തിരുവനന്തപുരം : റെയിൽവേയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വർഷങ്ങളായി പലരിൽ നിന്നായി ഒരാൾ തട്ടിയെടുത്തത് നാല് കോടിയോളം രൂപ, അതും റെയിൽവേയിലെ മെക്കാനിക്കൽ ജീവനക്കാരൻ, കേട്ടാൽ സിനിമാ കഥയെന്ന് തോന്നുമെങ്കിലും സിനിമയെ വെല്ലുന്ന കഥയാണ് റെയിൽവേയിലെ മുരുകേശന്റേത്. റെയിൽവേ മെക്കാനിക്കൽ സെക്ഷൻ ജീവനക്കാരൻ നാഗർകോവിൽ സ്വദേശിയാണെങ്കിലും വർഷങ്ങളായി തമ്പാനൂർ റെയിൽവേ ക്വാർട്ടേഴ്സ് ഹൗസ് നമ്പർ 132ലാണ് താമസം.

വർഷങ്ങളായി തട്ടിപ്പ് തുടങ്ങിയ മുരുകേശപിള്ളയുടെ കഥ റെയിൽവേയിൽ എല്ലാവർക്കും അറിയാം. റിക്രൂട്ടർ മുരുകൻ എന്ന് അറിയപ്പെടുന്നത്. എന്നാൽ എസ്ആർഎംയു നേതാവായ ഇദ്ദേഹത്തിന് എല്ലാ സഹായങ്ങളും ലഭിച്ചിരുന്നു. അതിനാൽ മറ്റുപലർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. മുരുകേശൻ വാങ്ങുന്ന പണത്തിന്റെ നല്ലൊരു പങ്ക് മറ്റാരെങ്കിലും കൈപ്പറ്റിയിരുന്നോയെന്നാണ് പ്രധാനമായും സംശയിക്കുന്നത്.

മണക്കാട് സ്വദേശി അനൂപിന്റെ പരാതിയിലാണ് ഇപ്പോൾ മുരുകേശനെ പൊലീസ് അറസ്റ്റിലായത്. റെയിൽവേയിൽ കൊമേഴ്സ്യൽ ക്ളാർക്കായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2020 നവംബറിൽ അനൂപിൽ നിന്ന് റെയിൽവേ ഫ്ളാറ്റിൽവച്ച് രണ്ട് ലക്ഷം രൂപ നേരിട്ടും ഡിസംബറിൽ രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും വാങ്ങിയെന്നാണ് പരാതി. മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാതായതോടെയാണ് അനൂപ് തമ്പാനൂർ പൊലീസൽ പരാതി നൽകിയത്. അനൂപിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയി. അനൂപിന്റെ പരാതിയിൽ മുരുകേശൻ പിള്ളയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സമാനതട്ടിപ്പിനിരയായ 17 പേരും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകി. ദിവസങ്ങൾക്കുള്ളിൽ ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചു.

തട്ടിപ്പിന് ശേഷം സഹപ്രവർത്തകയുടെ വീട്ടിൽ വാടകയ്ക്കായിരുന്നു മുരുകേശൻ പിള്ളയുടെ താമസം. മുരുകേശൻ കഴിഞ്ഞദിവസം ഫോർട്ടിൽ സഹപ്രവർത്തകയുടെ വീട്ടിലെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഫോർട്ട് പൊലീസാണ് ഇയാളെ പിടികൂടി തമ്പാനൂർ പൊലീസിന് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജോലിവാഗ്ദാനം മാത്രമല്ല. ജീവനക്കാർക്ക് സ്ഥലം മാറ്റം വാഗ്ദാനം ചെയ്തും പണം വാങ്ങും. ഇതിൽ ചിലത് നടക്കാറുണ്ട്. അതിനാലാണ് കൂടുതൽ പേർ പണം നൽകിയതെന്നാണ് വിവരം.

മെക്കാനിക്കൽ ക്ലാസ് രണ്ട് ജീവനക്കാരനായിരിക്കെ ഇയാൾ ജീവനക്കാരോട് സ്ഥലംമാറ്റം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ടായിരുന്നു. പണം നൽകാൻ ഒരി ജീവനക്കാരി വിസമ്മതിച്ചതിനെ തുടർന്ന് അവരെ ഭീഷണിപ്പെടുത്തി. അവർ മുഖ്യമന്ത്രിക്കും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്കും പരാതി കൊടുത്തു. പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെ വകുപ്പ് തല നടപടിക്ക് ശുപാർശ നൽകി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ മുരുകേശനെ സർവീസിൽ നിന്ന് തരംതാഴ്‌ത്തി കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയെങ്കിലും സംഘടന സ്വാധീനം ഉപയോഗിച്ച് കൊച്ചുവേളിയിൽ ഹെൽപ്പർ തസ്തികയിൽ ജോലി ചെയ്യവേയാണ് ജോലി തട്ടിപ്പിൽ പിടിയിലായത്.

പിൻവാതിലിലൂടെ റെയിൽവേയിൽ ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മുരുകേശൻ രണ്ട് ലക്ഷം രൂപവരെയാണ് ഒരാളിൽ നിന്ന് വാങ്ങിയിരുന്നത്. പണം നൽകിയിട്ടും ജോലി കിട്ടാതായതോടെ ആളുകൾ പരാതിയുമായി പൊലീസിനേയും റെയിൽവേ അധികൃതരേയും സമീപിക്കുകയും പൊതുനിരത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളിൽ പരാതിക്കാരെത്തിയതോടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് മുരുകേശൻ ഒളിവിൽ പോയി. ഒന്നരമാസം മുമ്പ് വീടുവിട്ട മുരുകേശൻ കഴിഞ്ഞ ദിവസം രാത്രി സഹപ്രവർത്തകയുടെ വീട്ടിലെത്തിയവിവരം ഭാര്യയാണ് പൊലീസിനെ അറിയിച്ചത്.

റെയിൽവേയിലെ ഉന്നത ജീവനക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ധരിപ്പിച്ചാണ് ആളുകളെ വിശ്വാസത്തിൽ എടുത്തിരുന്നത്. മുരുകേശനും റെയിൽവേയിൽ അനധികൃതമായാണ് നിയമനം തരപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മുരുകേശൻപിള്ളയെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. മുരുകേശൻ പിള്ളയുടെ നിയമനവും തട്ടിപ്പിൽ റെയിൽവേയിലെ ഉന്നതരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.