ധാക്ക: ടി20 ലോകകപ്പ് സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച ട്വീറ്റ് ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റർ പുലിവാല് പിടിച്ചു. ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുൻക്യാപ്റ്റനുമായ മുഷ്ഫിഖർ റഹ്മാനാണ് ട്വീറ്റ് വിവാദമായതോടെ മാപ്പു പറഞ്ഞ് തടിയൂരിയത്. വിവാദ പോസ്റ്റുകളും ട്വീറ്റുകളും ഡിലീറ്റ് ചെയ്ത ശേഷമായിരുന്നു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മുഷ്ഫിഖർ ഖേദം പ്രകടിപ്പിച്ചത്.

ഇന്നലെ വിൻഡീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതിന് തൊട്ടു പിറകേയാണ് മുഷ്ഫിഖർ ഇന്ത്യയുടെ പരാജയത്തിൽ ആഹഌദം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. വിൻഡീസ് താരങ്ങളുടെ ആഹഌദപ്രകടനം കാണിക്കുന്ന ടിവിക്ക് മുൻപിൽ നിന്നെടുത്ത സെൽഫി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത മുഷ്ഫിഖർ ഇതാണ് സന്തോഷമെന്നും ഇനി തനിക്ക് സമാധാനമായി ഉറങ്ങാമെന്നും കുറിച്ചു.

ട്വിറ്ററിൽ ഒരു പടി കൂടി കടന്ന് ഇന്ത്യൻ ക്യാപ്റ്റൻ ധോണിയുടെ ടിവി ദ്യശ്യം പോസ്റ്റ് ചെയ്ത മുഷ്ഫിഖർ, ഇന്ത്യ സെമിയിൽ തോറ്റെന്നും ഇതാണ് സന്തോഷമെന്നും തുറന്നും പറയുകയും ചെയ്തു. മുൻക്യാപ്റ്റൻ കൂടിയായ മുഷ്ഫിഖറിന്റെ അപ്വകമായ പെരുമാറ്റത്തിനെതിരെ വിവിധ കോണുകളിൽ നിന്നു കടുത്ത പ്രതിഷേധമുയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ പൊങ്കാലയും പെരുകി. ഇതോടെയാണ് പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞു കൊണ്ട് ഖേദപ്രകടനവുമായി രംഗത്ത് വന്നത്.

എല്ലാവരോടും മാപ്പ് പറയുന്നു.... ഞാനൊരു കടുത്ത വെസ്റ്റ് ഇൻഡീസ് ആരാധകനായതിനാലാണ് ഇത് സംഭവിച്ചത്. ഞാൻ നടത്തിയ കടുത്ത പ്രയോഗങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു.... മുഷ്ഫിഖർ ട്വീറ്ററിൽ കുറിച്ചു.