ദുബായ്: പുതുവത്സരാഘോഷത്തിനിടെ ദുബായിലെ ലേബർ ക്യാമ്പിൽ മലയാളി യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് ദുബായ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളികളടക്കം മൂന്ന് പേരെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കായിക്കര കുന്നുംപുറത്ത് ചരുവിളപുത്തൻവീട്ടിൽ ജയിംസിന്റെയും അമ്മിണിയുടെയും മകൻ ഷിബുവാണ് (35) കൊല്ലപ്പെട്ടത്.

താമസിക്കുന്ന ബഹുനിലകെട്ടിടത്തിൽ നിന്ന് വീണ് മരിച്ചെന്നായിരുന്നു റിപ്പോർട്ട്. ഷിബുവിന്റെ മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിലാണ് പൊലീസ് എത്തിയപ്പോൾ കണ്ടത്. ആദ്യം സ്വാഭാവിക മരണമെന്ന് പൊലീസ് കരുതിയെങ്കിലും പിന്നീട് ലഭിച്ച ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേരെ ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മലയാളികളിൽ ഒരാൾ തിരുവനന്തപുരം സ്വദേശിയും മറ്റൊരാൾ മലബാറുകാരനുമാണ്. മൂന്നാമൻ ഹിന്ദിക്കാരനാണ്. ഇവർ ഷിബുവിനോടൊപ്പം ജോലി ചെയ്യുന്നവരാണ്.

ഷിബു പലർക്കായി 16 ലക്ഷം രൂപ കടം നൽകിയിരുന്നു. കടംവാങ്ങിയവരും പൊലീസ് കസ്റ്റഡിയിൽ എടുത്തവരും ഉൾപ്പെടുന്നു. പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ സുഹൃത്തുക്കൾ പുതുവർഷാഘോഷത്തിനിടെ ഷിബുവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ദുബായ് പൊലീസ് സംശയിക്കുന്നത്. ഡിസംബർ 31ന് രാത്രിയായിരുന്നു സംഭവം. ആഘോഷത്തിൽ പങ്കെടുത്ത മറ്റ് മലയാളികൾ സംഭവത്തെ കുറിച്ച് പൊലീസിന് രഹസ്യ വിവരം നൽകുകയായിരുന്നു. ഇതോടെയാണ് കൊലപാതകം തെളിഞ്ഞത്.

ദുബായിലെ ട്രൻസകാർഡ് കമ്പനിയിൽ പ്ലംബിങ് തൊഴിലാളിയായിരുന്ന ഷിബുവിന് ഏതാനും മാസം മുമ്പ് ഫോർമാനായി ജോലിക്കയറ്റം കിട്ടിയിരുന്നു. അടുത്തിടെ നാട്ടിൽ വന്ന് മടങ്ങിയിരുന്നു. ഭാര്യ റീന. മക്കൾ ഷാരോൺ, ആരോൺ