- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസൂറിന്റെ വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം; പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകൾക്ക് തീയിട്ടു; മൂന്നു സിപിഎം അനുഭാവികളുടെ കടകൾ അടിച്ചുതകർത്തു; വിലാപയാത്ര വൻജനാവലിയുടെ സാന്നിധ്യത്തിൽ; ലീഗ് പ്രവർത്തകന്റെ മരണകാരണം ബോംബേറിനെ തുടർന്ന് ഇടതുകാൽമുട്ടിന് താഴെയുണ്ടായ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പത്തുപ്രതികളെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പൊലീസ് മേധാവി
കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയ്ക്കിടെ പരക്കെ അക്രമം. പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ്, ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾ എന്നിവ തീവെച്ച് നശിപ്പിച്ചു. ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികൾ വാരിവലിച്ച് പുറത്തിട്ട് കത്തിച്ചു. സിപിഎം അനുഭാവികളുടെ മൂന്ന് കടകൾ അടിച്ചു തകർത്തു.
മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് 6.45 മുതൽ 7.20 വരെ പെരിങ്ങത്തൂർ ടൗണിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമം അരങ്ങേറിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലെ സാധനങ്ങൾക്കാണ് അക്രമികൾ തീയിട്ടത്. ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു
വൻജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര കടന്നുപോകുന്നത്. കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ട് ബോംബേറിൽ തകർന്നു പോയിരുന്നു. ഈ മുറിവ് തുന്നിച്ചേർക്കാൻ സാധിക്കാത്തതു മൂലം രക്തം വാർന്നു പോയതും മരണത്തിന് കാരണമായതാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയതുകൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം 22കാരനായ മൻസൂറിനെ അച്ഛന്റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്ന എന്നാണ് സാക്ഷി മൊഴികളുള്ളത്. ബോംബെറിഞ്ഞാണ് ആക്രമണം എന്നതിനാൽ തന്നെ ആക്രമണത്തിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. യുഡിഎഫ് അടക്കമുള്ള കക്ഷികളും ഈ ആരോപണമാണ് ഉന്നയിക്കുന്നത്.
ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ മൻസൂർ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിന്റെ സഹോദരനായ മൻസൂറിനും വെട്ടേൽക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ടാർഗെറ്റ് ചെയ്തിരുന്നെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹസിൻ പറയുന്നത്. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. നിലവിളി ശബ്ദം കേട്ടപ്പോൾ നാട്ടുകാർ ഓടിയെത്തിയപ്പോൾ ആക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അതിൽ ഒരാളെ താൻ പിടിച്ച് വെച്ചു. പിടികൂടിയാളെ വിട്ടുകിട്ടാൻ പ്രതികൾ ബോംബെറിയുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നത് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരാണെന്നും അക്രമികളെ എല്ലാവരെയും പരിചയമുണ്ടെന്നും മുഹസിൻ പറഞ്ഞു.
മൻസൂറിനെ വെട്ടിക്കൊന്ന കേസിൽ സിപിഎം പ്രവർത്തകൻ ഷിനോസ് പിടിയിലായിരുന്നു. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. 20 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുഹസിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മൻസൂറിന് നേരേ ആക്രമണം അഴിച്ചുവിട്ടത്. പേര് ചോദിച്ചറിഞ്ഞ ശേഷമാണ് അക്രമികൾ വെട്ടിയതെന്നായിരുന്നു സാക്ഷി മൊഴി.
തന്റെ കൺമുന്നിൽ വച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് മൻസൂറിന്റെ പിതാവ് മുസ്തഫ പറഞ്ഞു. ഒരു വലിയ സംഘം മകനെ വീട്ടിൽനിന്ന് വലിച്ചിറക്കിയെന്നും അത് തടയാൻ ചെന്ന ഇളയ മകനെ വെട്ടിയെന്നും മുസ്തഫ പറഞ്ഞു. പേരു ചോദിച്ച് ഉറപ്പാക്കിയശേഷമാണ് വെട്ടിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചത്. മകൻ സജീവ രാഷ്ട്രീയ പ്രവർത്തകനല്ല. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്.
മൺസൂറിന്റെ കാൽ പൂർണമായും അറ്റുപോകാറായ നിലയിലായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുല്ലൂക്കര ഭാഗത്ത് അങ്ങനെ പറയത്തക്ക സംഘർഷങ്ങളൊന്നും ഉണ്ടാകാറില്ല. സാധാരണ തെരഞ്ഞെടുപ്പുകളിലുണ്ടാകുന്നതുപോലെ ചെറിയ വാക്കുതർക്കങ്ങളൊക്കെയേ ഇവിടെ ഉണ്ടാകാറുള്ളൂ. മൻസൂറിനും മുഹ്സിനുമൊന്നും ഭീഷണിയൊന്നുമുണ്ടായിരുന്നില്ല. ഇവിടെ എല്ലാവരും സഹകരണ മനോഭാവത്തോടെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്.
കൊലപാതകത്തിലെത്താനുള്ള കാര്യങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. ഈ കൊലപാതകത്തിന്റ പിന്നിലെന്താണെന്ന് ആർക്കും അറിയില്ല. നേരത്തേ പദ്ധതിയിട്ട രീതിയിലായിരുന്നു അവരെത്തിയത്. പത്തിരുപത്തഞ്ച് പേർ സംഘത്തിലുണ്ടായിരുന്നു. അടുത്ത വീടുകളിലെ ആളുകളൊക്കെ ഈ ആൾക്കൂട്ടത്തെ കണ്ടിരുന്നുവെന്നും മുസ്തഫ പറഞ്ഞു.
മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു. പത്തിലധികം പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കമ്മീഷ്ണർ അറിയിച്ചു. മുസ്ലിംലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയും സിപിഎം പ്രവർത്തകനുമായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും കമ്മീഷണർ ഇളങ്കോ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ