ന്യൂഡൽഹി: സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മഹേഷിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. മഹേഷിനോട് അടിയന്തരമായി കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക് നടത്തിയിരുന്ന സോനാ ജോസിനെയാണ് സെപ്റ്റംബർ 28-ന് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബർ 21 ന് ജാമ്യം അനുവദിച്ചു. സ്വന്തം പിതാവിന്റെ മുന്നിൽ വച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 75 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു എന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു.

വിവാഹബന്ധം വേർപെട്ട ശേഷം സോന 2 വർഷമായി കുരിയച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം. പഠനകാലത്ത് സോനയും മഹേഷും സുഹൃത്തുക്കളായിരുന്നു. പിന്നീട് മഹേഷിന്റെ നിർബന്ധത്തിൽ കുട്ടനെല്ലൂരിൽ ക്ലിനിക് തുടങ്ങി. ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈന്റെ നിർമ്മാണച്ചെലവ് സംബന്ധിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് കേസ്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ഹാജർ ആയി. സോനയുടെ പിതാവ് ജോസിന് വേണ്ടി അഭിഭാഷകൻ ജയ്‌മോൻ ആൻഡ്രൂസും മഹേഷിന് വേണ്ടി അഭിഭാഷകൻ രാകേന്ദ് ബസന്തും ഹാജർ ആയി.

സംഭവം ഇങ്ങനെ

2020 ഒക്ടോബറിലാണ് ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റു മരിച്ചത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ക്ലിനിക്കിൽ വച്ചാണ് ുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനിൽക്കെയാണു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ആശുപത്രിയിൽ മരണമടയുകയായിരുന്നു.

സോനയുടെ കുരിയച്ചിറയിലെ ഫ്‌ളാറ്റിൽ ഒരുമിച്ച് താമസിക്കവേ ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതു മഹേഷ് ആയിരുന്നു. 7 ലക്ഷം രൂപയുടെ പണി നടത്തിയതിനു പലപ്പോഴായി 22 ലക്ഷം രൂപ വാങ്ങി. ചെലവാക്കിയ തുക ഇനിയും ലഭിക്കാനുണ്ടെന്നു മഹേഷും ഇരട്ടിയിലേറെ തുക നൽകിയെന്നു സോനയുടെ ബന്ധുക്കളും പറയുന്നു. തർക്കമുണ്ടായതിനെ തുടർന്നു സോന പൊലീസിൽ പരാതി നൽകിയിരുന്നു. ഒത്തുതീർപ്പു ചർച്ചയ്ക്കു ക്ലിനിക്കിലെത്തിയ മഹേഷ്, തർക്കത്തിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. സോനയുടെ ബന്ധുക്കളുടെയും മഹേഷിന്റെ സുഹൃത്തുകളുടെയും മുൻപിലായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്നു കടന്ന പ്രതി കാർ കൂർക്കഞ്ചേരിയിൽ ഉപേക്ഷിച്ച് ഒളിവിൽ കഴിയുകയായിരുന്നു.