്ട് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ അനുനയിപ്പിച്ച ശേഷം പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കുത്തേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി മറ്റാരെയും ആക്രമിക്കാതെ തന്നെ തന്ത്രപൂർവം ഇയാളെ കീഴ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് കമാണ്ടർ ഇൻ ചീഫ് അഭിനന്ദിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ