മസ്‌കത്ത്: ആഘോഷത്തിന്റെ നിറങ്ങൾ ചാലിച്ച ഉത്സവ രാവുകൾക്ക് തിരശീല യിട്ടുകൊണ്ട് മസ്‌കത്ത് ഫെസ്റ്റിവലിന് ഇന്ന് സമാപനമാകും.വിജ്ഞാനവും വിനോദവും കോർത്തിണക്കി സ്വദേശികളിലും വിദേശികളിലും ആഘോഷത്തിന്റെ നിറങ്ങൾ ചാലിച്ച 16ാം മസ്‌കത്ത് ഫെസ്റ്റിവലിനാണ്   ഇന്ന്തിരശീല വീഴുക .

അൽ അമിറാത്ത് പാർക്, നസീം ഗാർഡൻ, ഒമാൻ ഓട്ടോമൊബൈൽ ക്‌ളബ്, അൽ മദീന ആംബി തിയറ്റർ, കൾചറൽ ക്‌ളബ് എന്നിവയായിരുന്നു ഫെസ്റ്റിവലിന്റെ പ്രധാന വേദികൾ. അൽ അമിറാത്ത് പാർക്കിൽ ഒരുക്കിയ സയൻസ് വില്ലേജായിരുന്നു ഈ വർഷത്തെ പ്രധാന ആകർഷണം. '1001 കണ്ടുപിടിത്തങ്ങൾ' എന്ന പേരിൽ ഒരുക്കിയ ശാസ്ത്ര പ്രദർശനം ശ്രദ്ധേയമായി. ഇസ്ലാമിന്റെ സുവർണ കാലഘട്ടത്തിലെ കണ്ടുപിടിത്തങ്ങളെയും ശാസ്ത്ര ഗവേഷണങ്ങളെയും കേന്ദ്രീകരിച്ചാണ് ഇത് ഒരുക്കിയത്. അൽ റാസി, ഇബ്‌നു സീന, ഇബ്‌നു ഹൈതം, ഫാത്തിമ അൽ ഫഹൈയ എന്നിവരുടെ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും പ്രദർശിപ്പിച്ചിരുന്നു.

വിവിധ രാജ്യങ്ങളിലായി ഏഴു ദശലക്ഷം പേർ കണ്ട പ്രദർശനമാണ് ഒമാനിലത്തെിയത്. ന്യൂയോർക്, ലോസ് ആഞ്ജലസ്, ലണ്ടൻ, വാഷിങ്ടൻ, ഇസ്താംബൂൾ, റിയാദ്, ജിദ്ദ, ദോഹ, അബൂദബി, ഷാർജ, കസാഖ്‌സ്താൻ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പ്രദർശനമാണിത്.

അൽ അമിറാത്ത് പാർക്കിൽ സന്ദർശകർക്കുവേണ്ടി മറ്റു നിരവധി കാഴ്ചകളും ഒരുക്കിയിരുന്നു. പരമ്പരാഗത ഗ്രാമം, നാഗരിക ഗ്രാമങ്ങൾ, കാർഷിക ഗ്രാമം, ബദു വില്ലേജ്, ഒമാനിലെ പഴയകാല പ്രധാന മാർക്കറ്റുകൾ തുടങ്ങിയവ അടങ്ങുന്നതായിരുന്നു പരമ്പരാഗത വില്ലേജ്.

ജിസിസ രാജ്യങ്ങളിൽനിന്നുമുള്ള കലാകാരന്മാർക്ക് പുറമെ ഇന്ത്യ, ലബനാൻ, കസാഖ്‌സ്താൻ, തുർക്കി, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരും അൽ അമിറാത്തിൽ കരകൗശല പ്രദർശനവുമായത്തെി. വിവിധ രാജ്യങ്ങളിൽനിന്നുള്ള വാണിജ്യ പ്രദർശനങ്ങളാണ് നസീം ഗാർഡനിൽ ഒരുക്കിയത്. 400 സ്റ്റാളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കാടും വന്യമൃഗങ്ങളും അണിനിരന്ന ജംഗ്ൾ വില്ലേജായിരുന്നു മറ്റൊരു പ്രത്യേകതവിനോദ കേന്ദ്രങ്ങൾ, വെടിക്കെട്ട്, കടലും കടലിലെ ദൃശ്യങ്ങളും ഒരുക്കുന്ന ഇല്യുമിനേഷൻ വില്ലേജ് എന്നിവയും നസീം ഗാർഡന്റെ ആകർഷകമായി.