മസ്‌കത്ത്: നാളെ മുതൽ മസ്‌കത്ത് വിമാനത്താവളം യാത്രക്കാർക്കായി തുറന്നുകൊടുക്കും. വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്ന വിനോദസഞ്ചാരികളുടെ രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കാനായി പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിൽ ഇ-വിസ ഗേറ്റുകൾ ഒരുക്കിയതായി ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത അൽ മഹ്‌റൂഖി അറിയിച്ചു.

ഇതുവഴി സഞ്ചാരികൾക്ക് നീണ്ട ക്യൂ ഒഴിവാക്കാനാകും. ഒമാനിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഇ-വിസ ഗേറ്റുകളുടെ ലക്ഷ്യമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി ലോകമെങ്ങും വിസാ നടപടിക്രമങ്ങളും ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽനിന്ന് രക്ഷപ്പെടാൻ സഞ്ചാരികൾ ഇ-വിസ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അണ്ടർ സെക്രട്ടറി നിർദേശിച്ചു. വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണെങ്കിലും വിസാ നടപടിക്രമങ്ങൾ ഓൺലൈനിൽ പൂർത്തിയാക്കിവരുന്ന പക്ഷം ഇമിഗ്രേഷനിലെ തിരക്കിൽനിന്ന് മോചനം ലഭിക്കും.

വരുന്ന ബുധനാഴ്ച മുതൽ ടൂറിസ്റ്റ് വിസകൾക്കും എക്സ്‌പ്രസ് വിസകൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. http://evisa.gov.om'>http://evisa.gov.om</a> എന്ന വെബ്‌സൈറ്റ് വഴി ഇ-വിസക്ക് അപേക്ഷിക്കാം.

ഇന്ത്യയിൽനിന്നുള്ളവർക്ക് നിബന്ധനകളോടെയാണ് സ്‌പോൺസറില്ലാതെയുള്ള ഇ-വിസ ലഭ്യമാവുക. ടൂർ ഓപറേറ്റർമാർക്കും ട്രാവൽ ഏജൻസികൾക്കും തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ സൗകര്യം ലഭ്യമാക്കാമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.