മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം റൺവേ അറ്റകുറ്റ പണികൾക്കായി അടച്ചിടും. ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 5.15 മുതൽ 6.15 വരെയുള്ള ഒരു മണിക്കൂർ നേരത്തേക്കാണ് റൺവേ അടച്ചിടുകയെന്ന് ഒമാൻ എയർപോർട്‌സ് മാനേജ്‌മെന്റ് കമ്മിറ്റി വ്യക്തമാക്കി. ഈ മൂന്നു ദിവസങ്ങളിൽ 4.55നു മുൻപ് അവസാനത്തെ ഫ്ളൈറ്റ് പുറപ്പെടണമെന്നാണ് അധികൃതർ വിമാന കമ്പനികൾക്കു നിർദ്ദേശം നൽകിയിരിക്കുന്നത്.

അറ്റക്കുറ്റപ്പണി നടക്കുന്നതു സംബന്ധിച്ചു പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതു എല്ലാ വിമാന കമ്പനികൾക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. ഒരു മണിക്കൂർ നേരത്തേക്കു മാത്രം റൺവേ അടച്ചിടുന്നതിനാലും ഈ സമയത്ത് സർവ്വീസുകൾ ക്രമീകരിച്ചതിനാലും യാത്രക്കാരെ ഇതു പ്രതികൂലമായി ബാധിക്കില്ല.

കൂടുതൽ സർവീസുകൾ നടത്തുന്ന ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചതായും ഒമാൻ എയർ മീഡിയ വിഭാഗം തലവനും സീനിയർ മാനേജറുമായ ഉസ്മാൻ അൽ ഹറമി പറഞ്ഞു. അതേസമയം, റൺവേ അടച്ചിടുന്നത് വിമാനങ്ങൾ വൈകുവാൻ കാരണമാകുമെന്ന അഭിപ്രായം ഉയരുന്നുണ്ട്.