തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച തമിഴ്‌നാട് സ്വദേശി മുരുകന് വെന്റിലേറ്റർ നിഷേധിച്ചെന്ന് മെഡിക്കൽ റിപ്പോർട്ട്. വെന്റിലേറ്റർ ഒഴിവില്ലെന്ന കാരണം പറഞ്ഞാണ് മുരുകനെ തിരിച്ചയച്ചത്. എന്നാൽ ആ സമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് അയച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുരുകന്റെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻകുമാർ ഉത്തരവിട്ടിരുന്നു. സംഭവസമയം അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷൻ തിയേറ്ററിൽ ഒരു വെന്റിലേറ്റർ മറ്റൊരു രോഗിക്കു വേണ്ടി റിസർവ് ചെയ്തിരുന്നതായാണ് സൂചന. ട്രാൻസ്പ്ലാന്റ് ഐസിയുവിൽ മറ്റൊരു ട്രാൻസിറ്റ് വെന്റിലേറ്ററും ലഭ്യമായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ലഭ്യമല്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ചാത്തന്നൂർ അസി.കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പുലർച്ചെ വാഹനാപകടത്തിൽ അത്യാസന്ന നിലയിൽ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. മണിക്കൂറുകളോളം ആംബുലൻസിൽ കാത്തുകിടന്നിട്ടും വെന്റിലേറ്റർ ലഭിക്കാതെ രോഗിയേയും കൊണ്ട് ആംബുലൻസ് തിരികെ പോകുകയായിരുന്നു.

ചാത്തന്നൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മുരുകൻ ചികിത്സ കിട്ടാതെ അടുത്ത ദിവസം രാവിലെയാണ് മരിച്ചത്. തിരുനൽവേലി ജില്ലയിലെ രാധാപുരം താലൂക്കിൽ കുറൈകുടിയിപ്പ് സ്വദേശിയാണ് മുരുകൻ. നാട്ടിലും വാടകവീട്ടിലാണ് മുരുകന്റെ കുടംബം താമസിക്കുന്നത്. പഴകിദ്രവിച്ച ഒരു കുടിലാണിത്. മുരുകൻ എത്തിച്ചു കൊടുക്കുന്ന തുക മാത്രമായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം.

മുരുകൻ അപകടത്തിൽ ഗുരുതര പരുക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ ആറ് ആശുപത്രികളിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതെപോയതു സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തൊട്ടടുത്ത ദിവസം പോസ്റ്റ്‌മോർട്ടം ചെയ്യാൻ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമാക്കാതിരുന്നതും വിവാദമായിരുന്നു. ഈ സംഭവങ്ങളെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മുരുകന്റെ കുടുംബത്തോടു സംസ്ഥാനത്തിനു വേണ്ടി മാപ്പു പറയുകയും സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.