മസ്‌ക്കറ്റ്: രക്ഷിതാക്കളുടെ ഓപ്പൺ ഫോറത്തിൽ എതിർപ്പ് ശക്തമായതോടെ മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിലെ ഫീസ് വർധന മരവിപ്പിച്ചു. സ്‌കൂൾ ബോർഡ് ചെയർമാൻ വിൽസൺ വി ജോർജ്, ആക്ടിങ് എസ്എംസി ചെയർമാൻ റിട്ട കേണൽ ശ്രീധർ ചിതാലെ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് ഫീസ് വർധനവ് മരവിപ്പിക്കാൻ തീരുമാനമായത്.

നേരത്തെ നാലു റിയാലാണ് ഫീസ് വർധിപ്പിച്ചിരുന്നത്. എന്നാൽ രക്ഷകർത്താക്കളുടെ പ്രതിഷേധത്തെ തുടർന്ന് അതിൽനിന്ന് ഒരു റിയാൽ കുറച്ചിരുന്നു. വീണ്ടും ഓപ്പൺ ഫോറത്തിൽ പ്രതിഷേധം ശക്തമായതോടെ ഫീസ് വർധന മരവിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

കമ്പനികൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറയ്ക്കുന്ന നിലവിലെ സാഹചര്യത്തിൽ ഈ വർധനയും അംഗീകരിക്കാൻ കഴിയില്ലെന്ന് രക്ഷാകർത്താക്കൾ വ്യക്തമാക്കി. അനാവശ്യ ചെലവുകൾ കുറച്ചാൽ തന്നെ നിലവിലെ ഫീസ് തന്നെ ഈടാക്കി സ്‌കൂളിന് മുന്നോട്ടുപോകാം. ഇതു സംബന്ധിച്ച് രക്ഷാകർത്താക്കൾ രൂപം നൽകിയ സബ് കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു.

സബ്കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽന്മേൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുത്ത് സ്‌കൂൾ ഡയറക്ടർ ബോർഡിന് സമർപ്പിക്കുമെന്നും ശേഷം ഓപ്പൺഫോറം വിളിച്ചാകും അന്തിമ തീരുമാനമെടുക്കുകയെന്നും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.